Sun. Dec 22nd, 2024

ഞങ്ങള്‍ ഓരോ ദിവസവും നേരം വെളുത്തത് മുതല്‍ ഉറങ്ങുന്നത് വരെ എന്തെല്ലാം പണികള്‍ ചെയ്യുന്നുണ്ട്. ഇത്രയും വര്‍ഷം സമാധാനപരമായി ജീവിച്ചിട്ടില്ല. ഒരു സിനിമയ്ക്ക് പോയിട്ട് വര്‍ഷങ്ങളായി. ടൂറിന് പോകാറില്ല. ഇതൊക്കെ ഞങ്ങള്‍ മറന്നു.

 

 

തൊഴിലും ജീവിതവും ഒരിക്കലും ഒരു ആശയ്ക്ക് സന്തുലിതമാക്കാന്‍ കഴിയാറില്ല. ജോലി സമ്മര്‍ദ്ദത്തിന്റെയും ഗാര്‍ഹിക സമ്മര്‍ദ്ദത്തിന്റെയും ഇടയില്‍ പെട്ട് വളരെ മോശം ജീവിതം നയിക്കുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ജോലിക്കിടെ നേരിടേണ്ടി വരുന്നത് ജാതീയ അധിക്ഷേപങ്ങള്‍ അടക്കമുള്ള മാനസിക പീഡനങ്ങളാണ്. മാത്രമല്ല വിവരങ്ങള്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ വീട്ടുകാര്‍ പട്ടിയെ അഴിച്ചു വിടുക, ഗേറ്റ് പൂട്ടിയിടുക തുടങ്ങിയ ക്രൂരതകളും ആശമാര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഫീല്‍ഡ് എല്ലാം കഴിഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചെന്നാല്‍ വിശ്രമ സ്ഥലമോ ഇരിക്കാന്‍ ഒരു കസേരയോ ഇല്ല. ആശുപത്രികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് ആശമാരെ പങ്കെടുപ്പിക്കാത്ത അനുഭവങ്ങളും ആശ വര്‍ക്കര്‍മാര്‍ പങ്കുവെക്കുകയുണ്ടായി.

”ഒരു ഓണം വന്നാല്‍ ഇല ഇടുന്നുണ്ടെങ്കില്‍ ഞങ്ങളെ മാറ്റി നിര്‍ത്തും. ക്രിസ്തുമസ് വന്നാല്‍, ഒരു സ്റ്റാഫ് റിട്ടയര്‍ ചെയ്യുമ്പോള്‍ എല്ലാം ഞങ്ങളെ മാറ്റി നിര്‍ത്തും’ എന്നാണ് ഞാറക്കലിലെ ആശ പ്രവര്‍ത്തകര്‍ പറഞ്ഞത്. തൊഴിലാളി എന്ന പദവി ഇല്ലാത്തതിനാല്‍ ആശുപത്രി ജീവനക്കാരില്‍ നിന്നും കേള്‍ക്കേണ്ടി വരുന്ന ആധിക്ഷേപങ്ങള്‍ക്കും കണക്കില്ല. അടിമകളോട് എന്നപോലെയാണ് ആശമാരോട് പലരും പെരുമാറുന്നത് എന്നാണ് എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ ആശമാര്‍ പറഞ്ഞത്. ഇത്തരം പ്രശ്‌നങ്ങളെയൊക്കെ തരണം ചെയ്ത് ആരോഗ്യ രംഗത്തെ വേരുകളായി ആശമാര്‍ പ്രവര്‍ത്തനം തുടരുന്നത് അവരിലെ മനുഷ്യത്വം കൊണ്ടുകൂടിയാണ്.

”പല രീതിയിലുള്ള ഉദ്യോഗസ്ഥര്‍ ആണല്ലോ വരുന്നത്. അവരുടെ സ്വഭാവത്തിന് അനുസരിച്ച് നമ്മളോടുള്ള പെരുമാറ്റത്തിലും മാറ്റം ഉണ്ട്. ഇപ്പോഴുള്ള ജെപിഎച്ച്എന്‍മാര്‍ നല്ലവരാണ്. ഞങ്ങളെ കൊണ്ട് തലവേദനയാണ് എന്ന് പറഞ്ഞ ജെപിഎച്ച്എന്‍മാര്‍ വരെ ഉണ്ടായിട്ടുണ്ട്. ആശമാര്‍ക്ക് വേണ്ടിയുള്ള ഇരിപ്പിടങ്ങള്‍ ഒന്നും ആശുപത്രിയില്‍ ഇല്ല. അത് വേണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. വിശ്രമ സ്ഥലമോ ഇരിക്കാനായി മേശയോ കസേരയോ ഒന്നും ഇല്ല. റിപ്പോര്‍ട്ടുകള്‍ മടിയില്‍ വെച്ച് എഴുതി കൊടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. നായരമ്പലം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

”ഞങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആണെന്ന് പറഞ്ഞു നടന്നാലും ഒരു ആശുപത്രിയില്‍ പോയാല്‍ ഞങ്ങള്‍ക്ക് പരിഗണന ഇല്ല. ഇപ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ കൂടുതല്‍ പൈസ വേണം. ഈ 6000 രൂപയില്‍ നിന്നും അതിനുള്ള പൈസ എടുക്കാന്‍ ഉണ്ടാവില്ല. ഇന്‍ഷൂറന്‍സും ഇഎസ്‌ഐയും പെന്‍ഷനും ഞങ്ങള്‍ക്കില്ല. 62 വയസ്സ് കഴിഞ്ഞവര്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. ഇത്രകാലം അവര്‍ പണിയെടുത്തിട്ട് വിരമിക്കുമ്പോള്‍ എന്താണ് അവര്‍ക്ക് കിട്ടുക എന്നും സര്‍ക്കാര്‍ പറയണം.”, നായരമ്പലം പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

ആശ വര്‍ക്കര്‍ Screen grab @ Copyright PSI

”ആദ്യമൊക്കെ ആശുപത്രിയില്‍ ഞങ്ങളെ മാറ്റി നിര്‍ത്തുമായിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് വേറെ സ്ഥലം, ആശുപത്രി ജീവനക്കാര്‍ക്ക് വേറെ സ്ഥലം അങ്ങനെയായിരുന്നു. കൊവിഡിന് ശേഷമാണ് മാറ്റം വന്നത്. കൊവിഡിന് മുമ്പ് ഓണം, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഒന്നും ആശമാരെ പങ്കെടുപ്പിക്കില്ലായിരുന്നു. കൊവിഡിന് ശേഷം ഞങ്ങളാണ് എല്ലാം മുന്നില്‍ നിന്നുകൊണ്ട് സംഘടിപ്പിക്കുന്നത്. പരിപാടി ആസൂത്രണം ചെയ്യുന്നത് മുതല്‍ ഭക്ഷണം ഏര്‍പ്പാടാക്കല്‍ വരെ ഞങ്ങളാണ് ചെയ്യുന്നത്. പണ്ടത്തെ പോലെയുള്ള വിവേചനം ഇപ്പോഴില്ലാ എന്ന് പറയാം.”, മുളവുകാട് പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറയുന്നു.

”ആശുപത്രിയില്‍ സ്റ്റാഫിനൊക്കെ ഇരിക്കാന്‍ ഓരോ ഇടങ്ങളുണ്ട്. അവിടെയൊക്കെ എന്തെങ്കിലും കാര്യങ്ങള്‍ക്ക് ഞങ്ങള്‍ കയറി ചെന്നാല്‍ കസേരയില്‍ ഇരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. ആശമാര്‍ ഞങ്ങളോട് ചോദിക്കാതെ ഇരുന്നു എന്ന് അവര്‍ പറയും. അതുപോലെ എന്തെങ്കിലും പരിപാടികള്‍ ഉണ്ടായാല്‍ എല്ലാവരും അവിടെ പോയി ഭക്ഷണം കഴിക്കും. ഞങ്ങളെ വിളിക്കില്ല. ഒപിയില്‍ ഇരിക്കുന്ന ആശമാരെ പോലും വിളിക്കില്ല. ഞങ്ങള്‍ക്കും ഭക്ഷണം തരണം എന്നല്ല പറയുന്നത്. എല്ലാരും കഴിക്കുമ്പോള്‍ ഞങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് ശരിയല്ലല്ലോ. 2023 അവസാനം വരെ നടന്ന കാര്യമാണിത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. പുതിയ തലമുറയിലെ ആളുകള്‍ ഞങ്ങളെ പരിഗണിക്കുന്നുണ്ട്. പക്ഷെ ഞങ്ങളെ ഇഷ്ടമില്ലാത്തവരും ഉണ്ട്.”, പള്ളിപ്പുറം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ഷീല ഗോപി പറഞ്ഞു.

