Wed. Nov 6th, 2024
തെൽ അവിവ്:

ഇന്ത്യയിലേക്ക് ആദ്യ ഔദ്യോഗിക സന്ദർശനത്തിന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര സഹകരണത്തിന്‍റെ 30ാം വാർഷികത്തിന്‍റെ ഭാഗമായി ഏപ്രിൽ ആദ്യവാരമാണ് പ്രധാനമന്ത്രി ബെന്നറ്റ് ഇന്ത്യ സന്ദർശിക്കുക.

‘ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണത്തിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ത്യ-ഇസ്രായേൽ ബന്ധത്തെ നല്ലനിലയിൽ ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകും’ -ബെന്നറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ശാസ്ത്രസാങ്കേതികം, സുരക്ഷ, സൈബർ സുരക്ഷ, കാർഷികം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കും. ഏപ്രിൽ രണ്ടിന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇന്ത്യയിലെത്തുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.

നേരത്തെ, ഗ്ലാസ്ഗ്ലോവിൽ നടന്ന യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.