Wed. May 1st, 2024

ന്യൂഡൽഹി: ‘വിക്ഷിത് ഭാരത് സമ്പർക്ക്’ എന്ന ലേബൽ ഉള്ള വാട്ട്‌സ്ആപ്പ് മെസേജുകൾ നിർത്താൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. ഇത് സംബന്ധിച്ച റിപ്പോർട്ട് മന്ത്രാലയത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) നിലവില്‍ വന്നിട്ടും ഇപ്പോഴും മെസേജുകൾ ആളുകളുടെ ഫോണുകളിലേക്ക് അയക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു.

മാതൃകാ പെരുമാറ്റച്ചട്ടം വന്നതിന് ശേഷം മെസേജുകള്‍ അയച്ചിട്ടില്ലെന്നും ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നേരത്തെ അയച്ച മെസേജുകള്‍ ഇപ്പോഴാന്‍ ആളുകളിലേക്ക് എത്തിയതെന്നും സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടി ‘വിക്ഷിത് ഭാരത് സമ്പർക്കിൽ’ നിന്ന് മെസേജുകൾ അയക്കുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാൻ ഭാരത്, മാതൃ വന്ദന യോജന തുടങ്ങിയ സർക്കാർ പദ്ധതികളെക്കുറിച്ചും സർക്കാർ സംരംഭങ്ങളെക്കുറിച്ചും ആളുകളിൽ നിന്ന് നിർദേശങ്ങൾ തേടുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് ഉള്‍പ്പെടെയുള്ള പിഡിഎഫ് സഹിതമാണ് സന്ദേശം വരുന്നത്.