”ഞങ്ങളാണ് ആരോഗ്യ മേഖലയുടെ വേരുകള്‍ എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഏതു സ്ഥലത്ത് ചെന്നാലും ഞങ്ങള്‍ പ്രശ്‌നക്കാര്‍ ആണെന്ന് പ്രാജക്റ്റ് ചെയ്തു കാണിക്കും. എന്തുതന്നെ പറഞ്ഞാലും ഹോസ്പിറ്റലിലെ സ്റ്റാഫ് കൂടിയാല്‍ ഞങ്ങള്‍ അവിടെ ഇല്ല. എത്രയൊക്കെ പണിയെടുത്താലും ഞങ്ങള്‍ക്ക് നിരാശ മാത്രമേ ഉള്ളൂ. പേരിലെ ആശ ഞങ്ങള്‍ക്കില്ല. ഇന്നും ഈ ജോലി ചെയ്യുന്നത് ഒരുപാട് പ്രശ്‌നങ്ങളും അവശതകളും സഹിച്ചു തന്നെയാണ്. ഇന്നല്ലെങ്കില്‍ നാളെ കാര്യങ്ങള്‍ ശരിയാകും എന്ന പ്രതീക്ഷയിലാണ് കഴിയുന്നത്. ഓരോ സര്‍ക്കാര്‍ മാറി വരുമ്പോഴും ഞങ്ങള്‍ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കും. ഓരോ ബജറ്റ് വരുമ്പോഴും ഞങ്ങള്‍ക്ക് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കും. ഞങ്ങളെ പരിഗണിക്കാനും ശ്രദ്ധിക്കാനും ആരും ഇല്ല. ഒരു ഓണം വന്നാല്‍ ഇല ഇടുന്നുണ്ടെങ്കില്‍ ഞങ്ങളെ മാറ്റി നിര്‍ത്തും. ക്രിസ്തുമസ് വന്നാല്‍, ഒരു സ്റ്റാഫ് റിട്ടയര്‍ ചെയ്യുമ്പോള്‍ എല്ലാം ഞങ്ങളെ മാറ്റി നിര്‍ത്തും. ഇപ്പോള്‍ ഹോസ്പിറ്റലില്‍ നിന്നും ഒരു കട്ടന്‍ ചായ പോലും ഞങ്ങള്‍ കുടിക്കാറില്ല.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ ദീപ പറയുന്നു.

”പല സ്ഥലങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും വിവേചനങ്ങള്‍ നേരിടാരുണ്ട്. ചില വീട്ടുകാര്‍ ഞങ്ങളെ കാണുമ്പോള്‍ പട്ടിയെ അഴിച്ചു വിടും. ഗേറ്റ് തുറന്ന് പട്ടി ചാടി വരുമ്പോഴേക്കും ഞങ്ങള്‍ ചാടി പുറത്ത് കടക്കും. ഞാന്‍ ഒരു വീടിന്റെ മുമ്പില്‍ നിന്നു കരഞ്ഞിട്ടുണ്ട്. ചില വീട്ടുകാര്‍ കോളിംഗ് ബെല്‍ അടിച്ചാലും വാതില്‍ തുറക്കില്ല. ഇത്തരത്തില്‍ പല രീതിയില്‍ അവഹേളിക്കുന്ന ആളുകള്‍ ആണ് ഇവിടുള്ളത്. ഞങ്ങള്‍ക്ക് ജീവിക്കണ്ടേ. എനിക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവില്ല. എന്റെ വരുമാനത്തിലാണ് ജീവിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാരായ മിനിയും രാജേശ്വരിയും പറഞ്ഞു.

