Tue. Sep 17th, 2024

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ടില്ലെന്നും സ്ഥാനാര്‍ത്ഥിയാകില്ലെന്നും ധനമന്ത്രി നിർമല സീതാരാമന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം തന്റെ പക്കലിൽ ഇല്ലാത്തതുകൊണ്ട് സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി നിർമല സീതാരാമന്‍ ടൈംസ് നൗ ചാനലിലെ പരിപാടിയിൽ വെളിപ്പെടുത്തി.

ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ ആന്ധ്രപ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നെന്നും നിർമല സീതാരാമന്‍ പറഞ്ഞു.

“ഒരു ആഴ്ച ആലോചിച്ചതിന് ശേഷം ഞാന്‍ പറഞ്ഞു, മത്സരിക്കാനില്ലെന്ന്. എന്റെ കൈയില്‍ അത്ര പണമില്ല. ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്സരിക്കുന്നതിലും എനിക്ക് പ്രശ്‌നമുണ്ടായിരുന്നു. അവിടങ്ങളില്‍ സമുദായവും മതവും വിജയ സാധ്യതയ്ക്കുള്ള ഒരു മാനദണ്ഡമാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.”, ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യത്തെ ധനമന്ത്രിക്ക് ഫണ്ടില്ലെന്നാണോ എന്ന ചോദ്യത്തിന്, “രാജ്യത്തിന്റെ പൊതുപണം എന്റേതല്ല. എന്റെ ശമ്പളവവും എന്റെ വരുമാനങ്ങളും എന്റെ സമ്പാദ്യവും മാത്രമാണ് എന്റേത്.”, എന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്.

നിര്‍മല സീതാരാമന്‍ നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. മത്സരിക്കാനില്ലെങ്കിലും പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.