Thu. May 2nd, 2024

ന്യൂഡൽഹി: ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. വരുൺ ഗാന്ധിയെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കിയത് ഗാന്ധി കുടുംബവുമായുള്ള ബന്ധമാണെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

“വരുൺ മികച്ച പ്രതിച്ഛായയുള്ള ശക്തനായ നേതാവാണ്. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചത്. വരുൺ കോൺഗ്രസിൽ ചേരണം. അദ്ദേഹം പാർട്ടിയിൽ‌ ചേരുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമാണ്.”, അധിർ ചൗധരി പറഞ്ഞു.

ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള സിറ്റിംഗ് എംപി വരുൺ ഗാന്ധിക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ജിതിൻ പ്രസാദയാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥി. ജിതിൻ 2021 ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. നിലവിൽ യുപിയിലെ മന്ത്രിയാണ് ജിതിൻ പ്രസാദ.

വരുൺ ഗാന്ധി കർഷക സമരത്തിനിടയിൽ കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങളെ നിരന്തരം വിമർശിക്കുകയും കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. വരുൺ ഗാന്ധിയെ ബിജെപി ഒഴിവാക്കാനുള്ള കാരണം ഇതാണെന്നും പറയപ്പെടുന്നു.