”എന്നെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ നിന്നും തിരിച്ച് ഇറങ്ങിയതിനു ശേഷം ഞാന്‍ ജെപിഎച്ച്എന്നിനോട് പറഞ്ഞു, ഇനി ആ വീട്ടില്‍ കേറില്ല എന്ന്. എന്റെ ജാതിയെ കുറിച്ചാണ് ആ വീട്ടുകാര്‍ സംസാരിച്ചത്. ആ വീട്ടില്‍ ഗര്‍ഭിണി ഉണ്ടെന്ന് സിസ്റ്റര്‍ പറഞ്ഞു. ഗര്‍ഭിണി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ആ വീട്ടില്‍ കയറില്ലെന്ന് തീര്‍ത്ത് പറഞ്ഞു. എനീക്കാ പൈസ വേണ്ട. അവര് ചിലപ്പോള്‍ മുന്തിയ ആളുകള്‍ ആയിരിക്കും. ചെല്ലുന്ന ആള്‍ക്കാര്‍ ചെറുതാണെന്ന് കരുതി അങ്ങനെയൊക്കെ തരംതാഴ്ത്താന്‍ പാടുണ്ടോ? ഞാന്‍ ആ വീട്ടില്‍ നിന്നും പുറത്തിറങ്ങി അയാളോട് പറഞ്ഞു, നിങ്ങളെക്കാളും മുന്തിയ ആളുകള്‍ അപ്പുറം ഉണ്ട്. അവര്‍ നിങ്ങളെ ഇങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിഷമം വരോ ഇല്ലയോ എന്ന്. പിന്നെ അയാള്‍ എന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല.

മറ്റൊരു സംഭവം ഉണ്ടായത് ഞാന്‍ പോകുന്ന ഏരിയ കുറച്ച് പണക്കാര്‍ താമസിക്കുന്നത് സ്ഥലമാണ്. ഒരു വീട്ടില്‍ പോയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ പറഞ്ഞു ഞാന്‍ ഇനി അവിടെ ചെല്ലണ്ടെന്ന്. എല്ലാ കാര്യങ്ങളും നേരിട്ട് ഹോസ്പിറ്റലിലേയ്ക്ക് അയച്ചു കൊടുത്തോളം എന്ന്. ഡോക്ടര്‍ അയച്ചു കൊടുക്കുന്ന വിവരങ്ങള്‍ കിട്ടുന്നത് ജെഎച്ച്‌ഐയ്ക്കാണ്. ജെഎച്ച്‌ഐ എന്നെ ചീത്ത വിളിച്ചു. ഞാന്‍ ആ വീട്ടില്‍ നിര്‍ബന്ധമായും പോണം എന്ന് പറഞ്ഞു. എന്നോട് ചെല്ലണ്ട എന്ന് പറഞ്ഞ വീട്ടില്‍ ഞാന്‍ എങ്ങനെ പോകാനാണ്.”, പള്ളിപ്പുറം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ രാജേശ്വരി അനുഭവം പറയുന്നു.

