Thu. Apr 18th, 2024
കൊല്ലം:

കൊവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച് ഉപജീവനമാ‍‍ർഗ്ഗം നിലച്ച കുടുംബങ്ങളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിയായ കാമധേനുവിന്‍റെ രണ്ടാം ഘട്ടംതുടങ്ങി. കൊല്ലം ജില്ലാ പഞ്ചായത്താണ് കറവപശുക്കളെ നല്‍കുന്ന കാമധേനു പദ്ധതി നടപ്പാക്കുന്നത്. കൊല്ലം കുര്യോട്ട് മലയിലുള്ള  കന്നുകാലിവളര്‍ത്തല്‍ കേന്ദ്രത്തിലെ മുന്തിയ ഇനം കറവ പശുക്കളെയാണ് പദ്ധതിയുടെ ഭാഗമായി നല്‍കുന്നത്.

പഞ്ചായത്ത് തലത്തില്‍ നടത്തുന്ന സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളാണ് പദ്ധതിക്കായി ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. കാമധേനു പദ്ധതി നടപ്പാക്കുന്നതിനായി ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം നിക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കുര്യോട്ട് മലയില്‍ നടന്ന ചടങ്ങില്‍ നാല് കൂടുംബങ്ങള്‍ക്ക് കറവ പശുക്കളെ കൈമാറി.

സബ്സിഡി നിരക്കില്‍ കാലിതീറ്റ നല്‍കുന്ന കാര്യവും ജില്ലാപഞ്ചായത്തിന്‍റെ പരിഗണനയില്‍ ഉണ്ട്. കറവപശുക്കളെ കിട്ടി അടുത്ത ദിവസം മുതല്‍ കുടുംബത്തിന് വരുമാനം ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത. ജില്ലയില്‍ ആകമാനം പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.