Fri. Nov 22nd, 2024

രാവിലെ ഒമ്പത് മണിക്ക് മുന്‍പേ ഞങ്ങള്‍ വീട്ടിലെ പണികള്‍ ഒക്കെ തീര്‍ക്കും. എപ്പോ വിളി വരും എന്ന് പറയാന്‍ പറ്റില്ല. കുട്ടികളുടെ കാര്യവും വീട്ടിലെ മുതിര്‍ന്നവരുടെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ ആണ്. രാവിലെ നാലര അഞ്ചു മണിക്ക് എണീക്കണം. ഭര്‍ത്താവിനും മക്കള്‍ക്കും ഒക്കെയുള്ള ചോറും കറികളും ഉണ്ടാക്കി വെക്കണം, മറ്റു പണികള്‍ തീര്‍ക്കണം. എന്റെ വീട്ടില്‍ ഏഴു മണിക്ക് എല്ലാവരും ജോലിക്കും പഠിക്കാനും ഒക്കെ ആയി പോകും. അപ്പോഴേക്കും ഭക്ഷണം ആവണമല്ലോ. എല്ലാം കൊണ്ടും ടെന്‍ഷന്‍ ആണ്.

 

ന്ന് കേരളത്തില്‍ രോഗികളെ സംഭാവന ചെയ്യുന്നതില്‍ നല്ലൊരു പങ്ക് ആശ വര്‍ക്കര്‍മാര്‍ക്കാണ്. മറ്റാരുമല്ല അവര്‍ തന്നെയാണ് ആ രോഗികള്‍. 18 വര്‍ഷത്തെ ആശമാരുടെ നിരന്തര ‘സേവനം’ കൊണ്ട് ആരോഗ്യ മേഖല മെച്ചപ്പെട്ടെങ്കിലും രാപകലില്ലാതെ പണിയെടുക്കുന്ന ആശമാരെല്ലാം രോഗികളായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം.

ഇതുമാത്രമല്ല ആശമാരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ കണക്കെടുപ്പ് നടത്തിയാല്‍ അതും നൂറു ശതമാനമാണ്. വാര്‍ത്തയുമായി ബന്ധപ്പെട്ട് വോക്ക് മലയാളം സംസാരിച്ച 59 പേരും സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഡിപ്രഷന് ചികിത്സ തേടുന്നവും കൂട്ടത്തിലുണ്ട്. ഒരേസമയം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ജോലിക്കൂടുതലും ഉറക്കമില്ലായ്മയും സമ്മര്‍ദ്ദത്തെ നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ആശമാര്‍ പറയുന്നു.

മാസം ഒരു തുക ആശ വര്‍ക്കറിന് പ്രതിഫലമായി കിട്ടുന്നുണ്ടെങ്കിലും സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ തുക ആശമാര്‍ക്ക് പര്യാപ്തമാവുന്നില്ല. അപ്പോള്‍ ഭര്‍ത്താക്കന്മാരെയും ജോലി ചെയ്യുന്ന ആണ്‍ മക്കളെയും ആശ്രയിക്കേണ്ടി വരും. ഒരു ചെരിപ്പ് വാങ്ങാനും വണ്ടിക്കൂലിക്കും ഒരു സാരി വാങ്ങാനും പൈസ ചോദിക്കേണ്ടി വരുന്നതും അതിനുള്ള വീട്ടിലെ ആണുങ്ങളുടെ പ്രതികരണവും തങ്ങളുടെ ആത്മാഭിമാനത്തെ പോലും ചോദ്യം ചെയ്യുന്നതാണെന്ന് ചില ആശമാര്‍ പറയുകയുണ്ടായി. ‘പിന്നെ എന്തിനാണ് നിങ്ങള്‍ പണിയെടുക്കുന്നതെന്ന’ ചോദ്യം നിലവില്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെ അധികരിപ്പിക്കുന്നതായും ആശ വര്‍ക്കര്‍മാര്‍ പ്രറയുന്നു.

