Sat. Apr 27th, 2024
മറയൂർ:

മറയൂരിൽ കുട്ടികൾക്കായുള്ള പാർക്ക് ഒരുങ്ങുന്നു. രാജീവ് ഗാന്ധി ചിൽഡ്രൻസ് പാർക്കിൽ കുട്ടികളുടെ വിനോദ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിൽ. മറയൂരിലെ ടൗണിൽ വകുപ്പിന്റെ എക്കോ ഷോപ്പിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരത്തിന്റെ ചുവട്ടിലാണ് എക്കോ ടൂറിസം പദ്ധതിയിൽ 5 ലക്ഷം രൂപയിൽ കുട്ടികൾ കളിക്കുന്നതിനായി ഉപകരണങ്ങൾ സ്ഥാപിച്ചു വരുന്നത്. വർഷങ്ങൾക്കു മുൻപ് മുതൽ രാജീവ് ഗാന്ധി ചിൽഡ്രൻസ് പാർക്ക് ഉണ്ടെങ്കിലും കളിക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല.

മറയൂർ മേഖലയിൽ ശിലായുഗ കാലഘട്ടത്തിൻറെ അവശേഷിപ്പുകളായ മുനിയറകൾ, വെള്ളച്ചാട്ടങ്ങൾ ചന്ദനക്കാടുകൾ, വന്യമൃഗങ്ങൾ, ചിന്നാർ വന്യജീവി സങ്കേതം ഉണ്ടെങ്കിലും കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള സ്ഥലം പരിമിതമാണ്. കുടുംബമായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് കുട്ടികളുടെ വിനോദത്തിന് ആവശ്യമായ ഒരുക്കും വേണമെന്ന് അഭിപ്രായം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോടി കൂട്ടി പാർക്കിനുള്ളിൽ കൂടുതൽ വിനോദത്തിന് വനം വകുപ്പ് എക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഉപകരണങ്ങൾ സ്ഥാപിച്ചു വരുന്നത്.

കൂടാതെ ഈ വർഷം തന്നെ 10 ലക്ഷം രൂപ മുടക്കി പാർക്കിനുള്ളിൽ ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്താൻ ഉള്ളതെന്ന് മറയൂർ ഡിഎഫ്ഒ എംജി വിനോദ്കുമാർ പറഞ്ഞു. പാർക്കിനുള്ളിൽ ചന്ദന മരങ്ങളും ഉണ്ട്.

കൂടാതെ തൊട്ടടുത്ത് കാടിനുള്ളിൽ പുള്ളിമാൻ കൂട്ടത്തേയും കാണാം. ഒരു നൂറ്റാണ്ട് പഴക്കമുള്ള ആൽമരച്ചോട്ടിൽ ശുചിമുറി, വനശ്രീ എക്കോ ഷോപ്പ് എന്നിവയുമുണ്ട്. ഇവിടെ വനവിഭവങ്ങളായ തേൻ, പുൽത്തൈലം, യൂക്കാലിപ്റ്റസ് തൈലം, ചന്ദനത്തൈലം, കരകൗശല വസ്തുക്കൾ ഉൾപ്പെടെ ഒട്ടേറെ ഉൽപന്നങ്ങളാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്.