Thu. Dec 26th, 2024

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രതിജ്ഞ ചെയ്യുന്ന എ ഐ നിർമിത വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു. രാഹുൽ ഗാന്ധിയുടെ ശബ്‌ദവും ദൃശ്യങ്ങളുമടക്കം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്‌ടിച്ചെടുത്ത വീഡിയോയാണിത്.

പ്രതിജ്ഞ ചെയ്യാനായി വരുന്ന രാഹുലിന്റെയും ചെങ്കോട്ടയുടെയും ഷോട്ടുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ വഴി ഈ വീഡിയോ ഡിജിറ്റല്‍ നിര്‍മിതമാണെന്ന് ഫാക്റ്റ് ചെക്കര്‍ ആയ ബൂം സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുമെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ എ ഐ വീഡിയോ പുറത്ത് വന്നിരുന്നു. മുസ്ലിംങ്ങൾക്ക് പള്ളി പണിയുന്നതിനുള്ള സ്ഥലം നൽകാൻ ശ്രമിക്കുമെന്നും ആർട്ടിക്കിൾ 370 പുനസ്ഥാപ്പിക്കുമെന്നും കമല്‍നാഥ്‌ വീഡിയോയിൽ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.