Wed. Jan 22nd, 2025

ഗാസ: ഗാസയിൽ ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം 410 ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയും 104 ആംബുലന്‍സുകള്‍ക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഡബ്ല്യുഎച്ച്ഒ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

യുദ്ധങ്ങൾ ഉണ്ടാകുമ്പോൾ ആരോഗ്യ മേഖലയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ആവര്‍ത്തിച്ചു. സിവിലിയന്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യ സ്ഥാപനങ്ങളെയും സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കണമെന്നും ഇസ്രായേലിനോട് ഡബ്ല്യുഎച്ച്ഒ അഭ്യര്‍ത്ഥിച്ചു.

ഗാസയില്‍ പട്ടിണി കാരണം ശിശുമരണ നിരക്ക് വര്‍ധിക്കുകയാണെന്നും ഇത് മറികടക്കാന്‍ പോഷകാഹാരം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും ഗാസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

യുദ്ധം തുടരുന്നതിനിടെ പട്ടിണിയിലൂടെ ജനങ്ങളെ വേട്ടയാടുന്നത് യുദ്ധക്കുറ്റം ആണെന്നാണ് അടുത്തിടെ ഐക്യരാഷ്ട്രസഭ പറഞ്ഞത്.

ഗാസയില്‍ പട്ടിണി ഉണ്ടാകുമെന്ന് നേരത്തെ ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നിട്ടും മനുഷ്യ നിര്‍മിതമായ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.

ഗാസയിൽ ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 31923 ആളുകള്‍ കൊല്ലപ്പെട്ടു.