Mon. Dec 23rd, 2024

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ മൂന്നാഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. ഏപ്രിൽ ഒൻപതിന് കേസ് വീണ്ടും പരിഗണിക്കും. 237 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

എല്ലാ ഹര്‍ജിക്കാര്‍ക്കുമായി ഒരു നോഡല്‍ അഭിഭാഷകന്‍ വേണമെന്നും അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹർജികളില്‍ പ്രത്യേകം നോഡല്‍ അഭിഭാഷകനെ വെക്കാമെന്നും കോടതി പറഞ്ഞു.

നാല് വർഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും ആർക്കെങ്കിലും പൗരത്വം ലഭിച്ചാൽ ഹർജികൾ നിലനിൽക്കില്ലെന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ നിലവില്‍ വന്നത് ഇപ്പോഴാണെന്നും അതിനാലാണ് സ്‌റ്റേ ആവശ്യപ്പെടുന്നതെന്നും ഹർജിക്കാര്‍ വാദിച്ചു.

ആരുടെയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹർജികൾ മുൻവിധിയോടെയെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.

മുസ്ലിം ലീഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജയ്റാം രമേശ്, മുസ്ലീം സംഘടനകള്‍ അടക്കമുള്ളവരാണ് ഹർജിക്കാർ.