ആശ വര്‍ക്കര്‍, Screen grab

പുലര്‍ച്ചെ അഞ്ച് മണിയോടെ ഉണരുന്ന ഓരോ ആശ പ്രവര്‍ത്തകയും കിടക്കണമെങ്കില്‍ രാത്രി 12 മണിയാവും. വീട്ടുകാര്‍ക്ക് വേണ്ട ചോറും കറിയും വെച്ച് വീട് വൃത്തിയാക്കി ഒമ്പത് മണിയോടെ ജോലിക്കിറങ്ങും. തിരിച്ച് വീട്ടില്‍ എത്തിയാല്‍ നേരെ പോകുന്നത് അടുക്കളയിലേയ്ക്ക്. ഭര്‍ത്താകന്മാരും മക്കളും ഭക്ഷണം കഴിച്ച് സിങ്കില്‍ കൂട്ടിയിട്ട പത്രം കഴുകി വീട്ടു പണികള്‍ തുടങ്ങും. രാത്രിയിലെ ഭക്ഷണം തയ്യാറാക്കി അന്നത്തെ ഫീല്‍ഡ് റിപ്പോര്‍ട്ട് എഴുതാനിരിക്കും. ഇതിനിടെ ഭക്ഷണം കഴിക്കുന്ന സമയം മാത്രം വീട്ടുകാരുമായി സംസാരിക്കും. റിപ്പോര്‍ട്ട് എഴുത്തിനും ഫോണ്‍ വിളികള്‍ക്കും ശേഷം 12 മണിയോടെ ഉറങ്ങാന്‍ കിടക്കും. കിടക്കുമ്പോഴും ചിന്ത ഇന്ന് ഏതെങ്കിലും വീട്ടില്‍ പോകാന്‍ വിട്ടോ? നാളെ എന്തൊക്കെ ചെയ്യണം? തുടങ്ങിയവ ആയിരിക്കും. ഇതിനിടെ എപ്പോഴെങ്കിലും ഉറങ്ങും. ഈ ചക്രം മാസം മുഴുവന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അമിത ചിന്തയും മനസ്സമാധാനമില്ലായ്മയും കാരണം നാലോ അഞ്ചോ മണിക്കൂറുകള്‍ മാത്രമാണ് ഓരോ ആശ വാര്‍ക്കറും ഉറങ്ങുന്നത്.

വോക്ക് മലയാളം സംസാരിച്ച ആശമാരില്‍ പകുതിയില്‍ കൂടുതല്‍ പേരും പ്രഭാത ഭക്ഷണം കഴിക്കാറില്ല. ഉച്ചക്കുള്ള ഭക്ഷണം കഴിക്കുന്നത് ഫീല്‍ഡ് ജോലി കഴിഞ്ഞ് വൈകീട്ട് നാലോ അഞ്ചോ മണിയാകുമ്പോള്‍ വീട്ടില്‍ എത്തിയ ശേഷവും. ചിലരാവട്ടെ രാത്രി ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. ഭക്ഷണ സമയക്രമത്തിലെ അസന്തുലിതാവസ്ഥ വലിയ അളവില്‍ ആശമാരുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാത്തതിനുള്ള കാരണമായി ഇവര്‍ പറഞ്ഞത് ജോലി ഭാരം കൂടുതലായതു കൊണ്ടാണ് എന്നാണ്. രാവിലെ വീട്ടു ജോലി ചെയ്യേണ്ടി വരുന്നതും അതിനു ശേഷം ഫീല്‍ഡും റിപ്പോര്‍ട്ട് എഴുതലും ഒക്കെയായി സമയം തികയുന്നില്ല. അതുകൊണ്ട് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധകൊടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ശമ്പളമില്ലാത്ത പരിചരണ ജോലികള്‍ സ്ത്രീകള്‍ ചെയ്യുന്നു എന്നാണ്. പാചകം, ശുചീകരണം, കുട്ടികളെയും വൃദ്ധരെയും പരിപാലിക്കല്‍ തുടങ്ങിയ കെയര്‍ ജോലികളാണ് അത്. ഉല്‍പ്പാദനപരമായ അധ്വാനമായി പരിഗണിക്കാത്ത പണികള്‍ ആണല്ലോ കെയര്‍ വര്‍ക്ക്. ഈ കെയര്‍ ജോലികളുടെ ഒപ്പം ‘സേവന’ ജോലി കൂടി ചേരുന്നതോടെ ആശമാരുടെ അധ്വാനത്തെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. പിന്നേ എങ്ങനെയാണ് ആശമാര്‍ രോഗികളാവാതിരിക്കുക, അവരുടെ മാനസികാരോഗ്യം തകരാറിലാവാതിരിക്കുക.

