റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ തയ്ക്വാന്‍ഡോ ബ്ലാക് ബെല്‍റ്റ് റദ്ദാക്കി. ലോക തായ്‌ക്വോണ്ടോ ഫെഡറേഷന്‍റേതാണ് തീരുമാനം. റഷ്യയില്‍ തയ്ക്വാന്‍ഡോ മത്സരങ്ങള്‍ നടത്തില്ലെന്നും തായ്‌ക്വോണ്ടോ ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
യുക്രൈനിലെ നിരപരാധികളുടെ ജീവനുനേരെയുള്ള ക്രൂരമായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇതിനാല്‍ വ്ലാദിമിര്‍ പുടിന് നല്‍കിയ ഒമ്പതാമത് ഡാൻ ബ്ലാക് ബെൽറ്റ് പിൻവലിക്കാൻ വേൾഡ് തായ്‌ക്വോണ്ടോ തീരുമാനിച്ചു” പ്രസ്താവനയില്‍ പറയുന്നു. 2013 നവംബറിൽ ദക്ഷിണകൊറിയ സന്ദർശനവേളയിലാണ് വേൾഡ് തായ്‌ക്വോണ്ടോ ഫെഡറേഷന്റെ തലവൻ ചൗചുങ്-വോൺ റഷ്യൻ പ്രസിഡന്റിന് ബ്ലാക് ബെൽറ്റ് നൽകിയത്.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാനിരിക്കുന്ന തായ്‌ക്വോണ്ടോ മത്സരപരിപാടികളില്‍ റഷ്യയുടെയും സഖ്യകക്ഷിയായ ബെലറൂസിന്‍റെയും പതാകയോ ദേശീയഗാനമോ ഉള്‍പ്പെടുത്തില്ലെന്നും തായ്‌ക്വോണ്ടോ ഫെഡറേഷന്‍ വ്യക്തമാക്കി. റഷ്യൻ കായികതാരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) നേരത്തെ തീരുമാനിച്ചിരുന്നു. ബെലറൂസ് കായികതാരങ്ങളെയും കായികമത്സരങ്ങളിൽനിന്ന് വിലക്കാൻ ഐഒസി നിർദേശിച്ചിട്ടുണ്ട്.
പുടിന് സമ്മാനിച്ച ബഹുമതികൾ തിരിച്ചെടുക്കുമെന്ന് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ (ഐജെഎഫ്) നേരത്തെ അറിയിച്ചിരുന്നു. 2008ൽ ബഹുമാനാർഥം അദ്ദേഹത്തിന് സമ്മാനിച്ച അധ്യക്ഷ പദവിയും അംബാസഡർ എന്ന നിലയിലുള്ള അംഗീകാരവുമാണ് ഐജെഎഫിന്റെ ആഗോള ഭരണസമിതി പിൻവലിച്ചത്. ജൂഡോയിൽ ഏറെ തൽപരനായ പുടിന് 2012ൽ ഐജെഎഫ് എട്ടാമത് ഡാൻ പദവി സമ്മാനിച്ചിരുന്നു. റഷ്യയിൽ ജൂഡോയിൽ ഈ ഗ്രേഡ് ലഭിക്കുന്ന ആദ്യ വ്യക്തികൂടിയായിരുന്നു പുടിന്.