Fri. Nov 22nd, 2024

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം പി സാകേത് ഗോഖലെ. ആന്ധ്രപ്രദേശിലെ പൽനാട് എന്ന സ്ഥലത്തെ റാലിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ എയർഫോഴ്സിൻ്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് നൽകിയത്. 

എക്സിലൂടെയാണ് മോദിക്കെതിരെ കേസ് ഫയൽ ചെയ്ത കാര്യം സാകേത് ഗോഖലെ അറിയിച്ചത്. പൽനാട്ടിൽ ഇന്ത്യൻ എയർഫോഴ്സിൻ്റെ ഹെലികോപ്റ്ററിന് മുന്നിൽ മോദിയെ സ്വീകരിക്കുന്ന പിടിഐയുടെ ചിത്രവും സാകേത് ഗോഖലെ ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. 

‘തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. 1975ൽ സമാന കാരണത്താൽ ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയിരുന്നുവെന്നും ഐഎഎഫ് ഹെലികോപ്റ്റർ ബിജെപി വാടകക്കെടുത്തിട്ടുണ്ടെങ്കിൽ  ഇന്ത്യൻ എയർഫോഴ്സിൻ്റെ ഹെലികോപ്റ്ററുകളുടെ ശരിക്കുള്ള ഉപയോഗത്തെക്കുറിച്ചുള്ള വിവരം ഇലക്ഷൻ കമ്മീഷൻ നൽകണമെന്നും ‘ സാകേത് ഗോഖലെ പറഞ്ഞു.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നറിയിച്ച ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐഎഎഫ് ഹെലികോപ്റ്റർ ഉപയോഗിച്ച പ്രധാനമന്ത്രിക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ സുപ്രീംകോടതിക്ക് ഇടപെടാൻ കഴിയാത്തതുകൊണ്ടാണ് താൻ ഇലക്ഷൻ കമ്മീഷനെ സമീപിച്ചതെന്നും സാകേത് ഗോഖലെ പറഞ്ഞു.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.