Wed. Nov 6th, 2024

ഡൽഹി: കള്ളപ്പണം ഇല്ലാതാക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്നും ബോണ്ട് ഇല്ലാതാകുന്നതോടെ കള്ളപ്പണം തിരികെ വരുമെന്ന് ഭയമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് ഇന്ത്യാടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഇലക്ടറൽ ബോണ്ടിനെ പൂർണമായി എടുത്തുകളയുന്നതിനു പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഇലക്ടറല്‍ ബോണ്ട് വരുന്നതിന് മുൻപ് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സംഭാവനയായിട്ടാണ് സ്വീകരിച്ചിരുന്നത്. സംഭാവന വഴി പാര്‍ട്ടികള്‍ പണം വാങ്ങിയിരുന്നപ്പോള്‍ കോണ്‍ഗ്രസ് 100 രൂപ പാര്‍ട്ടിയിലേക്കും 1000 രൂപ നേതാക്കളുടെ വീടുകളിലേക്കുമാണ് കൊണ്ടുപോയിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു.

‘തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയില്‍ ബിജെപിക്ക് നേട്ടമുണ്ടായത് തങ്ങള്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടാണെന്ന ഒരു ധാരണയുണ്ട്. ആകെ 20000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടിൽ ബിജെപിക്ക് 6000 കോടി രൂപയാണ് കിട്ടിയത്. ബാക്കി 14000 കോടി രൂപ എവിടെ പോയി’ അമിത് ഷാ ചോദിച്ചു.

ഏറ്റവും കൂടുതല്‍ തുക ബിജെപിക്ക് ലഭിച്ചെന്ന് പറയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, അവര്‍ക്ക് ലഭിച്ച സീറ്റുകള്‍ക്ക് ആനുപാതികമായിട്ടാണോ ബോണ്ട് തുക ലഭിച്ചതെന്നും അമിത് ഷാ ചോദിച്ചു.