Mon. Sep 9th, 2024

ന്യൂഡൽഹി: ബോക്‌സിങ് താരവും കോൺഗ്രസ് നേതാവുമായിരുന്ന വിജേന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ”രാജ്യത്തിന്റെ വികസനത്തിനായും ജനങ്ങളെ സേവിക്കാനുമായി ഞാൻ ബിജെപിയില്‍ ചേർന്നു.”, വിജേന്ദർ സിങ് എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ മഥുര മണ്ഡലത്തിൽ നിന്നും വിജേന്ദർ സിങ് മത്സരിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വിജേന്ദർ സിങ് പരാജയപ്പെട്ടിരുന്നു.

ഹരിയാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള ജാട്ട് സമുദായത്തിൽ പെട്ടയാളാണ് വിജേന്ദർ സിങ്. ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ധാരാളം സീറ്റുകളില്‍ സ്വാധീനമുള്ള വ്യക്തിയാണ് വിജേന്ദർ സിങ്.

വിജേന്ദർ സിങ് പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ വേദികളില്‍ സജീവമായിരുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് വിജേന്ദര്‍ കഴിഞ്ഞ ദിവസം എക്‌സ് പ്ലാറ്റ്ഫോമില്‍ റീ ട്വീറ്റ് ചെയ്തിരുന്നു.