Fri. Nov 22nd, 2024

2022 ൽ ആഗോളതലത്തിൽ ഉത്പാദിപ്പിച്ച ആഹാരത്തിന്റെ 19 ശതമാനം അഥവാ 105 കോടി ടൺ പാഴാക്കിയതായി യുഎൻ റിപ്പോർട്ട്. യുഎൻ പരിസ്ഥിതി പദ്ധതി (യുഎൻഇപി) ബുധനാഴ്ച പുറത്തിറക്കിയ ‘ആഹാരം പാഴാക്കൽ സൂചികാ റിപ്പോർട്ടി’ലാണ് ഈ വിവരം വ്യക്തമാക്കുന്നത്.

2030 – ഓടെ ഭക്ഷണം പാഴാക്കൽ പകുതിയാക്കുകയാണ് യുഎന്നിന്റെ ലക്ഷ്യം. 2021 ലെ ആദ്യ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളെക്കാൾ ഇരട്ടി രാജ്യങ്ങൾ പുതിയ സൂചികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎൻ പറഞ്ഞു. 2019 ൽ ആഹോളതലത്തിൽ ഉത്പാദിപ്പിച്ച ആഹാരത്തിന്റെ 17 ശതമാനം അഥവാ 931 ദശലക്ഷം മെട്രിക് ടൺ പാഴാക്കിയതായാണ് 2021 റിപ്പോർട്ട് വ്യക്തമാക്കുന്നത്.

യുഎൻഇപിയും അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ വേസ്റ്റ് ആൻഡ് റിസോഴ്‌സ് ആക്ഷൻ പ്രോഗ്രാമും (ഡബ്ല്യുആർഎപി) ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്പാടുള്ള 783 മില്യൺ ആളുകൾ പട്ടിണിയും ഭക്ഷ്യ പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന സമയത്താണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

വീടുകൾ, ഭക്ഷണശാലകൾ, ചില്ലറവിൽപ്പനശാലകൾ എന്നിവിടങ്ങളിൽ നടത്തിയ ഗവേഷണത്തിൽ ഓരോ വ്യക്തിയും വർഷം 76 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നുവെന്ന് കണ്ടെത്തി. ലോകമെമ്പാടും ഒരു ദിവസം പാഴാക്കുന്ന ഒരു ബില്യൺ ഭക്ഷണത്തിന് തുല്യമാണിത്.
60% ആഹാരവും പാഴാക്കുന്നത് വീടുകളിലാണ്. ഭക്ഷണശാലകളിൽ 28 ശതമാനവും ചില്ലറവിൽപ്പനശാലകളിൽ 12 ശതമാനവും ആഹാരം പാഴായിപ്പോകുന്നു.

ഇസ്രായേൽ ഹമാസ് യുദ്ധവും ഹെയ്തിയിലെ ആക്രമണവും ഭക്ഷ്യപ്രതിസന്ധി കൂടുതൽ വഷളാക്കി. വടക്കന്‍ ഗാസയിൽ ഭക്ഷ്യ ക്ഷാമം അടുത്തെത്തിയെന്നും ഹെയ്തിയിൽ ക്ഷാമം എത്താറായെന്നും വിദഗ്ധർ പറയുന്നു.

പാഴാക്കുന്ന ആഹാരം പരിസ്ഥിതിക്ക്‌ ദോഷം ചെയ്യുന്നുവെന്നത് ആശങ്ക ഉയർത്തുന്നതാണെന്ന് യുഎൻഇപി പറയുന്നു.
പാഴാക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ ദ്രവിച്ച് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാക്കുന്ന മിഥൈന്‍ വാതകം ഉണ്ടാകുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിലേക്ക് 30 ശതമാനം സംഭാവന നല്‍കുന്നത് ആഹാര പദാര്‍ത്ഥങ്ങള്‍ ദ്രവിച്ച് രൂപപ്പെടുന്ന ഈ മിഥൈന്‍ വാതകമാണ്. കൂടാതെ, ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 8-10 ശതമാനം ഉണ്ടാകുന്നത് ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നാണ്.