കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ളതിനാല്‍ ഉഷ്ണ തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോക കാലാവസ്ഥാ സംഘടന. ജൂലൈ അവസാനത്തോടെ എല്‍ നിനോ വികസിക്കാന്‍ 60 ശതമാനം സാധ്യതയുണ്ടെന്നും സെപ്റ്റംബര്‍ അവസാനത്തോടെ അത് 80ശതമാനമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്. തെക്കേ ആഫ്രിക്കയുടെ തെക്കു ഭാഗങ്ങള്‍, തെക്കേ അമേരിക്ക, മധേഷ്യ എന്നിവയുടെ ചില ഭാഗങ്ങളില്‍ വര്‍ധിച്ച മഴയ്ക്കും, ഓസ്ട്രേലിയ, ഇന്തോനേഷ്യ, തെക്കന്‍ ഏഷ്യ ഭാഗങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും കരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. പസിഫിക് സമുദ്രോപരിതലത്തിലെ ജലത്തിന്റെ താപനില വര്‍ധിക്കുന്ന ഒരു കാലാവസ്ഥ പ്രതിഭാസമാണ് എല്‍ നിനോ. അതായത് താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. 2018-19ലാണ് ഇത് അവസാനമായി സംഭവിച്ചത്. എല്‍ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായി അറിയപ്പെടുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ എല്‍ നിനോയുടെ അഭാവത്തിലും കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.