Sat. Jul 27th, 2024

ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ

 

2005 നവംബറിലെ ഒരു രാത്രി, പടിഞ്ഞാറന്‍ ഇന്ത്യയില്‍ കുറച്ച് പൊലീസുകാര്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് എന്ന് പേരുള്ള ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ ഭാര്യയായ കൗസറിനെയും ഒരു ബസ്സില്‍ നിന്നും പിടിച്ചിറക്കുന്നു. ഷെയ്ഖിനെയും കൗസറിനെയും വെവ്വേറെ പോലീസ് കാറുകളില്‍ കയറ്റി 600 മൈല്‍ ദൂരെ, സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി. പിന്നീടൊരിക്കലും അവര്‍ തമ്മില്‍ കണ്ടിട്ടില്ല.

ഷെയ്ഖിനെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. അദ്ദേഹത്തെ തടങ്കലില്‍ വയ്ക്കാന്‍ ഗുജറാത്ത് പോലീസിന് നിയമപരമായ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, അഹമ്മദാബാദില്‍ എത്തിയപ്പോള്‍ ഷെയ്ഖിനെയും കൗസറിനെയും പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയില്ല. പകരം അവരെ പ്രത്യേക ബംഗ്ലാവുകളില്‍ തടങ്കലിലാക്കി. രണ്ട് ദിവസത്തിന് ശേഷം, നവംബര്‍ 26 ന്, തെക്കന്‍ അഹമ്മദാബാദിലെ ഒരു ഹൈവേയില്‍ വെച്ച് ഷെയ്ഖിനെ വെടിവച്ചു കൊന്നു.

ഷെയ്ഖ് ഇസ്ലാമിക ഭീകര സംഘടനയിലെ അംഗമാണെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റതാണെന്നുമായിരുന്നു പോലീസിന്റെ അവകാശവാദം. ഷെയ്ഖിന്റെ മരണത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 29 ന് കൗസറും കൊല്ലപ്പെട്ടു. പോലീസുകാര്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കൗസറിന്റെ മൃതദേഹം നര്‍മ്മദ നദിക്കരയില്‍ വെച്ച് കത്തിച്ച് കളയുകയാണുണ്ടായത്. മൃതദേഹ അവശിഷ്ടങ്ങള്‍ വെള്ളത്തിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു.

സൊഹ്റാബുദ്ദീന്‍ ഷെയ്ഖും ഭാര്യ കൗസറും Screengrab, Copyright: Scroll

കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് ലഭിച്ച രേഖകള്‍ അനുസരിച്ച്, ഓരോ കൊലപാതക സമയത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരവധി ഫോണ്‍ കോളുകള്‍ വിളിച്ചിരുന്നു. ഫോണിന്റെ മറുതലക്കല്‍ ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന ഒരു മുതിര്‍ന്ന രാഷ്ട്രീയക്കാരനായിരുന്നു. അമിത് ഷാ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

2010-ല്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് ഈ വിശദാംശങ്ങള്‍ പുറത്തുവന്നത്. തട്ടിക്കൊണ്ടുപോകല്‍, അതിക്രൂരമായ കൊലപാതകം എന്നീ കുറ്റങ്ങളാണ് അമിത് ഷായ്ക്കെതിരെ സിബിഐ ചുമത്തിയത്. ഷായുടെ നിര്‍ദേശപ്രകാരമാണ് ഷെയ്ഖിനെയും ഭാര്യയെയും ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത് എന്നും സിബിഐ ആരോപിച്ചിരുന്നു. (വര്‍ഷങ്ങളായി ഗുജറാത്ത് പോലീസുമായി സഹകരിച്ചിരുന്ന ഗുണ്ടാ നേതാവാണ് ഷെയ്ഖ് എന്നും സിബിഐ സ്ഥിരീകരിച്ചിരുന്നു.)

ഷെയ്ഖിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ ദിവസം സംഭവസ്ഥലത്തെ പോലീസ് ഓഫീസറുമായി അമിത് ഷാ അഞ്ച് തവണ സംസാരിച്ചതായി സിബിഐ കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ പതിവായി സംസാരിച്ചു. ഷെയ്ഖ് കൊല്ലപ്പെട്ട ദിവസം ഉദ്യോഗസ്ഥനുമായി ഷാ അഞ്ച് തവണയാണ് സംസാരിച്ചത്. കൗസര്‍ കൊല്ലപ്പെട്ട ദിവസമായിരുന്നു അവര്‍ അടുത്തതായി സംസാരിച്ചത്. (ഈ കോളുകള്‍ അമിത് ഷാ നിഷേധിച്ചിട്ടില്ല. എന്നാല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ടതാണെന്ന് പിന്നീട് പറഞ്ഞു.)

