Mon. Dec 23rd, 2024
തിരുവനന്തപുരം:

ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനോടു ചേർന്ന് പ്രവർത്തിക്കുന്ന റെയിൽവേ മാലിന്യസംസ്കരണ പ്ലാന്റ് ഭക്തജനങ്ങൾക്ക് ഏറെ ദുരിതമുണ്ടാക്കുന്നെന്നു പരാതി.  ക്ഷേത്രപരിസരത്തു താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്കും ഇക്കാരണത്താൽ ഇവിടെ ജീവിക്കാനാവാത്ത സ്ഥിതിയാണ്. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം കൂടാതെ അസുഖങ്ങൾ പടർന്നു പിടിക്കുമെന്ന ആശങ്കയുമുണ്ട്.

റെയിൽവേയിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കുവാനായി കരാ൪ അടിസ്ഥാനത്തിൽ ലേലം എടുത്ത വ്യക്തിയോട് പ്ലാന്റ് ഇവിടെ നിന്ന് മാറ്റണമെന്ന് പ്രദേശവാസികളും ക്ഷേത്ര ഭരണസമിതിയും പല തവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളുന്നില്ലെന്നാണു പരാതി.  വാ൪ഡ് കൗൺസില൪, ചെന്തിട്ട ദേവി നഗ൪ റസിഡന്റ്സ്  അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവ൪ റെയിൽവേ ഡിവിഷനൽ മാനേജരെ നേരിട്ടു കണ്ടു പരാതി നൽകി.  അദ്ദേഹം എഡിഎംഇക്കു പരാതി കൈമാറിയെങ്കിലും  പിന്നീടിതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

ചെന്നൈയിലെ ഓഫിസിൽ നിന്നാണ് നടപടിയുണ്ടാകേണ്ടതെന്നു പറഞ്ഞ് അധികൃതർ കയ്യൊഴിയുകയാണെന്ന് ചെന്തിട്ട ദേവി നഗർ റസി അസോ സെക്രട്ടറി ബാലകുമരൻ പറഞ്ഞു. നവരാത്രി ഉത്സവകാലത്ത് തമിഴ്നാട്ടിൽ നിന്ന് എഴുന്നള്ളുന്ന ദേവീ ദേവന്മാരിൽ മുന്നൂറ്റി നങ്കയെ പൂജയ്ക്കിരുത്തുന്ന ചരിത്രപസിദ്ധമായ ക്ഷേത്രമാണ് ചെന്തിട്ട ഭഗവതി ക്ഷേത്രം.