Wed. Jan 22nd, 2025

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന് ചേരും. ദുരിതബാധിതരുടെ സാമ്പത്തിക ബാധ്യതകൾ അടക്കമുള്ള സുപ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യുക. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും. ഇതിനകം ഈടാക്കിയ മാസതവണകള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികള്‍ യോഗത്തില്‍ പങ്കെടുക്കും. ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്കേഴ്‌സ് സമിതി ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.