Mon. Dec 23rd, 2024

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലോക്സഭാ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർകർ ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൻ്റെയും സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും സാന്നിധ്യത്തിലായിരുന്നു അർച്ചന ബിജെപിയിൽ ചേർന്നത്.

മഹാരാഷ്ട്രയിലെ ഉദ്ഗിർ ലൈഫ്കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർപേഴ്സണാണ് അർച്ചന. അർച്ചനയുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീൽ ചന്ദുർകർ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.

രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കാനായാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പ്രധാനമന്ത്രി ​നരേന്ദ്ര മോദിയുടെ നാരീ ശക്തി അഭിയാം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ബിജെപിയിൽ ചേർന്നതിനു ശേഷം അർച്ചന മാധ്യമങ്ങളോട് പറഞ്ഞു.

ശിവരാജ് പാട്ടീലിന്റെ സഹായിയായിരുന്ന മുൻ മന്ത്രി ബസവരാജ് മുരുംകാറും അർച്ചനക്കൊപ്പം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ മകളുടെ വിവാഹം കാരണം നീട്ടി വെക്കുകയായിരുന്നു. യുപിഎ സർക്കാരിൽ 2004 മുതൽ 2008 വരെയാണ് ശിവരാജ് പാട്ടീല്‍ കേന്ദ്ര മന്ത്രിയായിരുന്നത്.