ഇത്രയൊക്കെ സമ്മര്‍ദ്ദമുണ്ടായിട്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും ആശമാര്‍ ഈ പണി ഇട്ടെറിഞ്ഞു പോകാത്തത്തിന്റെ പ്രധാന കാരണം ജനങ്ങള്‍ നല്‍കുന്ന അംഗീകാരവും സ്‌നേഹവുമാണ്. ആശമാരുടെ ആരോഗ്യത്തേ കൂടി മുന്‍നിര്‍ത്തിയാണ് ആശ വര്‍ക്കര്‍ ജോലി മനുഷ്യത്വത്തെ ചൂഷണം ചെയ്യുന്ന തൊഴിലാണെന്ന് പറയാനുള്ള മറ്റൊരു കാരണം.

ആശ വര്‍ക്കര്‍, Screen grab

”ഫീല്‍ഡില്‍ പോകുന്നതിനു മുമ്പ് വീട്ടിലെ പണികള്‍ ഒക്കെ തീര്‍ക്കണം. രാവിലെ ഒമ്പത് മണിക്ക് മുന്‍പേ ഞങ്ങള്‍ വീട്ടിലെ പണികള്‍ ഒക്കെ തീര്‍ക്കും. എപ്പോ വിളി വരും എന്ന് പറയാന്‍ പറ്റില്ല. കുട്ടികളുടെ കാര്യവും വീട്ടിലെ മുതിര്‍ന്നവരുടെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ ആണ്. രാവിലെ നാലര അഞ്ചു മണിക്ക് എണീക്കണം. ഭര്‍ത്താവിനും മക്കള്‍ക്കും ഒക്കെയുള്ള ചോറും കറികളും ഉണ്ടാക്കി വെക്കണം, മറ്റു പണികള്‍ തീര്‍ക്കണം. എന്റെ വീട്ടില്‍ ഏഴു മണിക്ക് എല്ലാവരും ജോലിക്കും പഠിക്കാനും ഒക്കെ ആയി പോകും. അപ്പോഴേക്കും ഭക്ഷണം ആവണമല്ലോ. എല്ലാം കൊണ്ടും ടെന്‍ഷന്‍ ആണ്. രാത്രി 12 മണിയൊക്കെ ആവും കിടക്കാന്‍. രാത്രി ആണെങ്കില്‍ വീട്ടിലുള്ളവര്‍ക്ക് ചോറും കറികളും കൊടുത്ത് പത്രമൊക്കെ കഴുകി വെച്ച് ഫീല്‍ഡില്‍ പോയി വന്നതിന്റെ ലിസ്റ്റും റിപ്പോര്‍ട്ടും ഒക്കെ തയ്യാറാക്കലാണ് പണി. എന്നോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ട്. ഈ ബുക്ക് ഒക്കെ എടുത്ത് വലിച്ചെറിഞ്ഞു കളയും എന്ന്. കുട്ടികള്‍ പഠിക്കുന്നതിനെക്കാളും കൂടുതല്‍ പുസ്തകങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. എന്റെ മകള്‍ എംബിബിഎസിന് പഠിച്ചതിനെക്കാള്‍ പുസ്തകം എനിക്കുണ്ട്.”, നായരമ്പലം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

‘അഞ്ചു വയസ്സുവരെ ഉള്ള കുട്ടികള്‍ക്ക് ഒരു ബുക്ക്, ഗര്‍ഭിണികള്‍ക്ക് ഒരു ബുക്ക്, അഡോളസെന്‍സിന് ഒരു ബുക്ക്, കുത്തിവെപ്പിന് ഒരു ബുക്ക്.. അങ്ങനെ കുറേ ബുക്ക് ഉണ്ട്. ഇതൊക്കെ നമ്മള്‍ സ്വന്തം പൈസ കൊടുത്ത് വാങ്ങണം. പേന, പേപ്പര്‍ ഇതൊക്കെ ഞങ്ങള്‍ വാങ്ങണം. എഴുതി എഴുതി ഉറക്കം തൂങ്ങും. അവിടുന്നും എഴുന്നേറ്റ് പിന്നേം എഴുതും. കണ്ണിനൊന്നും കാഴ്ച ഇല്ല ഇപ്പോള്‍. ഞങ്ങള്‍ വീട്ടിലെ എല്ലാ പണികളും ചെയ്തിട്ടാണല്ലോ ഈ എഴുതാനൊക്കെ ഇരിക്കുന്നത്. വയ്യാതാവും. ഷുഗര്‍, കൊളസ്‌ട്രോള്‍, പ്രഷര്‍ ഇതിന്റെയൊക്കെ മരുന്നും കഴിച്ചാണ് ഫീല്‍ഡില്‍ പോകുന്നത്. അതിന്റെ ക്ഷീണവും രാത്രി ഉണ്ടാകുമല്ലോ.

