Sun. Dec 22nd, 2024

ചൈനീസ് സാങ്കേതിക വിദ്യയുടെയും നിക്ഷേപങ്ങളുടെയും മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നു

റു പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്. ഇപ്പോഴിതാ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സേനകളെ പിന്‍വലിക്കാന്‍ ധാരണയിലെത്തിയിരിക്കുകയാണ്. അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിംഗ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആഴ്ചകളോളം നീണ്ട ഇന്ത്യ-ചൈന മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സുപ്രധാന വഴിത്തിരിവുണ്ടായത്. 2020 ജൂണിലെ ഗാല്‍വന്‍ സംഘര്‍ഷത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്കാണ് ഇതോടെ ശമനമാകുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ കുറച്ചുനാളുകളായി നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ നിരന്തരം ആശയ വിനിമയം നടത്തുകയായിരുന്നെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ കരാര്‍ സ്ഥിരീകരിച്ച് പറഞ്ഞിരുന്നു.

16ാമത് ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാനിലേക്ക് തിരിക്കുന്നതിന് മുമ്പാണ് അതിര്‍ത്തി പ്രശ്‌നത്തില്‍ കരാറിലെത്തിയതായി ഇന്ത്യ അറിയിച്ചത്. ചൈനയുമായി സംഘര്‍ഷമുണ്ടായ ഡെപ്സാങ്, ഡെംചോക് മേഖലകളില്‍ റോന്തുചുറ്റാന്‍ ധാരണയായെന്നാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. ഈ മേഖലയില്‍ 2020 ല്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

ബ്രിക്‌സ് ഉച്ചകോടിയില്‍ വെച്ച് നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇരു രാജ്യങ്ങളുടേയും സമാധാനത്തിനെന്ന പോലെ ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും പുരോഗമനത്തിനും ഇന്ത്യ-ചൈന സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി അതിര്‍ത്തിയില്‍ തുടരുകയായിരുന്ന പ്രശ്നങ്ങളില്‍ സമവായമെത്തിയതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. അതിര്‍ത്തിയില്‍ ശാന്തിയും സ്ഥിരതയും പുലര്‍ത്തേണ്ടതിലായിരിക്കണം നമ്മുടെ മുന്‍ഗണന. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയായിരിക്കണം സഹകരണത്തിന്റെ അടിസ്ഥാനം.
അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം. അത് രാജ്യങ്ങളുടെ സമാധാനത്തേയോ സ്വസ്ഥതയേയോ തകര്‍ക്കരുത്.’, കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ബ്രിക്സ് ഉച്ചകോടിക്കിടെ Screengrab, Copyright: The Hindu

ഇന്ത്യയും ചൈനയും തമ്മില്‍ ആശയ വിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിങ് അഭിപ്രായപ്പെട്ടത്. നിയന്ത്രണരേഖയിലെ സേനാപിന്മാറ്റത്തിനുള്ള തീരുമാനത്തെ ഷി ജിന്‍പിങും സ്വാഗതം ചെയ്തു. അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് പരസ്പരം സ്വീകാര്യമായ പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഉന്നതതലത്തില്‍ യോഗം ചേരാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും നടപടികളുണ്ടാവും.

അഞ്ച് വര്‍ഷത്തിനിടെ ആദ്യമാണ് മോദിയും ഷി ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. 2019 ഒക്ടോബറില്‍ മഹാബലിപുരത്ത് വെച്ചായിരുന്നു അവസാന കൂടിക്കാഴ്ച. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. ശേഷം നിയന്ത്രണരേഖയില്‍ സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തിരുന്നു. 2022ല്‍ ബാലിയിലും 2023ല്‍ ജോഹന്നാസ്ബര്‍ഗിലും നടക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ വഴിമാറിപ്പോയിരുന്നു.

1962 ഒക്ടോബറില്‍ നടന്ന ഇന്ത്യാ-ചൈന അതിര്‍ത്തി യുദ്ധത്തിനുശേഷം ലഡാക്കില്‍ ഇരുരാജ്യങ്ങളുടെയും സേനകള്‍ നേരിട്ട് ഏറ്റുമുട്ടി ജീവഹാനിയുണ്ടായ സംഭവമായിരുന്നു ഗാല്‍വന്‍ താഴ്വരയില്‍ നടന്നത്. ഇന്ത്യചൈന നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരുന്ന വേളയിലാണ് സംഘര്‍ഷം ഉണ്ടായത്. സൈനിക ഏറ്റുമുട്ടലിന് ശേഷം ചൈനയ്ക്കെതിരായി നിരവധി നടപടികള്‍ ഇന്ത്യ സ്വീകരിക്കുകയുണ്ടായി.

