Sat. Oct 12th, 2024

ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് രക്ഷപെടുന്ന ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിദേശ രാജ്യത്തുള്ള ഭീകരരെ വധിക്കുന്ന പദ്ധതിയുടെ ഭാഗമായി 2020 മുതൽ ഇന്ത്യൻ സർക്കാർ 20 പേരെ പാകിസ്താനിൽ വെച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബ്രിട്ടണിലെ പത്രമായ ​ഗാ‍ർഡിയൻ വാർത്ത പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പരാമർശം.

ഏതെങ്കിലും തീവ്രവാദി ഇന്ത്യയിൽ സമാധാനം തകർക്കാൻ ശ്രമിച്ചാൽ, നമ്മുടെ രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചാൽ അവരെ വെറുതെ വിടില്ല. അവർ പാകിസ്താനിലേക്ക് കടന്നാലും അവരെ കൊല്ലാൻ പാകിസ്താനിൽ പോകുമെന്ന് ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ രാജ്നാഥ് സിംഗ് വെളിപ്പെടുത്തി.

ഇന്ത്യ അയൽക്കാരുമായി എപ്പോഴും സൗഹൃദം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്, ഇന്ത്യ ആരുടെയും പ്രദേശം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷേ ആരെങ്കിലും നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്താനും തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചാൽ അവരോട് ദയ കാണിക്കില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.