ഞങ്ങള്‍ക്ക് ഡ്രസ് എടുക്കാനും വണ്ടി കൂലിക്കും എല്ലാം ഭര്‍ത്താക്കന്മാരെ അശ്രയിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ നേരിടുന്ന പ്രധാന ചോദ്യം വേറെ പണിക്ക് വല്ലോം പോയ്ക്കൂടെ എന്നാണ്. അവനവന്റെ കാര്യം ചെയ്യാന്‍ പ്രാത്പമാക്കാത്ത ഈ പണി എന്തിനാണ് ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്.”, നായരമ്പലം പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

”ഒരു സ്ഥലത്തേയ്ക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ആയിരിക്കും ജനസംഖ്യ എത്രയാ, ജനനം എത്രയാ, മരണം എത്രയാ എന്നൊക്കെ ചോദിച്ച് വിളിക്കുക. അത് അപ്പോള്‍ തന്നെ കൊടുത്തിരിക്കണം. ഈ കാര്യങ്ങള്‍ ഒക്കെ നേരത്തെ കൊടുത്തിട്ടുണ്ടാവും. എന്നാലും ചോദിക്കും. ഒരു മനസ്സമാധാനം ഇല്ലാതെയാണ് ഓരോ സ്ഥലത്തും ഓരോ ആവശ്യങ്ങള്‍ക്ക് വേണ്ടി പോകുന്നത്.”, നായരമ്പലം പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

ആശ വര്‍ക്കര്‍, Screen grab

”ടെന്‍ഷന്‍ ഇഷ്ടം പോലെ ഉണ്ട്. ഉറക്കമില്ലയ്മയാണ് പ്രധാനം. ഇവര്‍ പറയുന്ന എല്ലാ കാര്യങ്ങളും എഴുതി തീരുമ്പോള്‍ ഒരു മണിയും രണ്ടു മണിയും ആവും. നേരത്തേ ഞങ്ങള്‍ക്ക് അറിയാവുന്ന ഭാഷയില്‍ എഴുതി കൊടുത്താല്‍ മതിയായിരുന്നു. ഇപ്പോള്‍ എല്ലാത്തിനും ഓരോ ഫോര്‍മാറ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങളില്‍ പലര്‍ക്കും വിദ്യാഭ്യാസം കുറവായത് കൊണ്ട് അതൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മൊബൈലില്‍ തന്നെ എല്ലാ കാര്യങ്ങളും ചെയ്യണം. വേറെ വല്ല ജോലിക്കും ആണ് പോകുന്നതെങ്കില്‍ ജോലി സമയം കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഫ്രീ ആയിട്ട് ഇരിക്കാം. ഈ ജോലിയില്‍ ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ടെന്‍ഷന്‍ അടിച്ച് ഞങ്ങള്‍ രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്.

രണ്ടു കൊല്ലം മുമ്പ് ഞാന്‍ മൈസൂര്‍ ഒരു കല്യാണത്തിന് പോയിരിക്കുകയായിരുന്നു. കല്യാണത്തിന് പോകുമ്പോള്‍ ഡയറിയും പുസ്തകങ്ങളും കൂടെ കൊണ്ടുപോകാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതൊക്കെ വലിയ സങ്കടം ഉണ്ടാക്കുന്ന കാര്യമായിരുന്നു. നമ്മള്‍ കുടുംബപരമായി ഒരു കാര്യത്തിന് പോകുമ്പോള്‍ ഈ ഡയറിയും തൂക്കിപ്പിടിച്ച് പോകേണ്ട അവസ്ഥയെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്ക്.”, നായരമ്പലം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

