Sat. May 4th, 2024
ആലപ്പുഴ:

പൂക്കളുടേയും പൂമ്പാറ്റകളുടേയും കഥകൾ കേൾക്കാൻ താത്പര്യമുള്ള പ്രായത്തിൽ ക്യാമറക്ക് പിന്നിൽ നിന്ന് നേര്‍ത്ത ചിരിയോടെ ആക്ഷനും കട്ടും പറഞ്ഞ് സംവിധായകയായി തിളങ്ങുകയാണ് നാലാംക്ലാസുകാരി. ആലപ്പുഴ കളര്‍കോ‍ഡ് പവിത്രം വീട്ടില്‍ ഗായതി പ്രസാദ്‌ എന്ന നാലാം ക്ലാസുകാരിയാണ് ആശയവും ഉള്ളടക്കവും തിരക്കഥയും എല്ലാം സ്വന്തമായി തന്നെ എഴുതിയുണ്ടാക്കി സിനിമാ സംവിധായകയുടെ കുപ്പായമണിഞ്ഞത്.

സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിൽ മനംനൊന്ത് മനസ്സിൽ കുറിച്ചിട്ട ആകുലതകളും ആശയങ്ങളും 18 മിനിറ്റ് നീളുന്ന ‘പ്രണയാന്ധം’ എന്ന ഷോട്ട് ഫിലിമിലൂടെ പകർത്തിയപ്പോൾ പിറവിയെടുത്തത് കുരുന്ന് മനസില്‍ തെളിഞ്ഞ പ്രണയകഥയാണ്. കോട്ടയം പാലായിലെ ക്യാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊന്ന സംഭവത്തിന്‍റെ പിരിമുറക്കമാണ് ഗായതിയിൽ ഇത്തരം ചിന്തകൾക്ക് വഴിതുറന്നത്.