Wed. Dec 18th, 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് വൈദ്യുത നിലയങ്ങള്‍ ഓണാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ജഹാംഗീര്‍പുരിയിൽ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകർക്കുന്നതിന്റെയും, വൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ശേഖരം താഴ്ന്ന നിലയിലായതിനാല്‍ വൈദ്യുതി വിതരണത്തില്‍ തകരാര്‍ നേരിടുന്നത്തിന്റെയും പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

“എട്ട് വര്‍ഷത്തെ വലിയ ചര്‍ച്ചയുടെ ഫലമായി രാജ്യത്ത് എട്ട് ദിവസത്തെ കല്‍ക്കരി സ്റ്റോക്ക് മാത്രമേയുള്ളൂ. മോദിജി, വിലക്കയറ്റം ഉയര്‍ന്നുവരികയാണ്. പവര്‍ കട്ട് ചെറുകിട വ്യവസായങ്ങളെ തകര്‍ക്കും, ഇത് കൂടുതല്‍ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കും. വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് പവര്‍ പ്ലാന്റുകള്‍ ഓണാക്കുക,” എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഇതിനിടെ ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നും ഒഴിപ്പിക്കൽ നടപടികൾ തുടർന്നു. കോണ്‍ഗ്രസോ, ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാളോ, സ്ഥലം എം.എല്‍.എയും മന്ത്രിസഭയിലെ അംഗവുമായ സഞ്ജയ് ഝായോ സംഭവസ്ഥലത്ത് എത്താത്തതിൽ  വിമര്‍ശനമുണ്ട്. അതേസമയം സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് സംഭവ സ്ഥലത്ത് എത്തുകയും കെട്ടിടം പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ ബൃന്ദ കാരാട്ട് തടയുകയും ചെയ്തു.