2010 ജൂലൈയില്‍ അമിത് ഷായ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് വാര്‍ത്താസമ്മേളനം വിളിക്കുകയാണുണ്ടായത്. അന്ന് കേന്ദ്ര ഭരണത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരിന്റെ ഇരയാണ് താനെന്നാണ് അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം നേരത്തെ തന്നെ കുറ്റപത്രം തയ്യാറാക്കിയിരുന്നു എന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഷാ പറഞ്ഞു. പിന്നീട് മൂന്ന് മാസം ജയിലില്‍ കിടന്ന ഷാ ജാമ്യത്തില്‍ പുറത്തിറങ്ങി. സാക്ഷികളെയോ ജഡ്ജിമാരെയോ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍, വിചാരണ കഴിയുന്നതുവരെ ഗുജറാത്തില്‍ നിന്ന് പുറത്തുപോകണമെന്നായിരുന്നു ഷായുടെ ജാമ്യ വ്യവസ്ഥ.

സ്വന്തം സംസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട അമിത് ഷായെ അഭയാര്‍ത്ഥി എന്ന് അര്‍ത്ഥമുള്ള തടിപാര്‍ (tadipaar) എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.

സംസ്ഥാന പോലീസിനെ ഉപയോഗിച്ച് ഷാ കൊള്ളയടിക്കുന്ന റാക്കറ്റ് നടത്തിയിരുന്നുവെന്ന് സിബിഐ രേഖപ്പെടുത്തിയിരുന്ന സാക്ഷിമൊഴികള്‍ ദേശീയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം, 2014 ഡിസംബറില്‍, അമിത് ഷായ്ക്ക് എതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കി. ഷായ്ക്ക് എതിരായ എല്ലാ കുറ്റങ്ങളും ‘രാഷ്ട്രീയ പ്രേരിതമാണ്’ എന്ന് ജഡ്ജി പ്രസ്താവിച്ചു.

ആ വര്‍ഷം ആദ്യം, ദേശീയ തിരഞ്ഞെടുപ്പ് നടക്കുകയും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

ആഭ്യന്തര മന്ത്രി അമിത് ഷാ Screengrab, Copyright: The Telegraph Online

ഹിന്ദു ദേശീയ പാര്‍ട്ടിയായ ബിജെപിയുടെ സാധാരണ പ്രവര്‍ത്തകര്‍ ആയിരുന്ന മോദിയും ഷായും 1980-കളിലാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ 40 വര്‍ഷമായി, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ താഴ്‌വരയില്‍ നിന്ന് അതിന്റെ ഏറ്റവും ഉന്നതിയിലേക്ക് അവര്‍ ഒരുമിച്ച് യാത്ര നടത്തി. ഇക്കാലയളവില്‍ മോദിയുടെ വിശ്വസ്തന്‍, ഉപദേശകന്‍, മുന്നോട്ടുനയിക്കുന്നവന്‍ എന്നീ വേഷങ്ങള്‍ ഷാ കെട്ടിയാടി. ഒരാളുടെ ജീവിതം മറ്റൊരാളില്ലാതെ സാധ്യമാവില്ല എന്ന നിലയിലായി.

ഇന്ന് അമിത് ഷാ ഗുജറാത്തിന്റെ ആഭ്യന്തര മന്ത്രിയല്ല, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. തലസ്ഥാന നഗരത്തിന്റെ പോലീസ് സേനയെ കമാന്‍ഡ് ചെയ്യുന്ന, ഇന്ത്യന്‍ ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയാണ്. ഡല്‍ഹിയിലെ അധികാരത്തിന്റെ ഹൃദയത്തില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ആഭ്യന്തര നയത്തിന്റെ ചുമതല വഹിക്കുന്നു. ലളിതമായി പറഞ്ഞാല്‍, രാജ്യത്തെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.

നിലവിലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത അഞ്ച് വര്‍ഷമെങ്കിലും അദ്ദേഹം ഇങ്ങനെത്തന്നെ തുടരുമെന്ന് ഉറപ്പാണ്. മോദിയെ സംബന്ധിച്ചിടത്തോളം ജോര്‍ജ്ജ് ഡബ്ല്യു ബുഷിന് ഡിക്ക് ചെനിയും കാള്‍ റോവും എന്തായിരുന്നുവോ അത് പോലെയാണ് ഷാ. ബിജെപിയുടെ ഹിന്ദു ദേശീയതാ പ്രത്യയശാസ്ത്രമനുസരിച്ച് ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്നതില്‍ കഴിഞ്ഞ ദശകത്തിലെ പ്രധാന വാസ്തുശില്‍പിയായിരുന്നു മോദി.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണികൊണ്ട് ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷമാണ് ഇന്നത്തെ ഇന്ത്യയിലെ ജീവിതത്തിന്റെ നിര്‍വചനം. ന്യൂസ് റൂമുകള്‍ മുതല്‍ കോടതി മുറികള്‍ വരെ എല്ലായിടത്തും പതിഞ്ഞിരിക്കുന്ന ഈ ഭയത്തിന്റെ മുഖവും മൂര്‍ത്തരൂപവുമാണ് അമിത് ഷാ.

സ്റ്റേറ്റിനെ അധീനപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കയ്യില്‍ വിപുലമായ സംവിധാനങ്ങളുണ്ട്. തദ്ദേശീയ, പ്രാദേശിക, ദേശീയ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു സൈന്യം അദ്ദേഹത്തിന്റെ ഉത്തരവുകള്‍ക്കായി കാത്തിരിക്കുന്നു. അദ്ദേഹം സാമര്‍ത്ഥ്യമുള്ള ഒരു ഓപ്പറേറ്ററാണ്. പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കി മറ്റ് പാര്‍ട്ടികളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ വലയിട്ട് പിടിച്ച് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ എപ്പോഴും തയ്യാറാണ്. അദ്ദേഹം ഗോസിപ്പുകളുടെ സൂക്ഷിപ്പുകാരനാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി Screengrab, Copyright: BBC

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ഒരു കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് എന്നോട് ഒരു കഥ പറഞ്ഞു: ഒരു വ്യവസായി പാര്‍ട്ടിക്ക് നല്‍കിയ സംഭാവനയുടെ ഒരു ചെറിയ ഭാഗം മോദി സര്‍ക്കാരിലെ ഒരു കാബിനറ്റ് മന്ത്രി അടിച്ചുമാറ്റി. ആരും കണ്ടെത്തില്ലെന്ന് കരുതിയാണ് ഇദ്ദേഹം പണം കൈക്കലാക്കുന്നത്. എന്നാല്‍ അമിത് ഷാ വിളിച്ചു. തുക പാര്‍ട്ടി ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ ഷാ മന്ത്രിയോട് പറഞ്ഞു. എനിക്കൊരിക്കലും ഈ കഥ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ സത്യാവസ്ഥ എന്തുതന്നെയായാലും ആഭ്യന്തര മന്ത്രിയെ ഇന്ത്യക്കാര്‍ എങ്ങനെ വീക്ഷിക്കുന്നുവെന്ന് ഈ സംഭവം തുറന്നുകാട്ടുന്നു. ‘ഷാ സൗരോണിന്റെ കണ്ണ് (Eye of Sauron) പോലെയാണ്, അവന്‍ എല്ലാം കാണുന്നു.” ലോബിയിസ്റ്റ് പറഞ്ഞു.

അമിത് ഷായുടെ പ്രധാന റോളുകളില്‍ ഒന്ന് പ്രധാനമന്ത്രിയുടെ കവചമാകലാണ്. പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യയില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മാത്രമാണ് മോദി പങ്കെടുത്തത്. 2019 ലെ വേനല്‍ക്കാലത്ത്, ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപിയുടെ അര ഡസനോളം നേതാക്കള്‍ക്കൊപ്പം ഇരുന്നാണ് വാര്‍ത്ത സമ്മേളനം നടത്തിയത്. അദ്ദേഹത്തിന്റെ തൊട്ടടുത്തിരുന്ന ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായാണ് മോദിയ്ക്ക് വേണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ വ്യക്തിയെ പ്രശംസിച്ച ബിജെപി നേതാവിന്റെ പരാമര്‍ശത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ മോദിയോട് ചോദിച്ചപ്പോള്‍ അമിത് ഷായുടെ നേരെ തിരിഞ്ഞ് മോദി കളിയാക്കി പറഞ്ഞത് ”ഞങ്ങള്‍ അച്ചടക്കമുള്ള സൈനികര്‍ മാത്രമാണ്” എന്നാണ്. ‘ഞങ്ങള്‍ക്ക് പാര്‍ട്ടി പ്രസിഡന്റാണ് എല്ലാം.’ മോദി പറഞ്ഞു. ഷാ തന്റെ പതിവ് ശൈലിയായ ഭീഷണിയുടെ സ്വരത്തില്‍ അരമണിക്കൂറോളം ചോദ്യങ്ങളെ നേരിട്ടു. അദ്ദേഹം പ്രതിപക്ഷ നേതാക്കളെ കുറ്റപ്പെടുത്തി. വസ്തുതകള്‍ പരിശോധിക്കാന്‍ റിപ്പോര്‍ട്ടര്‍മാരോട് നിര്‍ദേശിക്കുകയും ചെയ്തു. സന്ദേശം വ്യക്തമായിരുന്നു. ശല്യപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരെകൊണ്ട് മോദിയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഷാ എല്ലാവരെയും കൈകാര്യം ചെയ്തു.

