Mon. Dec 23rd, 2024

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ 200ലധികം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാർ ഇറക്കിയ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദീവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്‌ഐ, വിവിധ മുസ്ലീം സംഘടനകള്‍ അസം പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ നല്‍കിയ ഇരുന്നൂറിലധികം ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഹര്‍ജികളില്‍ വാദം കേള്‍ക്കണമെന്ന് മുസ്ലിം ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നേരത്തെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

പൗരത്വത്തിന് അപേക്ഷ സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. പൗരത്വത്തിന് ആറ് ലക്ഷം പേർ അപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

2019ലാണ് പൗരത്വ നിയമഭേദഗതി ബില്ല് 2019 ലാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.