ഹിന്ദുത്വ ഭീഷണി മൂലം ഇന്ത്യയിലെ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തെ ബിജെപി ഭരണത്തിന്‍ കീഴിലാണ് കോണ്‍വന്റ് സ്‌കൂളുകള്‍ക്ക് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നത്.
രാജ്യത്തെ നിലവിലെ സാമൂഹിക-സാംസ്‌കാരിക, മത, രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കാരണമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ)യെ പ്രേരിപ്പിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോണ്‍ ദയാല്‍ ദ വയറില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
രാജ്യത്തെ ഇപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടിലാണ് സിബിസിഐയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക ഓഫീസ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. 13 പേജുകളും 3,591 വാക്കുകളും ഉള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനമായും പറയുന്നത് മറ്റ് മതങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് എന്നാണ്.
150 വര്‍ഷത്തിലേറെയായി സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ക്രിസ്തുമതം അടിച്ചേല്‍പ്പിക്കുകയോ ആരെയും മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെയും ബഹുമാനിച്ചിട്ടുണ്ടെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
ദിവസേനയുള്ള അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം കുട്ടികളെക്കൊണ്ട് ചൊല്ലിക്കണമെന്നും സ്ഥാപനത്തിന്റെ മുഖ്യകവാടത്തില്‍ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്യണമെന്നും പുതിയ മാര്‍ഗ മാര്‍ഗനിര്‍ദേശത്തിലുണ്ട്.
സ്‌കൂളിന്റെ കാഴ്ചപ്പാടും മൂല്യങ്ങളും കത്തോലിക്ക തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാകണം. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കണം. ഒരു വിവേചനവും പാടില്ല. മറ്റു മതസ്ഥരായ കുട്ടികളിലേക്ക് നമ്മുടെ മതപാരമ്പര്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. എല്ലാവരെയും ഉള്‍ക്കൊള്ളണം. ഓരോ കുട്ടിക്കും അവര്‍ സ്വാഗതം ചെയ്യപ്പെടുന്നുവെന്നു തോന്നണം. കുട്ടികളുടെ നാനാത്വം പ്രതിഫലിക്കുന്ന വിധം വിവിധ പശ്ചാത്തലങ്ങളില്‍നിന്നുള്ളവരാകണം അധ്യാപകര്‍. അടച്ചുറപ്പുള്ളതാകണം സ്‌കൂള്‍. കൃത്യമായ ചുറ്റുമതില്‍ വേണം. നിരീക്ഷണ ക്യാമറകള്‍ ഉണ്ടാകണം. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികള്‍, ശാസ്ത്രജ്ഞര്‍, കവികള്‍, ദേശീയനേതാക്കള്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്‌കൂള്‍ ലോബിയിലും ലൈബ്രറിയിലും ഇടനാഴികളിലും പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ഭൂമിയും കെട്ടിടവും സംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിക്കണം. സ്‌കൂളിന്റെ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് പ്രധാന കെട്ടിടത്തിന്റെ കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം. നിയമനങ്ങള്‍ സംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിക്കണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.
14,000 സ്‌കൂളുകളും 650 കോളേജുകളും ഏഴ് സര്‍വകലാശാലകളും അഞ്ച് മെഡിക്കല്‍ കോളേജുകളും 450 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങളുമാണ് കത്തോലിക്കാ സഭ നടത്തുന്നത്. പ്രൊട്ടസ്റ്റന്റ് പള്ളികളും ക്രിസ്ത്യന്‍ വ്യക്തിഗത ഗ്രൂപ്പുകളും 50,000 ത്തിനടുത്ത് സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മധുര, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പല കോളേജുകളും സ്വാതന്ത്ര്യ സമര സേനാനികള്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരെ വളര്‍ത്തിയെടുക്കുന്നതിലും കത്തോലിക്കാ സ്ഥാപനങ്ങള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
എല്ലാ മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കായി വിശ്വാസം ഉള്‍പ്പെടെയുള്ള അവരുടെ അടിസ്ഥാന മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 ല്‍ അനുശാസിക്കുന്നുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം, സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അഭിഭാഷകരെ നിയമിക്കുന്നതിന് ധാരാളം പണം ചിലവഴിച്ചിട്ടുണ്ട്. പലപ്പോഴും നിയമപോരാട്ടങ്ങള്‍ സുപ്രീം കോടതി വരെ എത്തിയിരുന്നു. കാരണം, മതസ്ഥാപനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭരണഘടനാ സംരക്ഷണങ്ങളെ ദുര്‍ബലപ്പെടുത്താന്‍ വര്‍ഷങ്ങളായി സര്‍ക്കാരുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സിബിസിഐ പറയുന്നതനുസരിച്ച്, ബജ്റംഗ്ദള്‍, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, വനവാസി കല്യാണ് ആശ്രമം പോലുള്ള ഗ്രൂപ്പുകള്‍ കത്തോലിക്കാ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. രാജ്യത്തെ നല്ലൊരു ശതമാനം സൈനിക സ്‌കൂളുകളുടെ നടത്തിപ്പ് ആര്‍എസ്എസിനും സംഘപരിവാര്‍ ആശങ്ങള്‍ പിന്തുടരുന്നവര്‍ക്കും നല്‍കിയെന്ന വാര്‍ത്ത വന്ന അതേദിവസമാണ് സിബിസിഐയും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പല സംസ്ഥാനങ്ങളിലും ഏകാധ്യാപക ഗ്രാമീണ വിദ്യാലയങ്ങള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ വരെ സംഘപരിവാര്‍ നടത്തിവരുന്നുണ്ട്. അതുകൊണ്ട് തന്നെ കോണ്‍വന്റ് സ്‌കൂളുകള്‍ക്ക് നേരെ നടക്കുന്ന വേട്ട രാഷ്ട്രീയമാണെന്നാണ് ലേഖകള്‍ പറയുന്നത്.
ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ കഴിഞ്ഞ വര്‍ഷം 600-ലധികം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും മനുഷ്യാവകാശ സംഘടനകള്‍ വലിയ ആശങ്ക പങ്കുവച്ചിരുന്നു. 100 ദിവസം നീണ്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പെടെ വര്‍ഷാവസാനത്തോടെ ഈ എണ്ണം വളരെ കൂടുതലാകുമെന്ന ഭയവും ക്രിസ്ത്യന്‍ സമൂഹത്തിനുണ്ട്.
ഫെബ്രുവരിയില്‍, ത്രിപുരയിലെ ഒരു സ്വകാര്യ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിലെ അധ്യാപകന്‍ ‘ഹിന്ദു’ റിസ്റ്റ് ബാന്‍ഡ് ധരിക്കുന്നതില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയെ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അസമിലെ ഒരു പ്രാദേശിക ഹിന്ദുത്വ സംഘം ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്നും ക്രിസ്ത്യന്‍ ചിഹ്നങ്ങള്‍ നീക്കം ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സ്‌കൂളുകളുടെ കവാടത്തില്‍ സരസ്വതിയുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ പ്രാദേശിക രാഷ്ട്രീയ സംഘം പുരോഹിതന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ആണ് രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാരെ പ്രതിനിധീകരിക്കുന്ന ഉന്നത സംഘടന. എന്നിരുന്നാലും സിബിസിഐ എടുക്കുന്ന തീരുമാനങ്ങള്‍ സാധാരണയായി ഇന്ത്യയിലുടനീളമുള്ള മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളും പിന്തുടരുന്നുണ്ട്. നിലവില്‍ സിബിസിഐ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സംഘപരിവാറും പ്രാദേശിക ഭരണകൂടങ്ങളും ആവശ്യപ്പെട്ടതിന് അനുസൃതമായാണ്. സംഘപരിവാറിന്റെ ആക്രമണോത്സുകമായ ബലപ്രയോഗത്തോടുള്ള കീഴടങ്ങല്‍ ആയാണ് ഇതിനെ ലേഖകന്‍ വ്യാഖ്യാനിക്കുന്നത്.