ടിവി അഭിമുഖങ്ങളില്‍ അമിത് ഷാ അസഹിഷ്ണുതയോടെ ഇരുന്ന് ചുരുങ്ങിയ വാക്കുകളില്‍ കൗശലം നിറഞ്ഞ ശൈലിയില്‍ മുന്‍കൂട്ടി തയ്യാറാക്കിയത് പ്രകാരം സംസാരിച്ചു. വാര്‍ത്താ അവതാരകര്‍ അവരുടെ വേദിയെ പ്രശോഭിതമാക്കിയതിന് അദ്ദേഹത്തിന് നന്ദി പറയുകയും അദ്ദേഹത്തിന്റെ ആത്മഭാഷണത്തെ തടസ്സപ്പെടുത്താതിരിക്കുകയും ചെയ്തു. ഇത്തരം ഇടപെടലുകളില്‍ അമിത് ഷാ സേനാനായകനായാണ് പ്രത്യക്ഷപ്പെടുന്നത്. ഗുജറാത്ത്, കേന്ദ്ര സര്‍ക്കാര്‍ എന്നിവിടങ്ങളിലുള്ള ഷായുടെ ഭരണത്തില്‍ മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും വിമര്‍ശകരെയും ലക്ഷ്യമിട്ട് ഇസ്രായേലി സ്‌പൈവെയറുകള്‍ ഉപയോഗിച്ചിരുന്നു. എല്ലാവരുടെയും രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു വ്യക്തിയുടെ പ്രതിച്ഛായയാണ് പൊതു ഭാവനയില്‍ അമിത് ഷായ്ക്കുള്ളത്.

”മോദിക്ക് ഒരു പ്രത്യേക ആകര്‍ഷണമുണ്ട്. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ കാര്യമാണ്,” ഇന്ത്യന്‍ നോവലിസ്റ്റും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് എന്നോട് പറഞ്ഞു. ‘അമിത് ഷാ ഒരു ഒറ്റക്കമ്പി യന്ത്രമാണ്. അവന് അടിക്കാന്‍ കഴിയുന്ന ഒരേയൊരു സ്വരം ഭയമാണ്.’, റോയ് പറഞ്ഞു.

അരുന്ധതി റോയ് Screengrab, Copyright: AFP

അമിത് ഷായെ വര്‍ണ്ണിക്കുന്ന രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെട്ട ഒരു സ്വകാര്യ വെബ്സൈറ്റ് അദ്ദേഹത്തിനുണ്ട്. ഇതിലൊന്നില്‍ പ്രതിപക്ഷത്തുള്ള നേതാവിനെ പിന്തുടരുന്ന കെട്ടഴിച്ചുവിട്ട ഒരു നായയായിട്ടാണ് ധനമന്ത്രാലയത്തിന്റെ അന്വേഷണ ഏജന്‍സിയെ ഷാ പ്രതിനിധീകരിച്ചിരിക്കുന്നത്. (ധനമന്ത്രി ചിത്രത്തില്‍ ഇല്ല.) ‘ആളുകളെ ഭയപ്പെടുത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്.’ വര്‍ഷങ്ങളായി ഷായെ അറിയാവുന്ന ഗുജറാത്തിലെ ഒരു അഭിഭാഷകന്‍ എന്നോട് പറഞ്ഞു. ‘അദ്ദേഹത്തിന്റെ ഇമേജ് അദ്ദേഹം ഇഷ്ടപ്പെടുന്നു.’, അഭിഭാഷകന്‍ പറഞ്ഞു.

