Tue. Oct 8th, 2024

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. ഭൂമികുലുക്കമെന്ന് സംശയം. 

റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി ആര്‍ മേഘശ്രീ അറിയിച്ചു. അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. 

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.