Fri. Jul 19th, 2024

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ബസിന് കുറുകെ വാഹനം ഇട്ടിരിക്കുന്ന ദൃശ്യം പുറത്ത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വാഹനം കുറുകെ ഇട്ടിട്ടില്ലയെന്നാണ് മേയർ നേരത്തെ പറഞ്ഞത്.

പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ വെച്ച് ബസിന്റെ ഇടതുവശത്ത് കൂടി ബസിന് കുറുകെ കാർ ഇട്ട് വാഹനം തടയുന്നത് സിസിടിവിയില്‍ വ്യക്തമാണ്. സീബ്ര ലൈനിലാണ് കാർ നിർത്തിയിട്ടത്. ഇത് പരസ്യമായ ഗതാഗത നിയമലംഘനമാണ്.

റെഡ് സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്നാണ് മേയർ വാദിച്ചത്. എന്നാൽ വാഹനം തടഞ്ഞിട്ട സമയത്ത് മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നത് സിസിടിവിയില്‍ വ്യക്തമാണ്.

അതേസമയം, കെഎസ്ആർടിസി ഡ്രൈവര്‍ അസഭ്യമായി ലൈംഗിക ചുവയോടുകൂടി ആംഗ്യം കാണിച്ചെന്നാണ് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഒരു കാര്യവും സംസാരിക്കാൻ അയാൾ തയ്യാറായില്ലെന്നും പോലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചതെന്നും മേയര്‍ പറഞ്ഞിരുന്നു.

“വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്നമായി മാത്രം ഇതിനെ കാണരുത്. പ്രൈവറ്റ് വാഹനം അമിത വേഗതയിൽ ഓടിച്ചതിന് 2022 ൽ കേസുണ്ട്. പേരൂർക്കട സ്റ്റേഷനിലും 2017 ൽ ഇയാൾക്കെതിരെ മറ്റൊരു കേസ് ഉണ്ട്.”, മേയര്‍ കൂട്ടിച്ചേർത്തു.

അതേസമയം, മേയർ ഉന്നയിച്ച ആരോപണം വ്യാജമാണെന്ന് പറഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ യദു രം​ഗത്തെത്തിയിരുന്നു. താൻ ലൈംഗിക ചുവയോടെയുള്ള ആംഗ്യം കാണിച്ചിട്ടില്ലെന്നും ലഹരിപദാർത്ഥം ഉപയോഗിച്ചില്ലെന്നും ഡ്രൈവർ പറഞ്ഞു.

എംഎൽഎ മോശമായി പെരുമാറുകയും മേയർ കാണിച്ചത് തോന്നിവാസമെന്നും ഡ്രൈവർ ആരോപിച്ചിരുന്നു.

അതേസമയം, വിഷയത്തില്‍ ഡ്രൈവറിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടില്ല. എന്നാൽ ഇയാളെ ഇന്ന് ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.

ബസിലെ യാത്രക്കാരുടെ മൊഴി കെഎസ്ആര്‍ടിസി എടുത്തിട്ടുണ്ട്. യാത്രക്കാരുടെ മൊഴി ഡ്രൈവറിന് അനുകൂലമാണെന്നാണ് സൂചന.