Sat. Sep 14th, 2024
Vellapalli Natesan faces arrest for court order violation and must be presented in court

കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ്എന്‍ ട്രയിനിങ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവ്. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്.

എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള ട്രെയിനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണിനെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് റദ്ദ് ചെയ്ത് പ്രവീണിനെ തിരിച്ചെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കത്തതിനെ തുടര്‍ന്നാണ് നടപടി. കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു.

ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹർജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എസ്എന്‍ട്രസ്റ്റ് മാനേജര്‍ എന്ന നിലയ്ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി. ഈ മാസം 19ന് വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി മൂന്നില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്. കൂടാതെ പരാതിക്കാരനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.