ഈ സ്റ്റോറി ചെയ്യാന്‍ വേണ്ടി ഞാന്‍ ബന്ധപ്പെട്ട പലരും പേരുവെക്കരുതെന്ന് ആവശ്യപ്പെട്ട് എന്നോട് സംസാരിക്കാന്‍ തയ്യാറാവുകയും ചിലര്‍ സംസാരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരും മുന്‍ കേന്ദ്ര മന്ത്രിമാരും എന്തിന് രാഷ്ട്രീയ മാധ്യമപ്രവര്‍ത്തകര്‍ വരെ ആഭ്യന്തര മന്ത്രിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് എന്നോട് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തെക്കുറിച്ച് ഒരു അഭിപ്രായവുമില്ലെന്നാണ് മുന്‍ ആഭ്യന്തര മന്ത്രി പറഞ്ഞത്. സംസാരിക്കാന്‍ സമ്മതിച്ച ചിലര്‍ ഫോണിലൂടെ സംസാരിക്കാന്‍ തയ്യാറായില്ല. സൂമിലൂടെ അഭിമുഖം നടത്താനുള്ള എന്റെ നിര്‍ദേശം കേട്ട് രാജ്യത്തെ പ്രമുഖ അഭിഭാഷകരിലൊരാള്‍ ചിരിച്ചു. ചിരിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’

അമിത് ഷാ എന്നെ കാണാന്‍ സമ്മതിച്ചെന്ന് ഒരു ബിജെപി വക്താവ് എന്നോട് പറഞ്ഞു. എന്നാല്‍ പിന്നീട് ഒരു വിശദീകരണവുമില്ലാതെ തീരുമാനം മാറ്റി. ബിജെപി വക്താവ് പ്രതികരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. ഈ മാസം ഞാന്‍ അദ്ദേഹത്തിന് വിശദമായ ചോദ്യങ്ങള്‍ അയച്ചു കൊടുത്തപ്പോള്‍ വക്താവ് പറഞ്ഞത് ജൂണില്‍ പൊതു തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് അഭിപ്രായം പറയാന്‍ സമയം കണ്ടെത്തുക അസാധ്യമാണെന്നാണ്.

”അമിത് ഷായെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് ഒരാള്‍ ശരിക്കും ചിന്തിക്കേണ്ടതുണ്ടെന്ന്’ ആദ്യമായി വിളിച്ചപ്പോള്‍ അരുന്ധതി റോയി പറഞ്ഞിരുന്നു. ‘പറയേണ്ട കാര്യങ്ങള്‍ ശരിക്കും പറയാനോ പ്രസിദ്ധീകരിക്കാനോ കഴിയില്ല.’ റോയ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുശേഷം, അമിത് ഷായുടെ സ്വന്തം പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗവുമായുള്ള കൂടിക്കാഴ്ചക്കിടയിലും ഇതേ കാര്യം കേട്ടു. ‘അമിത് ഷായെ കുറിച്ച് പറയാനാവാത്ത ചില കാര്യങ്ങളുണ്ട്.’ (തുടരും)

FAQs

ആരാണ് അമിത് ഷാ?

ഇന്ത്യയുടെ നിലവിലെ ആഭ്യന്തര മന്ത്രിയാണ് അമിത് അനിൽചന്ദ്ര ഷാ എന്ന അമിത് ഷാ. 2019 മെയ് 30-ന് ആണ് ഇദ്ദേഹം ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകരിൽ ഒരാൾ കൂടിയാണ് അമിത് ഷാ.

എന്താണ് സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കൊല?

2005 നവംബർ 26 ന് സൊഹ്‌റാബുദ്ദീൻ അൻവർ ഹുസൈൻ ഷെയ്ഖിന്റെ മരണത്തെ തുടർന്ന് ഗുജറാത്ത് സംസ്ഥാനത്ത് നടന്ന ക്രിമിനൽ കേസായിരുന്നു സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസ്. സൊഹ്‌റാബുദ്ദീൻ ഷെയ്ഖിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 22 പ്രതികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി.

ആരാണ് നരേന്ദ്ര മോദി?

ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബിജെപിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന നരേന്ദ്ര മോദി. മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു.

Quotes

“ഒരു ജനാധിപത്യ രാജ്യത്തിൻ്റെ അടിസ്ഥാനം സ്വാതന്ത്ര്യമാണ്- അരിസ്റ്റോട്ടിൽ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.