ആശ വര്‍ക്കര്‍ Screen grab @ Copyright The Hindu

”പഞ്ചായത്തും ഞാറക്കല്‍ താലൂക്ക് ആശുപത്രിയും ഒന്നിച്ചാണ് കൊവിഡ് വാക്‌സിനേഷന്‍ കൊടുത്തിരുന്നത്. ആ സമയത്ത് മെമ്പര്‍മാര്‍ തമ്മില്‍ എന്തൊക്കെയോ പ്രശങ്ങള്‍ ഉണ്ടായി. ഞാനും ആ വഴക്ക് കാണുന്നുണ്ടായിരുന്നു. ആ വിഷയം പിന്നീട് കേസിലെയ്ക്ക് പോയി. സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷം എന്നെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിളിപ്പിച്ച് ഒരു പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു. പൊലീസും ഉണ്ടായിരുന്നു അവിടെ. ഒപ്പിടുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പോലീസ് പറഞ്ഞത്, അന്വേഷണത്തിന് പോലീസ് വന്നു എന്ന തെളിവിന് വേണ്ടിയാണ്, അല്ലാതെ വേറെ ഒന്നിനും അല്ലാ എന്നാണ്. ഞാന്‍ ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. ഞങ്ങളുടെ എച്ച് ഐ ചതിക്കില്ലാ എന്ന ധാരണയിലാണ് വായിച്ചു പോലും നോക്കാതെ ഒപ്പിട്ടു കൊടുത്തത്. എന്റെ വാര്‍ഡ് മെമ്പറുമായാണ് വിഷയം ഉണ്ടായിരിക്കുന്നത്. ഞാന്‍ ഒപ്പിട്ട കാര്യം മെമ്പറോടു പറയുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് കുറേ കാലത്തിനു ശേഷം ഞാന്‍ എന്ത് ആവശ്യത്തിന് വിളിച്ചാലും മെമ്പര്‍ ഫോണ്‍ എടുക്കാതെയായി. ഒരു വിധവാ പെന്‍ഷന് വേണ്ടി മെമ്പറുടെ ഒപ്പ് വേണമായിരുന്നു. പക്ഷെ, മെമ്പര്‍ എനിക്ക് ഒപ്പിട്ടു തന്നില്ല. ഈ കാര്യം മെമ്പറോട് ചോദിച്ചപ്പോള്‍ റോഡില്‍ വെച്ച് എന്നെ ചീത്ത വിളിച്ചു. എന്താ സംഭവം എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കരഞ്ഞാണ് ഞാന്‍ വീട്ടിലെയ്ക്ക് പോയത്. പിന്നീട് എന്റെ കൂട്ടുകാരി ചോദിച്ചപ്പോള്‍ മെമ്പര്‍ പറഞ്ഞത് ലിസി എനിക്കെതിരെ സാക്ഷി പറഞ്ഞു എന്നാണ്. ഞാന്‍ അറിയാത്ത സംഭവം ആണിത്. ശരിക്കും അന്നുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ പ്രമീള ചതിച്ചതായിരുന്നു. അത് ഒരിക്കലും ഒരു സ്ഥാനത്തിരിക്കുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. ഞാന്‍ ഒരിക്കലും മെമ്പറിനെതിരെ സാക്ഷി പറയില്ല. ഏതു കോടതിയും ഞാന്‍ മെമ്പറിനെതിരെ സാക്ഷി പറയില്ല. കാരണം ഇവര്‍ എന്നെ ചതിച്ചതാണ്. പ്രമീളയും സൂപ്രണ്ടും പിരിഞ്ഞു പോകുന്ന സമയത്ത് അവരോടും ഞാന്‍ പറഞ്ഞു, നിങ്ങള്‍ ചെയ്തത് ചതിയാണെന്ന്. എന്നെ ഏതെങ്കിലും കാരണവശാല്‍ കോടതിയിലേയ്ക്ക് വിളിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ രണ്ടു പേരുടെയും പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യും എന്നും പറഞ്ഞു. ഇത് നിങ്ങള്‍ എന്തായാലും പ്രസിദ്ധീകരിക്കണം. എന്നെ കോടതിയിലേയ്ക്ക് വിളിപ്പിക്കുകയാണെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. ആ മാനസിക വിഷമം എനിക്ക് ഇപ്പോഴുമുണ്ട്.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ ലിസി പറയുന്നു.

”ഞങ്ങളുടെ കയ്യില്‍ ഇരിക്കുന്ന പൈസ എടുത്ത് ആളുകള്‍ക്ക് മരുന്ന് വാങ്ങിച്ചു കൊടുക്കുന്നുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് ഒരുപാട് പൈസ കിട്ടുന്നുണ്ട് എന്നാണ് ആളുകള്‍ വിചാരിക്കുന്നത്. പട്ടികടിച്ച ഒരു കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഞാന്‍ സഹായിച്ചിരുന്നു. അടുത്ത വാക്‌സിന്‍ എടുക്കാന്‍ പോകേണ്ട ദിവസം ആയപ്പോള്‍ അവരെ വിളിച്ചു. പോകാനുള്ള പൈസ ഞാന്‍ കൊടുക്കണം എന്നാണ് പറഞ്ഞത്. അത് ഇല്ലാ എന്ന് പറഞ്ഞപ്പോ പിന്നെ എന്തിനാ ഉടുത്തൊരുങ്ങി നടക്കുന്നത് എന്നാണ് പറഞ്ഞത്. ഞങ്ങളെ കീഴാളന്‍മാരായാണ് കണക്കാക്കുന്നത്. നിങ്ങള്‍ വാര്‍ഡിലെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയുള്ളതല്ലേ തൊഴിലാളികള്‍ ഒന്നും അല്ലല്ലോ എന്നാണ് ആശുപത്രിയിലുള്ളവര്‍ പറയുന്നത്. ആഘോഷങ്ങള്‍ക്ക് എല്ലാം ഞങ്ങളെ മാറ്റിനിര്‍ത്തും. പക്ഷെ രോഗങ്ങള്‍ വന്നാല്‍ ആശ വര്‍ക്കര്‍മാരെ വേണം.”, എടവനക്കാട് പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാര്‍ പറയുന്നു.