”എന്നെ സംബന്ധിച്ച് എന്റെ ഭര്‍ത്താവ് നല്ല പിന്തുണയാണ് തരുന്നത്. ഈ ജോലി ഭയങ്കര മാനസിക പിരിമുറുക്കം ഉള്ളതാണ്. ഓരോ കാര്യങ്ങള്‍ വരുമ്പോള്‍ എന്തൊക്കെ എഴുതണം ഏതൊക്കെ ബുക്ക് തപ്പണം എന്ന വെപ്രാളം ആണ്. എല്ലാ വിവരങ്ങളും കയ്യില്‍ ഉണ്ടെങ്കിലും പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചോദിക്കുമ്പോള്‍ സ്‌ട്രെസ് കൂടുകയാണ്. ഞങ്ങള്‍ക്ക് പ്രായം ആയല്ലോ. പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലലോ. ഞാന്‍ പഠിക്കുന്ന സമയത്ത് പോലും എനിക്ക് ഇത്ര പുസ്തകങ്ങള്‍ ഉണ്ടായിട്ടില്ല. ഇതില്‍ നിന്നൊക്കെ വിവരങ്ങള്‍ തപ്പി എടുത്തിട്ട് വേണം റിപ്പോര്‍ട്ട് കൊടുക്കാന്‍.

ഓണം ആണെങ്കിലും ക്രിസ്തുമസ് ആണെങ്കിലും കുത്തിവെപ്പ് നടക്കുന്ന ദിവസം അവിടെ പോയേ പറ്റൂ. കുത്തിവെപ്പ് മാത്രമല്ല വേറെ എന്ത് പരിപാടി ആണെങ്കിലും വിശേഷ ദിവസങ്ങളില്‍ പോയിരിക്കണം. അല്ലാതെ ലീവ് ഒന്നും ഇല്ല. മുന്‍കൂട്ടി പറഞ്ഞ് ഒരു മാസത്തെ ലീവ് എടുക്കാം. എന്റെ മക്കള്‍ നാട്ടില്‍ വരുന്ന സമയത്ത് ഞാന്‍ അങ്ങനെ ലീവ് എടുക്കാറുണ്ട്. അപ്പോള്‍ എന്റെ പണികൂടി മറ്റൊരു ആശ എടുക്കണം. അവരുടെ ജോലി കൂടും. അതിനു വേണ്ടി പ്രത്യേക പൈസ ഒന്നും അവര്‍ക്ക് കിട്ടില്ല.”, മുളവുകാട് പഞ്ചായത്തിലെ ആശ പ്രവര്‍ത്തക പറഞ്ഞു.

”പലപ്പോഴും മടുപ്പ് തോന്നിയിട്ടുണ്ട്. പൈസയുടെ പ്രശ്‌നം ഇല്ലാതെ വരുമ്പോള്‍ ഇതൊക്കെ ഇട്ടിട്ടു പോകാന്‍ തോന്നാറുണ്ട്. വേറെ വല്ല ജോലിക്കും പോയിരുന്നെങ്കില്‍ നല്ല വരുമാനം കിട്ടിയേനെ എന്നും ചിന്തിക്കാറുണ്ട്. ആദ്യമൊക്കെ എന്റെ വീട്ടില്‍ നിന്നും ചോദിച്ചിട്ടുണ്ട് നിനക്ക് ഈ പണിക്ക് പോകുന്നതിലും ബേധം ഒരു തുണിക്കടയില്‍ പോയി നിക്കാന്‍ പാടില്ലേ എന്ന്. പ്രത്യേകിച്ച് വല്ല മാനസിക ബുദ്ധിമുട്ടൊക്കെ വരുമ്പോള്‍ മക്കളൊക്കെ പറയാറുണ്ട് ഈ പണി നിര്‍ത്താന്‍. പലരും പിന്തിരിപ്പിക്കാനും നോക്കിയിട്ടുണ്ട്. കെട്ട്യോന്‍മാരുടെ പോക്കറ്റില്‍ നിന്നും പൈസ എടുത്താണ് പല സ്ഥലത്തേയ്ക്കും പോകുന്നത്. അപ്പോള്‍ അവര്‍ ചോദിക്കൂലെ? ഞങ്ങള്‍ പണി എടുക്കുന്നുണ്ട് പൈസയും ഇല്ല. ഇത്തരം കാര്യങ്ങള്‍ വരുമ്പോഴൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനൊക്കെ ഞങ്ങള്‍ തരണം ചെയ്യുന്നത് ഞങ്ങളെ സര്‍ക്കാര്‍ സ്ഥിരം ജോലിക്കാരായി അംഗീകരിക്കും എന്ന് പ്രതീക്ഷിച്ചാണ്.