സംഘര്‍ഷത്തില്‍ 40 ചെനീസ് സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നാലു പേര്‍ മാത്രമേ കൊല്ലപ്പെട്ടുള്ളൂ എന്നാണ് ചൈന അവകാശപ്പെട്ടത്. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായി. ഇരു ഭാഗത്തും 50,000 വരുന്ന സൈന്യങ്ങളെ രാപ്പകലില്ലാതെ കാവല്‍നിര്‍ത്തി. ചൈന ചില സ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനികരെ പുറത്താക്കിയപ്പോള്‍ ഇന്ത്യ ചൈനീസ് സൈനികരെ ചിലയിടങ്ങളില്‍ നിന്നും പുറത്താക്കി. വ്യാപാരബന്ധങ്ങള്‍ തളര്‍ത്തി ഇന്ത്യ, ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം കൂട്ടി. അതിര്‍ത്തി പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ ചര്‍ച്ച പുനരാരംഭിക്കുവാന്‍ ആകുവെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കി.

സാങ്കേതികരംഗത്ത് ചൈനയുടെ ടിക് ടോക് പോലുള്ള നിരവധി ആപ്പുകളെയും മൊബൈല്‍ ഫോണ്‍ കമ്പനികളെയും 5 ജി സാങ്കേതികവിദ്യ പങ്കാളിത്തവുമെല്ലാം നിരോധിച്ച ഇന്ത്യ, സാമ്പത്തികരംഗത്തും ചൈനീസ് നിക്ഷേപങ്ങള്‍ക്കെതിരെയും ചില ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുവാനുള്ള ശ്രമങ്ങളും നടത്തുകയുണ്ടായി. ചൈനീസ് സാങ്കേതിക വിദ്യയുടെയും നിക്ഷേപങ്ങളുടെയും മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിതന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി. എങ്കില്‍ പോലും ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ബ്രിക്സ് ഉച്ചകോടിക്കിടെ Screengrab, Copyright: The Telegraph

ഇരുരാജ്യങ്ങളും തമ്മില്‍ 21 തവണ സൈനിക തല ചര്‍ച്ചകളും 17 തവണ നയതന്ത്ര ചര്‍ച്ചകളും നടത്തിയ ശേഷമാണ് ഇപ്പോഴത്തെ കരാറിലെത്തിയത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇന്ത്യാ-ചൈനാ അതിര്‍ത്തി തര്‍ക്കത്തിലെ 75 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ സൈനികരെ പിന്‍വലിച്ചു, മറ്റ് ചിലയിടങ്ങളില്‍ ഇരുകൂട്ടരും കടന്ന് ചെല്ലാന്‍ പാടില്ലാത്ത ബഫര്‍ സോണുകള്‍ ഉണ്ടാക്കി. ഈ വര്‍ഷം രണ്ട് തര്‍ക്ക പ്രദേശങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിലും ഇപ്പോള്‍ തീരുമാനം ആയിരിക്കുകയാണ്.

സമാധാന ചര്‍ച്ചകള്‍ നടക്കവേതന്നെ 2020 ആഗസ്റ്റില്‍ ലഡാക്കിലെ പാംഗോങ് നദിക്കുതെക്കുള്ള തന്ത്രപരമായ കൈലാഷ് മേഖല ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തിലാക്കിയെങ്കിലും പരസ്പര ചര്‍ച്ചകളെത്തുടര്‍ന്ന് അവിടെനിന്ന് ഇരുസൈന്യങ്ങളും പിന്മാറി. പുറമെ, ഗാല്‍വന്‍, ഗോഗ്ര, ഹോട് സ്പ്രിങ്, പാങ്ങോങ്, എന്നീ മേഖലകളിലെയും സംഘര്‍ഷങ്ങളില്‍ അയവുവന്നിരുന്നു. എങ്കിലും ഇന്ത്യന്‍ സൈന്യം നേരത്തെ പട്രോളിങ് നടത്തിയിരുന്ന നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴുണ്ടായ ഒത്തുതീര്‍പ്പിന്റെ ഫലമായി 2020 മേയ്ക്കു മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തികള്‍ എവിടെയാണ് എന്നതിനെ സംബന്ധിച്ചാണ് ഇരു രാജ്യങ്ങള്‍ക്കിടയിലും കാലാകാലങ്ങളായി സംഘര്‍ഷം നടക്കുന്നത്. ഹിമാലയന്‍ മലനിരകളിലാണ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിന്റെ മലയിടുക്കുകളും അതിലൂടെയൊഴുകുന്ന നദികളുമൊക്കെയാണ് അതിര്‍ത്തികളായി നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ അതിര്‍ത്തിയായി പരിഗണിക്കപ്പെടുന്ന ചില നദികള്‍ വേനല്‍ക്കാലത്ത് ഗതിമാറിയൊഴുകാറുമുണ്ട്. ഇതും തര്‍ക്കത്തെ രൂക്ഷമാക്കാറുണ്ട്.

അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിനും തര്‍ക്കം പരിഹരിക്കുന്നതിനുമായി 1993ലും 2003ലും 2005ലും വ്യത്യസ്തങ്ങളായ കരാറുകള്‍ രണ്ടുരാജ്യങ്ങളും അംഗീകരിച്ചിരുന്നു. പക്ഷെ, അവ നടപ്പാക്കുന്നതിലുണ്ടായ പരാജയമാണ് സംഘര്‍ഷങ്ങളുടെ രൂക്ഷതയ്ക്ക് കാരണമായത്.

നിലവിലെ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചത് റഷ്യയാണെന്നാണ് വിലയിരുത്തല്‍. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം ഇരുരാജ്യങ്ങളുടെയും സഹകരണം റഷ്യക്ക് അത്യാവശ്യമാണ്. ഇതിനു പുറമേ ആര്‍ട്ടിക് സമുദ്രം വഴിയുള്ള ഉത്തര സമുദ്രപാത വികസിപ്പിക്കാന്‍ വന്‍നിക്ഷേപവും സാങ്കേതിക സഹകരണവും ആവശ്യമുണ്ട്. കഴിഞ്ഞ ജൂലായില്‍ റഷ്യ സന്ദര്‍ശിച്ച മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തികശക്തിയില്‍ രണ്ടും അഞ്ചും സ്ഥാനത്തുള്ള ഇന്ത്യയുടെയും ചൈനയുടെയും സഹകരണം റഷ്യയ്ക്ക് ആവശ്യമുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍ Screengrab, Copyright: CNN

ഈ വര്‍ഷത്തെ കണക്കനുസരിച്ച് ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇന്ത്യയാണ്. 118.4 ബില്യണ്‍ ഡോളറിന്റെ വ്യാപാരം ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള വ്യാപാര പങ്കാളിയായ അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് ജയിച്ചാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത നികുതി ചുമത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം കൊയ്യുന്ന ഇന്ത്യയുടെ മാര്‍ക്കറ്റ് ചൈനയ്ക്ക് നിര്‍ണായകരമാണ്.

മറ്റൊന്ന് നിയന്ത്രണ രേഖയ്ക്കടുത്ത് ഇന്ത്യ അതിവേഗത്തിലാണ് റോഡും പാലവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചെടുത്തത്. കൂടാതെ ലഡാക്കിലെ നുബ്ര മേഖലയിലെ തോയ്സ് എയര്‍ബേസില്‍ പുതിയ സിവിലിയന്‍ ടെര്‍മിനലിനുള്ള പണികള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുമായുള്ള സൗഹാര്‍ദ്ദമാണ് കൂടുതല്‍ നല്ലത് എന്ന് ചൈനയ്ക്ക് തോന്നിയിട്ടുണ്ടാവും.

അന്താരാഷ്ട്ര രംഗത്ത് അമേരിക്കയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനുള്ള ശ്രമത്തിലാണ് ചൈന. ഇറാനെപ്പോലെയുള്ള അമേരിക്കന്‍ വിരുദ്ധ ചേരിയിലെ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതും ലോകമെമ്പാടും തന്ത്രപ്രധാന മേഖലകളില്‍ സ്വാധീനമുണ്ടാക്കുന്നതും ആ ലക്ഷ്യം വെച്ചാണ്. ചൈന ഇന്ത്യയുമായി കൈകോര്‍ക്കുന്നത് അമേരിക്കയ്ക്ക് ഇഷ്ടമാവില്ലെന്നുറപ്പാണ്. ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ട് അമേരിക്കയാണ് ബംഗ്ലാദേശിലെ ഭരണകൂട അട്ടിമറി സംഘടിപ്പിച്ചത് എന്ന തരത്തിലുള്ള നിരീക്ഷണവും വന്നിരുന്നു.