Mon. Dec 2nd, 2024

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നതിന് യുവതിയ്ക്ക് നേരെ ആക്രമണം. നന്ദിഗ്രാമിലാണ് സംഭവം. സംഭവത്തില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് തപന്‍ ദാസിനെ അറസ്റ്റു ചെയ്തു. തപന്‍ ദാസ് യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചു. വെള്ളിയാഴ്ച രാത്രി ഗോകുല്‍നഗര്‍ ഗ്രാമപഞ്ചായത്തിലെ പഞ്ചനന്തലയിലാണ് ആക്രമണം നടന്നത്.

യുവതി കുടുംബത്തോടൊപ്പം വീട്ടിലിരിക്കുമ്പോള്‍ അതിക്രമിച്ചു കയറിയ തപന്‍ ദാസും സംഘവും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് പുറത്തേക്ക് കൊണ്ടുപോവുകയും നഗ്‌നയാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

പരിക്കേറ്റ യുവതിയെ നന്ദിഗ്രാമിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മാറിയതാണ് പ്രതികള്‍ മര്‍ദ്ദിക്കാനുള്ള കാരണമെന്ന് യുവതി പറയുന്നു. എന്നാല്‍ ഇത് നിഷേധിച്ച ബിജെപി, മര്‍ദ്ദനത്തിന് കാരണം കുടുംബപ്രശ്‌നമാണെന്നും രാഷ്ട്രീയമല്ലെന്നും അവകാശപ്പെട്ടു.

‘വെള്ളിയാഴ്ച രാത്രി മകനും മകള്‍ക്കുമൊപ്പം വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. ഈ സമയം മുപ്പതിലേറെ പേര്‍ എന്റെ വീട്ടിലേക്ക് ഇരച്ചെത്തി വാതില്‍ തകര്‍ത്തു. എന്നെ പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി നഗ്‌നയാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. എന്നെയവര്‍ കുറേദൂരം വലിച്ചിഴയ്ക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസുകാര്‍ എത്തിയപ്പോഴേക്കും അവര്‍ രക്ഷപെട്ടു’, ആക്രമണത്തിനിരയായ യുവതി പറഞ്ഞു.

‘മുമ്പ് ബിജെപിയിലായിരുന്ന ഞങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കുറച്ചുദിവസം മുമ്പും എനിക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. അവരെന്നെ മര്‍ദ്ദിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. സംഭവത്തില്‍ ഞാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച നടന്ന ആക്രമണം പരാതി പിന്‍വലിപ്പിക്കാന്‍ ആയിരുന്നു’, യുവതി കൂട്ടിച്ചര്‍ത്തു.

‘അവരും ഭര്‍ത്താവും ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നു എന്നതാണ് ആ സ്ത്രീ ചെയ്ത കുറ്റം. ബിജെപിയില്‍ വീണ്ടും ചേരാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തി. വിസമ്മതിച്ചപ്പോള്‍ അവളെ നഗ്‌നയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണം’, നന്ദിഗ്രാം ടിഎംസി ഭാരവാഹി ഷെയ്ഖ് സൂഫിയാന്‍ പറഞ്ഞു.