”ഞങ്ങള്‍ എപ്പോഴും ഓര്‍ക്കും ആര് കണ്ടുപിടിച്ചു ഈ ആശയെ എന്ന്. ചില കാര്യങ്ങളില്‍ എല്ലാം മാറ്റങ്ങള്‍ വരാറുണ്ട്. ഞങ്ങള്‍ക്ക് ഏറ്റവും സങ്കടമുള്ള കാര്യം ഞങ്ങള്‍ പകല്‍ മുഴുവന്‍ നടന്ന് ജോലി ചെയ്ത് 30 ദിവസത്തെ കാര്യങ്ങള്‍ എഴുതികൂട്ടി ഇവരുടെ മുന്‍പില്‍ പോയി നിന്ന് അടിമകളെ പോലെ വായിച്ചു കേള്‍പ്പിക്കണം. ഞങ്ങള്‍ ജോലി ചെയ്യുന്നുണ്ട് എന്ന് അവര്‍ക്കും അറിയാം. എന്നിട്ടും ഈ കാര്യങ്ങള്‍ എല്ലാം വായിച്ചു കേള്‍പ്പിക്കണം. ഈ വായിക്കുന്ന സമയത്ത് മെമ്പര്‍ ഇല്ലെങ്കില്‍ ഞങ്ങളുടെ 600 രൂപ കട്ട് ചെയ്യും. മെമ്പര്‍, അംഗനവാടി ടീച്ചര്‍, വാര്‍ഡിലെ പ്രധാനപ്പെട്ട വ്യക്തികള്‍, എഡിഎസ് എന്നിവരാണ് അവലോകന യോഗത്തില്‍ ഉണ്ടാവുക. ഈ യോഗത്തിന് മെമ്പര്‍ എത്തിയില്ലാ എന്ന് കരുതി പണിയെടുത്ത പൈസ തരാതിരിക്കുന്നത് ശരിയല്ലല്ലോ?

ഞങ്ങളുടെ ജെപിഎച്ച്‌ഐ, മെഡിക്കല്‍ ഒഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരെയൊക്കെ കാര്യങ്ങള്‍ അറിയിച്ചാല്‍ പോരെ. നാട്ടുകാരെ വിളിച്ചുവരുത്തി ഇക്കാര്യങ്ങള്‍ എല്ലാം ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ?. ഞങ്ങള്‍ ഓരോ ദിവസവും നേരം വെളുത്തത് മുതല്‍ ഉറങ്ങുന്നത് വരെ എന്തെല്ലാം പണികള്‍ ചെയ്യുന്നുണ്ട്. ഇതിനിടെ വിളിക്കുന്നവരുടെ വീട്ടില്‍ ഓടിപ്പാഞ്ഞ് പോണം. എല്ലാം കാര്യങ്ങളും ഞങ്ങള്‍ ചെയ്ത് കൊടുക്കുന്നു. എന്നിട്ട് എന്ത്ു കാര്യത്തിനാണ് ഈ അവലോകനം നടത്തി ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഇവരുടെ മുന്നില്‍ പോയി നിന്ന് ഞങ്ങള്‍ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ വ്യക്തിത്വം നഷ്ടപ്പെടുകയാണ്. 600 രൂപ കിട്ടാന്‍ ഞങ്ങളുടെ വ്യക്തിത്വത്തെ പണയപ്പെടുത്തുകയാണ്. 2018 ന് ശേഷമാണ് ഈ വാര്‍ഡ് അവലോകനം തുടങ്ങിയത്.

ഞങ്ങളുടെ കൂടെയുള്ള ഒരു ആശയ്ക്ക് വാര്‍ഡ് അവലോകനത്തിന്റെ പൈസ കിട്ടിയിട്ട് മാസങ്ങളായി. വാര്‍ഡ് അവലോകനം നടക്കുന്ന സമയത്ത് വാര്‍ഡ് മെമ്പര്‍ വരില്ല. വാര്‍ഡ് മെമ്പറിന് സൗകര്യം ഇല്ലാ എന്നാണ് പറയാറ്. മെമ്പറുടെ അസാന്നിധ്യത്തില്‍ വാര്‍ഡ് അവലോകനം നടത്താന്‍ പാടില്ല. ഇനി നടത്തിയാല്‍ തന്നെ അതിന് അംഗീകാരവും ഉണ്ടാവില്ല. മെമ്പറിന്റെ ഒപ്പ് വേണം.”, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

