ടെഹ്റാൻ:
ഇറാനിൽ ജലക്ഷാമത്തെ തുടർന്ന് പ്രക്ഷോഭവുമായി കർഷകർ. രാജ്യത്തെ വരൾച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന് കർഷകരും അവരെ പിന്തുണക്കുന്നവരുമാണ് സർക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ ഒത്തുകൂടിയത്. പ്രാദേശിക നദിയായ സയാന്ദേ റുദിലെ വെള്ളം മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് വിതരണം ചെയ്യുന്നതിനെതിരെ ഇസ്ഫഹാൻ പ്രവിശ്യയിലെ കർഷകർ വർഷങ്ങളായി പ്രതിഷേധിക്കുന്നുണ്ട്.
അതേസമയം, മേഖല നേരിടുന്ന ജലക്ഷാമത്തിൽ ക്ഷമാപണവുമായി ഇറാനിയൻ ഊർജ മന്ത്രി അലി അക്ബർ മെഹ്റാബിയൻ രംഗത്തെത്തിയിട്ടുണ്ട്.
“ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട കർഷകരോടും ഞാൻ മാപ്പ് ചോദിക്കുന്നു. അവരുടെ വിളകൾക്ക് ആവശ്യമായ വെള്ളം നൽകാൻ കഴിയാത്തതിൽ ഞാൻ ലജ്ജിക്കുന്നു. ദൈവത്തിന്‍റെ സഹായത്തോടെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ പ്രതിസന്ധികൾ മറികടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”- മന്ത്രി പറഞ്ഞു.