Mon. Dec 23rd, 2024

വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിനി യുഎസിലെ ഒഹായോയിൽ മരിച്ച നിലയിൽ. ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഈ വർഷം യുഎസിൽ മരിക്കുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യൻ വിദ്യാർത്ഥിയാണിത്.

മരണ കാരണം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

“ഒഹായോയിലെ ക്ലീവ്‌ലാൻഡിലുള്ള ഇന്ത്യൻ വിദ്യാർത്ഥിനി ഉമ സത്യ സായി ഗദ്ദേയുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തുന്നു. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് വിദ്യാർത്ഥിനിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഉമാ ഗദ്ദേയുടെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും നൽകും.’, ഇന്ത്യൻ കോൺസുലേറ്റ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.

ഈ വർഷം ആദ്യം ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് മസാഹിർ അലി എന്ന വിദ്യാർത്ഥി ചിക്കാഗോയിൽ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. വിഷയത്തിൽ ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെടുകയും അലിക്കും കുടുംബത്തിനും പിന്തുണ നൽകുകയും ചെയ്തിരുന്നു.

ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ നീൽ ആചാര്യയുടെ മരണവും ജോർജിയയിൽ വിവേക് ​​സൈനിയുടെ ക്രൂരമായ കൊലപാതകവും യുഎസിലെ മറ്റ് മരണങ്ങളാണ്.

2024 തുടക്കം മുതൽ കുറഞ്ഞത് 10 ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ യുഎസിൽ മരണപ്പെട്ടിട്ടുണ്ട്.