ആശ വര്‍ക്കര്‍ Screen grab @ Copyright The Hindu

”ഞങ്ങളുടെ ഒരു വാര്‍ഡില്‍ രണ്ട് ആശമാര്‍ക്ക് പീഡനം ആയിരുന്നു. അവര്‍ ജോലി ഇട്ടെറിഞ്ഞു പോയി. ഏഴുമാസം ആ വാര്‍ഡില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീടാണ് അവിടെ ആളെ എടുത്തത്. അവര്‍ എന്ത് വര്‍ക്ക് ചെയ്താലും വിലകല്‍പ്പിച്ചിരുന്നില്ല. 15 വര്‍ഷമായി ഒരു വാര്‍ഡില്‍ പണിയെടുക്കുന്ന ആശയുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍. അവിടെയുള്ള മെമ്പര്‍ക്ക് ആശയെ അവിടെ നിന്നും പറഞ്ഞു വിടണം. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെടുത്തിയുള്ള ഒരു പ്രശ്‌നമാണ്. അവര്‍ക്ക് താല്‍പ്പര്യമുള്ള ആളെ ആശയാക്കണം അതിന് വേണ്ടിയാണ്. ആ മെമ്പറെ കൊണ്ട് ആശയ്ക്ക് എന്നും പ്രശ്‌നമാണ്.

ഞങ്ങളെ ആരോഗ്യ വകുപ്പിന്റെ സ്റ്റാഫ് അല്ലെന്നാണ് പറയാറ്. ഒരു മീറ്റിങ്ങിനു പോയപ്പോള്‍ അവിടുന്നും കേട്ടു. ഞങ്ങള്‍ പഞ്ചായത്തിന്റെ സ്റ്റാഫ് ആണെന്നാണ് ആ മീറ്റിങ്ങില്‍ പറഞ്ഞത്. അഞ്ചു വര്‍ഷവും മാറി മാറി വരുന്നവര്‍ പറയുന്നത് ഇനി ഞങ്ങള്‍ കേള്‍ക്കണോ? പഞ്ചായത്ത് പറയുന്ന കാര്യങ്ങളും ചെയ്യണം എന്നാണ് ഇപ്പോള്‍ പറയുന്നത്. കിലയുടെ മീറ്റിങ്ങിനു പോയപ്പോള്‍ അവിടുന്നും പറഞ്ഞു ഇക്കാര്യം. ഞങ്ങള്‍ ശരിക്കും ആരൊക്കെ പറയുന്നത് കേള്‍ക്കണം. ആശയ്ക്ക് ഒരു വ്യക്തിത്വമില്ലേ.. ആശ ആരുടെതാണ് എന്ന് വ്യക്തമാക്കണം. ഹെല്‍ത്ത്കാരുടെ പൊതുമുതല്‍ ആയാണ് ഞങ്ങളെ ഇവര്‍ വെക്കുന്നത്. ഇപ്പോള്‍ ആയുര്‍വേദ ആശുപത്രിയുമായി ചേര്‍ന്നും ഞങ്ങള്‍ പണി എടുക്കണം.’, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

‘ഒരു ക്ലാസ് ചായ വലച്ചു കുടിച്ചാണ് രാവിലെ ഓടുന്നത്. കുറച്ചു കാലം എങ്കിലും മാന്യമായി ജീവിച്ചു മരിക്കാനുള്ള ശമ്പളം തരണം. ഞങ്ങളുടെ ആഘോഷങ്ങളും സന്തോഷങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിച്ച് ജീവിച്ചിട്ട് റിട്ടയര്‍ ആയി പോകുമ്പോള്‍ ഒന്നും ഇല്ല എന്ന് പറയുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. വയസായി കറവ വറ്റിയ പശുവിനെ പോലെ ആയി ഞങ്ങള്‍. വീട്ടുകാര്‍ക്ക് പോലും വേണ്ടാതാവും. അപ്പൊ ഞങ്ങള്‍ എന്തു ചെയ്യും.? ഇത്രയും വര്‍ഷം സമാധാനപരമായി ജീവിച്ചിട്ടില്ല. ഒരു സിനിമയ്ക്ക് പോയിട്ട് വര്‍ഷങ്ങളായി. ടൂറിന് പോകാറില്ല. ഇതൊക്കെ ഞങ്ങള്‍ മറന്നു.” എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

