വൈറ്റ് ഹൗസ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹിഷ്കരിച്ച് മുസ്ലീം നേതാക്കള്‍. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ക്രൂരമായ യുദ്ധത്തോടുള്ള ബൈഡന്റെ പിന്തുണയും മുസ്ലീം സമൂഹത്തോടുള്ള ബൈഡന്‍റെ നയത്തെച്ചൊല്ലിയും നിരവധി പേർ ക്ഷണം ബഹിഷ്കരിക്കുകയായിരുന്നു.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്, മുസ്ലീം ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നിരവധി മുസ്ലീം നേതാക്കള്‍ക്ക് ക്ഷണം ഉണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇഫ്താര്‍ വിരുന്ന്. വൈറ്റ് ഹൗസ് അവരുടെ പേര് പുറത്തുവിട്ടിട്ടില്ല. മുൻ വർഷങ്ങളിൽ ഇഫ്താറിൽ പങ്കെടുത്തിരുന്ന മിഷിഗണിലെ ഡിയർബോണിലെ മേയർ അബ്ദുള്ള ഹമ്മൂദിനെപ്പോലെയുള്ള ചില വ്യക്തികളെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല.
ഇഫ്താർ വിരുന്നിലേക്ക് ക്ഷണം ലഭിച്ചിരുന്ന ഫലസ്തീന്‍ പൗരനാണ് തേര്‍ അഹമ്മദ്. എന്നാല്‍ തേര്‍ അഹമ്മദ് വിരുന്നില്‍ പങ്കെടുത്തില്ല. “ഞാന്‍ ഈ യോഗത്തില്‍ നിന്നും പുറത്ത് പോകുന്നുവെന്ന് പ്രസിഡന്റിനോട് പറഞ്ഞു. എന്തുകൊണ്ടാണ് ഞാന്‍ പോകുന്നതെന്ന് മനസിലായെന്ന് പ്രസിഡന്റും പറഞ്ഞു.”, തേര്‍ അഹമ്മദ് ഹഫ്പോസ്റ്റിനോട് പറഞ്ഞു.
യുഎസ് കോണ്‍ഗ്രസിലെ മുസ്ലീം അംഗങ്ങളുടെ പ്രതിനിധികളായ ഇല്‍ഹാന്‍ ഒമറും ഫലസ്തീന്‍ അമേരിക്കക്കാരിയായ റാഷിദ ത്‌ലൈബും ക്ഷണിച്ചവരില്‍ ഉള്‍പ്പടുന്നുണ്ട്. ഇവര്‍ ബൈഡന്റെ ഇസ്രായേല്‍ നയത്തിന്റെ വിമര്‍ശകരില്‍ പെടുന്നവരാണ്.
ഇസ്രായേലിന്റെ ഗാസ ഉപരോധത്തിന് ബൈഡന്റെ പിന്തുണയില്‍ നിരവധി മുസ്ലീം അമേരിക്കക്കാര്‍ പ്രകോപിതരായിരുന്നതിനെ തുടര്‍ന്നാണ് ചെവ്വാഴ്ച ഇഫ്താർ വിരുന്ന് നടത്താൻ വൈറ്റ് ഹൗസ് തീരുമാനിച്ചത്. ഇഫ്താര്‍ വിരുന്ന് എന്ന പേരില്‍ വൈറ്റ് ഹൗസ് വിളിച്ച് ചേർത്തത് മുസ്ലീം നേതാക്കളുമായുള്ള ബൈഡന്റെ ഔദ്യോഗിക യോഗമായിരുന്നു. ഇസ്രായേല്‍ നയത്തെ കുറിച്ച് സാമുദായിക നേതാക്കളെ ബോധ്യപ്പെടുത്തുക എന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ലക്ഷ്യത്തിനാണ് തിരിച്ചടി നേരിട്ടത്.