ആശ വര്‍ക്കര്‍, Screen grab

ചില വീടുകളില്‍ പോകുമ്പോള്‍ ആളുകളെ സാമ്പത്തികമായി സഹായിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. മരുന്ന് വാങ്ങിക്കാന്‍ പൈസ ഇല്ലാത്തവര്‍, വീട്ടു സാധങ്ങള്‍ വാങ്ങിക്കാന്‍ പൈസ ഇല്ലാത്തവര്‍ വരെ ഉണ്ട്. സാമ്പത്തിക ശേഷി ഉള്ളവര്‍ നോക്കാത്ത ആളുകളും ഉണ്ട്. ഇവരുടെ ഈ ദുഖങ്ങള്‍ എല്ലാം പറയുന്നത് ഞങ്ങള്‍ ചെല്ലുമ്പോഴാണ്. ചലിപ്പോള്‍ ഞങ്ങളുടെ കയ്യില്‍ ഒന്നും ഉണ്ടാവില്ല. പിന്നീട് പൈസ കൊണ്ടുപോയി കൊടുക്കും. അല്ലെങ്കില്‍ മരുന്നും സാധങ്ങളും വാങ്ങിച്ചുകൊടുക്കും. അങ്ങനേയും ഒരു സാമ്പത്തിക ബാധ്യത ഞങ്ങള്‍ക്ക് വരുന്നുണ്ട്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ പൈസ കൊടുക്കാതിരിക്കാം. പക്ഷെ അവരുടെ അവസ്ഥ കാണുമ്പോള്‍ സഹായിക്കാതിരിക്കാന്‍ മനസ്സ് വരില്ല. ഞങ്ങളെ സംബന്ധിച്ച് ഈ ജോലി ഇനി ഇട്ടിട്ടു പോകാന്‍ ബുദ്ധിമുട്ടാണ്. പത്ത് പൈസ കിട്ടാത്ത സമയത്ത് ജോലിക്ക് കയറിയതാണ്. അന്നു മുതല്‍ നടക്കുന്നതാണ്. ഭാവിയില്‍ പൈസ കൂട്ടി കിട്ടുമെന്ന പ്രതീക്ഷയുണ്ട്.”, പള്ളിപ്പുറം പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാരായ ഷീല ഗോപി, മിനി എന്നിവര്‍ പറയുന്നു.

”കണ്ണിന് കാഴ്ച കുറവ്, കൈ വേദന, തല വേദന. നടന്ന് നടന്ന് നടന്ന് കാലിന്റെ ഉപ്പൂറ്റി നിലത്ത് കുത്താന്‍ കഴിയുന്നില്ല. രാവിലെ എണീറ്റ് നിലത്ത് കാല് കുത്തുമ്പോള്‍ ഭയങ്കര വേദനയാണ്. ഞങ്ങളുടെ ജിവിതം നടന്ന് തീരും.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ സൗമ്യ വോക്ക് മലയാളത്തോട് പറഞ്ഞു.

”ഞങ്ങള്‍ നേരിടുന്ന എല്ലാ സമ്മര്‍ദ്ദവും തീര്‍ക്കുന്നത് വീട്ടില്‍ വന്നാല്‍ മക്കളോടും ഭര്‍ത്താക്കന്മാരോടും ആണ്. എനിക്ക് മാനസികമായി പ്രശ്‌നങ്ങള്‍ ഉണ്ട്. അതിനിടെ കുടുംബ പ്രശ്‌നങ്ങളും ഉണ്ട് . പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് മറ്റെന്തെങ്കിലും പണിക്ക് പോയിരുന്നെങ്കില്‍ എന്ന്.”, ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ അംബികാ ദേവി പറഞ്ഞു.

”നല്ല പേരാണ് ഈ പദ്ധതിയ്ക്ക് ഇട്ടിരിക്കുന്നത്. ആശ എന്നാല്‍ നിരാശയാണ്. ഒരു ദിവസം ഓണറേറിയം കിട്ടാത്ത കാര്യം പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് പിരിഞ്ഞുപോകാനാണ്. ഇതിപ്പോ നടന്ന് നടന്ന് ഞങ്ങളുടെ ആരോഗ്യവും നശിച്ചു എല്ലാം നശിച്ചു. ഇനി പിരിഞ്ഞു പോകാന്‍ പറഞ്ഞാല്‍ എങ്ങനെയാണ്. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സ്ഥിരപ്പെടുത്തും എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഞാറക്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാരായ ഷീനയും ലിസിയും പറയുന്നു.