”ഞാന്‍ ഒരു ഹൃദ്രോഗിയാണ്. ഡോക്ടര്‍ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുത്തിട്ട് എന്നോട് പോവണ്ട എന്ന് ജെപിഎച്ച്എന്‍ പറഞ്ഞു. പോകാന്‍ പറ്റില്ല, ഇവിടിപ്പോ മീറ്റിംഗ് ഉണ്ട്, അതിന് പങ്കെടുക്കണം എന്നാണ് പറഞ്ഞത്. പിന്നെ ഒരുപാട് പറഞ്ഞ് ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ സമ്മതം വാങ്ങിയാണ് ഡോക്ടറെ കാണിക്കാന്‍ പോയത്.”, ചെല്ലാനം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

”ആശമാര്‍ ഹൃദയ ശുദ്ധി ഉള്ളവര്‍ ആണെന്നേ ഞാന്‍ പറയൂ. അങ്ങനെയുള്ള ഒരാള്‍ക്കേ ഈ പണി ചെയ്യാന്‍ പറ്റൂ. 6000 രൂപയെ കിട്ടുന്നൂള്ളൂ എന്ന് കരുതി ഇത് ഇട്ടെറിഞ്ഞു പോകാം. പക്ഷെ, ഒരു കാരുണ്യം ഞങ്ങളുടെ മനസ്സില്‍ ഉള്ളതുകൊണ്ടാണ് ഈ ജോലി തുടരുന്നത്. ഞങ്ങളും അവഗണന നേരിടുന്നുണ്ട്. കുട്ടികളുടെ കുത്തിവെയ്പ്പ് ഡ്യൂട്ടിയുണ്ട് ഞങ്ങള്‍ക്ക്. മൂന്നു പേരാണ് ഡ്യൂട്ടിയില്‍ ഉണ്ടാവുക. ഒരാള്‍ പിടിച്ചു കൊടുക്കാന്‍, ഒരാള്‍ കാര്‍ഡ് വാങ്ങി നല്‍കാന്‍, ഒരാള്‍ വാതില്‍ക്കല്‍ നിന്നു വിളിക്കാന്‍. ഞാന്‍ അന്ന് വാതില്‍ക്കല്‍ ആയിരുന്നു നിന്നിരുന്നത്. ഒരു സ്ത്രീ വന്ന് എന്റെ മുമ്പിലൂടെ അകത്തേക്ക് കയറി പോയി. ഞാന്‍ വിചാരിച്ചത് ഓഫീസിലെ സ്റ്റാഫ് ആണെന്നാണ്. ഒമ്പത് മണി മുതല്‍ ഒരേ നില്‍പ്പാണ്. അത്രയും സമയം എല്ലാ കാര്യങ്ങളും നല്ലപോലെ ചെയ്ത എന്റെ അടുത്ത് സിസ്റ്റര്‍ ചൂടായി. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ സിസ്റ്റര്‍ തയ്യാറായില്ല. എന്നോട് പറഞ്ഞത് പറ്റില്ലെങ്കില്‍ ഐഡി കാര്‍ഡ് ഊരി കൊടുത്ത് പോകാനാണ്. 500 രൂപ കിട്ടിയിരുന്ന സമയത്തും 6000 കിട്ടുന്ന സമയത്തും ഒരേ പോലെയാണ് ജോലി ചെയ്യുന്നത്. ആശയുടെ ജോലി എന്തെന്ന് അറിഞ്ഞ് അത് കൃത്യമായി ചെയുന്ന ആശയാണ് ഞാന്‍. അതുകൊണ്ട് ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നന്നായി വിഷമിക്കും.”, മട്ടാഞ്ചേരി ഡിവിഷനിലെ ആശ വര്‍ക്കര്‍ മെഹറുന്നീസ വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

ആരാണ് ആശാ വര്‍ക്കര്‍?

സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം

എന്താണ് വിവേചനം?

വംശം, ലിംഗഭേദം, പ്രായം, മതം, ലൈംഗികത, ജാതി തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ആളുകൾക്കിടയിൽ അന്യായമോ മുൻവിധിയോ ഉള്ള വേർതിരിവ് ഉണ്ടാക്കുന്ന പ്രക്രിയയാണ് വിവേചനം.

Quotes

മുൻവിധി എന്നത് ഭൂതകാലത്തെ ആശയക്കുഴപ്പത്തിലാക്കുകയും ഭാവിയെ ഭീഷണിപ്പെടുത്തുകയും വർത്തമാനകാലത്തെ അപ്രാപ്യമാക്കുകയും ചെയ്യുന്ന ഒരു ഭാരമാണ്- മായ ആഞ്ചലോ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.