Sun. Dec 22nd, 2024

 

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ കനത്ത നാശംവിതച്ച വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകരാജ്യങ്ങളും. യുഎസ്, റഷ്യ, ചൈന, തുര്‍ക്കി, ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വയനാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ‘കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നാണ്’ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചത്.

കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പറഞ്ഞു.

”കേരളത്തിലെ ഉരുള്‍ പൊട്ടല്‍ ദാരുണമാണ്. ദുരന്തത്തില്‍ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എല്ലാ വിധ പിന്തുണയും. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ”, എന്നായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ സന്ദേശം.

സംഭവത്തില്‍ ചൈനയും അഗാധ ദുഖം അറിയിച്ചു. ‘ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ വലിയ ഉരുള്‍ പൊട്ടലുണ്ടായതായി അറിഞ്ഞു. ദുരന്തത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. മരിച്ചവരടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.”, എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞത്.

കേരളത്തിലെ ദുരന്തബാധിതരായ ജനങ്ങള്‍ക്ക് പിന്തുണയെന്നാണ് തുര്‍ക്കി വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യുന്ന അനുശോചന സന്ദേശത്തില്‍, ദുരന്തത്തില്‍ വ്യാപക നഷ്ടമുണ്ടായെന്ന് മനസിലാക്കുന്നെന്നും നിരവധി പേര്‍ക്ക് ജീവനും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടതായി അറിഞ്ഞെന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ദുരന്തമാണ് നടന്നതെന്ന് അറിഞ്ഞതായും മുയിസു പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ത്യയിലെ ഇറാന്‍ എംബസിയും അനുശോചനം അറിയിച്ചു. ഐക്യരാഷ്ട്ര സഭയും വിഷയത്തില്‍ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, ബഹ്റൈന്‍, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് എന്നിവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.