”യന്ത്രം പോലെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാത്രി 12 മണിവരെ ജോലിയും വീട്ടുകാര്യങ്ങളുമായി കറങ്ങും. 12 ന് ശേഷം ഡാറ്റ ശേഖരിക്കാന്‍ ഇരിക്കും. ഉറക്കം തീരെ ഇല്ല. വെളുപ്പിനെ അഞ്ചു മണിക്ക് എണീക്കുമ്പോള്‍ തുടങ്ങുന്ന പണികള്‍ കിടക്കുമ്പോള്‍ ആണ് നിക്കുക. നേരത്തെ ആഴ്ചയില്‍ 15 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയായിരുന്നു. ഇപ്പോഴും പറയുന്നത് നിങ്ങളുടെ സമയത്തിനനുസരിച്ച് പണിയെടുത്തല്‍ മതി എന്നാണ്. പക്ഷേ സര്‍ക്കാര്‍ തരുന്ന പദ്ധതികള്‍ ദിവസം 15 മണിക്കൂര്‍ എടുത്താലും തീരുന്നതല്ല.”, ലിസി കൂട്ടിച്ചേര്‍ത്തു.

”നേരത്തെ ഞാന്‍ ആശ വര്‍ക്കറുടെ പണിക്കൊപ്പം ഒരു കടയിലും നിന്നിരുന്നു. ഇത് രണ്ടും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാതായി. കടയില്‍ ഒരു സാധനം എടുത്തു കൊടുക്കുമ്പോള്‍ ആയിരിക്കും ഫോണ്‍ വരിക. ഫോണ്‍ എടുത്തില്ലെങ്കില്‍ അത് പ്രശ്‌നമാണ്. ഒരു മീറ്റിങ്ങിനു പോകണം എങ്കില്‍ കടയില്‍ നിന്നുള്ള അനുവാദം വേണം. എല്ലാം കൂടി ആയപ്പോള്‍ ടെന്‍ഷന്‍ കൂടി. ഇപ്പോള്‍ വേറെ ജോലിയൊന്നും ചെയ്യാന്‍ പാടില്ലല്ലോ. ഒരു മരിച്ച സ്ഥലത്ത് പോയാലും ഈ ഫോണ്‍ വിളികള്‍ തന്നെയാണ്. മരിച്ച സ്ഥലത്ത് കരയാന്‍ പോലും സമയം കിട്ടുന്നില്ല. അതുപോലെയുള്ള അവസ്ഥകള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എത്ര ദുരിതം ആയാലും ഈ ജോലിയില്‍ എല്ലാ ആശമാരും ഒരു സന്തോഷം കണ്ടെത്തുന്നുണ്ട്. അത് ജനങ്ങളുടെ അംഗീകാരം മാത്രമാണ്. ചില സമയത്ത് ഇട്ടെറിഞ്ഞു പോകാന്‍ തോന്നാറുണ്ട്. പിന്നെ ഓര്‍ക്കും വാര്‍ഡില്‍ എല്ലാവര്‍ക്കും ഞങ്ങള്‍ പ്രിയപ്പെട്ടവരാണെന്ന്.”, എടവനക്കാട് പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

ആശ വര്‍ക്കര്‍, Screen grab

”ഭയങ്കര മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നത്. ഈ ജോലി ചെയ്ത് കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ റിലാക്‌സ് കിട്ടണ്ടേ. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കുടുംബം ഉണ്ടല്ലോ. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാന്‍ പറ്റുന്നില്ല. രാത്രി ആണെങ്കില്‍ എഴുതല്‍ തന്നെയാണ്. ഗ്രൂപ്പില്‍ ഓരോ മെസേജുകള്‍ വരും. ഓരോന്ന് ചോദിച്ച്. അതൊക്കെ എഴുതി തയ്യാറാക്കി അപ്പോള്‍ തന്നെ ഇട്ട് കൊടുക്കണം. ഈ ജോലിയുമായി നടക്കുമ്പോള്‍ ഞങ്ങളുടെ അസുഖങ്ങളെ കുറിച്ച് ശ്രദ്ധിക്കുന്നില്ല. കാല് വേദന, തൈറോയിഡ്, ജീവിത ശൈലീ രോഗങ്ങള്‍, ഗ്യാസ് എല്ലാം ഉണ്ട്.’, എടവനക്കാട് പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

