Mon. Dec 23rd, 2024

ന്യൂ ഡൽഹി: അനധികൃത റോഹിംഗ്യൻ മുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനും സ്ഥിരതാമസമാക്കാനും മൗലികാവകാശമില്ലെന്നും നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവർക്ക് അഭയാർത്ഥി പദവി നൽകുന്നത് നയപരമായ വിഷയമാണെന്നും പാർലമെന്റിന്റെയും സർക്കാരിന്റെയും നയപരമായ വിഷയത്തിൽ ഇടപെടരുതെന്നും സുപ്രീം കോടതിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു വിദേശിക്ക് ജീവിക്കാനും സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമുണ്ടെങ്കിലും ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുമുള്ള അവകാശമില്ല. ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാവുന്ന അവകാശമാണെന്ന് പല സുപ്രീംകോടതി വിധികളും ഉദ്ധരിച്ച് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.

ചില റോഹിംഗ്യൻ മുസ്ലീങ്ങൾ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഹൈകമ്മീഷണറിൽ (യുഎൻഎച്ച്സിആർ) നിന്ന് കരസ്ഥമാക്കിയ അഭയാർത്ഥി കാർഡുകൾ ഉപയോഗിച്ച് അഭയാർത്ഥി പദവിക്കായി ശ്രമിക്കുന്നു. എന്നാൽ യുഎൻഎച്ച്സിആർ അഭയാർത്ഥി കാർഡുകൾ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അസം, പശ്ചിമ ബംഗാൾ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടനയിൽ മാറ്റം വരുത്തുന്നത് ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി എത്തുന്നവരാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

“റോഹിംഗ്യനുകളുടെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റവും ഇന്ത്യയിൽ താമസിക്കുന്നതും തുടരുന്നു. ഇത് നിയമവിരുദ്ധവും ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ നിറഞ്ഞതുമാണ്.”, സത്യവാങ്മൂലത്തിൽ പറയുന്നു.

വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ, മനുഷ്യക്കടത്ത്, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അട്ടിമറി പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ചില റോഹിംഗ്യൻ മുസ്ലീങ്ങൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിന്റെ വിശ്വസനീയമായ വിവരങ്ങൾ ഉണ്ടെന്നും കേന്ദ്രം പറയുന്നു.

തടവിലാക്കിയ റോഹിംഗ്യൻ മുസ്ലീങ്ങളെ വിട്ടയക്കണമെന്ന പ്രിയാലി സുറിൻ്റെ ഹർജിയിൽ അനധികൃതമായി പ്രവേശിക്കുന്നവരെ ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിടുമെന്ന് സർക്കാർ പറഞ്ഞു. 1951 ലെ അഭയാർത്ഥി കൺവെൻഷനിലും അഭയാർത്ഥികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്നും ആഭ്യന്തര നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി.