Mon. Dec 23rd, 2024
തോൽപെട്ടി:

തോൽപെട്ടി വന്യജീവി സങ്കേതത്തിൽ കാടിന്‍റെ സ്വാഭാവിക വളർച്ചക്ക് വില്ലനാവുന്ന കള വെട്ടിനീക്കി എൻഎസ്എസ് വളൻറിയർമാർ. നാഷനൽ സർവീസ് സ്കീം സംസ്ഥാനതലത്തിൽ നടത്തുന്ന ‘കാടും കടലും’ പരിപാടിയുടെ ഭാഗമായാണ് കോഴിക്കോട് മുക്കം ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ എൻഎസ്എസ് വളന്റിയർമാർ വനദിനത്തിൽ കള വെട്ടിമാറ്റലും ആദിവാസി ഊരുകളിൽ വസ്ത്ര വിതരണവും നടത്തിയത്. തോൽപെട്ടി വന്യജീവി സങ്കേതത്തിൽ വനം വകുപ്പ് സംഘടിപ്പിച്ച ഏകദിന പ്രകൃതി പഠന ക്യാമ്പിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി.

വന്യജീവികൾ വെള്ളം കുടിക്കാൻ വരുന്ന ജലാശയത്തിന്‍റെ ഭാഗത്ത് വളർന്ന കളകൾ വിദ്യാർഥികൾ വെട്ടിമാറ്റി. സ്വാഭാവിക വനത്തിന്‍റെ വളർച്ചക്ക് തടസ്സം വരുത്തുന്ന രീതിയിൽ വളരുന്ന കളച്ചെടികൾ വന്യജീവി സങ്കേതത്തിന്‍റെ ജൈവ വൈവിധ്യത്തിന് വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
റിസർച് സ്കോളർ നീരജ ‘പുഴയെ അറിയാം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.

എൻഎസ്എസ് വളന്റിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ പ്രദേശത്തെ ആദിവാസി ഊര് സന്ദർശിച്ച് കൈമാറി. പഠന ക്യാമ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെപി അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫിസർ ബിന്ദു, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എൻകെ സലീം, എ. അലവി അച്ചുതൊടിക, ഷഹ്നാസ് ബീഗം, നദ സാലിം, എജി ഹനാൻ, ഷമീൽ, ഫാത്തിമ ഹർസു എന്നിവർ സംസാരിച്ചു.