Fri. Oct 31st, 2025
കിയവ്:

റഷ്യൻ അധിനിവേശം ജീവൻ നരകതുല്യമാക്കിയ യുക്രെയ്നിൽനിന്ന് ജീവൻ രക്ഷിക്കാൻ അയൽരാജ്യങ്ങളിലേക്ക് കടന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടതായി യു എൻ. രണ്ടാം ലോക യുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹം അടുത്തിടെ കൂടുതൽ ശക്തമായിട്ടുണ്ട്. വരും നാളുകളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് യു എൻ അഭയാർത്ഥി ഏജൻസി മേധാവി ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.

ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ മന്ദഗതിയിലായിരുന്ന പലായനം രണ്ടാം തരംഗത്തിലെത്തിയതോടെ അതിവേഗത്തിലാണ്. ലക്ഷങ്ങൾ ഓരോ ദിനവും അയൽ രാജ്യങ്ങളിലേക്ക് കടക്കുകയാണ്. സുമി, മരിയുപോൾ നഗരങ്ങളിൽ പുതുതായി മനുഷ്യ ഇടനാഴി തുറന്നത് അഭയാർഥികളുടെ ഒഴുക്കിന് വേഗം കൂട്ടുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഏറ്റവും കൂടുതൽ പേർ അഭയം തേടിയത് പോളണ്ടിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.