മതപരിവര്‍ത്തനം, ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരിയാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ജെസ്യൂട്ടുകളും സലേഷ്യന്‍മാരും കന്യാസ്ത്രീകളും വര്‍ഷങ്ങളായി നേരിടുന്നുണ്ട്. ഈ ആരോപണത്തിന്റെ പേരില്‍ ജയിലില്‍ അടക്കപെട്ട ഉദാഹരണങ്ങളും നമ്മുക്ക് മുന്നിലുണ്ട്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് ബിഷപ്പുമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമല്ല, എല്ലാ തലങ്ങളിലുമുള്ള ബിജെപി നേതാക്കളോട് അനുരഞ്ജനവും സൗഹൃദവും പുലര്‍ത്തിയിട്ടുണ്ട്. ലൗ ജിഹാദ് മുസ്ലീങ്ങള്‍ നടത്തുന്നു എന്ന സംഘപരിവാര്‍ മുറവിളികളില്‍ ഇടയ്ക്കിടെ ബിഷപ്പുമാര്‍ പങ്കുചേരുകയും ചിലര്‍ സംഘപരിവാറിലെയ്ക്ക് പോകുകയും ചെയ്തിട്ടുണ്ട്.
ലളിതമായി പറഞ്ഞാല്‍, മുസ്ലിംകള്‍ ”ലൗ ജിഹാദില്‍” ഏര്‍പ്പെടുന്നു എന്ന സംഘത്തിന്റെ അവകാശവാദങ്ങളെ ചിലപ്പോള്‍ ഒരു ബിഷപ്പ് പിന്തുണയ്ക്കുകയും ചിലര്‍ സംഘ് നേതൃത്വവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ചില വൈദികരും ക്രിസ്ത്യന്‍ സമൂഹവും വോട്ട് ചെയ്യുന്നതിനെ കുറിച്ച് പൗരന്മാരെ ബോധവല്‍ക്കരിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും മൊത്തത്തില്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ സഭയ്ക്ക് വലിയ താല്‍പ്പര്യമില്ല. കേരളമാണ് ഈ മാതൃകയ്ക്ക് പ്രധാന അപവാദം.
ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്കായി വാദിക്കുന്ന സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ദരിദ്രരെ സംബന്ധിച്ചിടത്തോളം, സഭയുടെ ഇടപെടലിന്റെ വ്യാപ്തിയെക്കുറിച്ച് ആശങ്കാകുലരാണ്. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 നല്‍കുന്ന പരിരക്ഷകള്‍ ക്രമേണ ദുര്‍ബലമാകാനുള്ള സാധ്യതയും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഏത് പിന്മാറ്റവും സിഖുകാരും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് മതന്യൂനപക്ഷങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിന് ശേഷം അഞ്ച് അംഗീകൃത മതന്യൂനപക്ഷങ്ങള്‍ തമ്മില്‍ ഒരു കൂടിയാലോചനയും നടന്നിട്ടില്ല.
ഉത്തരേന്ത്യയില്‍ നിരവധി മികച്ച സ്‌കൂളുകള്‍ നടത്തുന്ന സിഖ് ഗുരുദ്വാര കമ്മിറ്റി സിബിസിഐയുടെ മാര്‍ഗനിര്‍ദേശങ്ങളിലെ പ്രധാന നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വീക്ഷിക്കണം എന്ന് ലേഖകന്‍ പറയുന്നുണ്ട്. മുസ്ലീം സമുദായം തങ്ങളുടെ മതപരമായ ആചാരങ്ങളില്‍ നേരിടുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ അവരുടെ മദ്രസകള്‍ നിരോധിക്കപ്പെടുന്നുണ്ടെന്നും ലേഖകന്‍ പറയുന്നു.