”രാവിലെ വീട്ടിലെ പണികള്‍ എല്ലാം തീര്‍ത്ത് മുക്കാല്‍ മണിക്കൂര്‍ നടന്നാണ് വാര്‍ഡില്‍ എത്തുക. അവിടുന്ന് വീണ്ടും നടന്ന് വീടുകള്‍ എല്ലാം കയറി ഇറങ്ങി മൂന്നര നാലു മണി ആവുമ്പോള്‍ തിരിച്ചു വരും. എന്നിട്ടാണ് ഭക്ഷണം കഴിക്കുക. രാവിലത്തെ ഭക്ഷണം കഴിക്കാറുപോലുമില്ല. കിടക്കുമ്പോഴോക്കെ ചിന്തിക്കുന്നത് പിറ്റേ ദിവസം കൊടുക്കേണ്ട റിപ്പോര്‍ട്ടുകളെ കുറിച്ചാണ്. ഈ ടെന്‍ഷനുകളില്‍ നിന്നൊക്കെ മാറാന്‍ ഒരുദിവസം ഞങ്ങള്‍ കുറച്ചു പേര്‍ മറൈന്‍ഡ്രൈവില്‍ പോയി. അവിടെ ചെന്നപ്പോള്‍ കണക്കു ചോദിച്ചിട്ട് ജെപിഎച്ച്എം റിപ്പോര്‍ട്ട് ചോദിച്ചു. ബസ്സിലിരുന്ന് കണക്ക് കൂട്ടി കൂട്ടി മറൈന്‍ഡ്രൈവ് എത്തിയപ്പോഴും ഈ കണക്ക് കൂട്ടലും എഴുതലും തന്നെയാണ്. എഴുതി അയച്ചുകൊടുത്ത് കഴിഞ്ഞപ്പോള്‍ മറൈന്‍ഡ്രൈവില്‍ നിന്നും തിരിച്ചുപോരാനും ആയി.”, എടവനക്കാട് പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

സംസാരത്തിനിടെ ഒരു ആശ വര്‍ക്കര്‍ പറഞ്ഞത് ഫീല്‍ഡില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മരിക്കണം എന്നാണ്. ഞങ്ങളൊക്കെ ഇങ്ങനെ മരിച്ചാലെ ഞങ്ങളുടെ അവസ്ഥകള്‍ മനസ്സിലാകൂ എന്നാണ് എടവനക്കാട് പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞത്. ആരോഗ്യവും മനസ്സമാധാനവും ഉറക്കവും സ്വകാര്യ ജീവിതവുമെല്ലാം ‘സേവനം’ ചെയ്യാന്‍ മാറ്റിവെച്ച സ്ത്രീകള്‍ക്ക് തിരികെ ലഭിക്കുന്ന പ്രതിഫലവും അംഗീകാരവും തുലനം ചെയ്യുമ്പോള്‍ ഒരു ആശ വര്‍ക്കര്‍ പിന്നെന്തുപറയാനാണ്.

FAQs

ആരാണ് ആശാ വര്‍ക്കര്‍?

സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം

എന്താണ് മാനസികാരോഗ്യം?

മാനസിക ആരോഗ്യം/ മാനസിക ക്ഷേമം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, സാധാരണ ജീവിത ക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഫലദായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന നിര്‍വചിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാനസിക ആരോഗ്യം ഒരു വ്യക്തിയുടെ ക്ഷേമത്തിനും ജനസമൂഹത്തിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാനമാണ്.

എന്താണ് രോഗം?

ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്. കൃത്യമായ രോഗലക്ഷണങ്ങളുള്ള അവസ്ഥയായാണ് സാധാരണഗതിയിൽ രോഗത്തെ വിവക്ഷിക്കുന്നത്. രോഗമുണ്ടാകുന്നത് ബാഹ്യകാരണങ്ങളാലോ ആന്തരികകാരണങ്ങളാലോ ആവാം.

Quotes

എന്നിട്ടും പിന്നേയും ഞാന്‍ മുന്നേറുന്നു– മായ ആഞ്ചലോ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.