Sat. May 4th, 2024

ന്യൂഡൽഹി: പ്രളയസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നാരോപിച്ച് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അടുത്തിടെ തമിഴ്‌നാട്ടില്‍ വലിയ തോതിൽ നാശം വിതച്ച പ്രളയത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക് 37000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായിച്ചില്ലെന്നാണ് പരാതി.

കേന്ദ്രം തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ഫണ്ട് ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാന്‍ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

‘പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിച്ച മന്ത്രി തല സംഘത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇത്തരം നടപടികള്‍ നിയമ വിരുദ്ധവും സംസ്ഥാനത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തും.’, എന്ന് ഹർജിയില്‍ പറയുന്നു.

അടുത്തിടെ കര്‍ണാടക സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വരള്‍ച്ച നേരിടാന്‍ കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നായിരുന്നു കര്‍ണാടക ആരോപിച്ചിരുന്നത്. 18 കോടി രൂപ ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് നല്‍കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.