സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നോ അത് ആശമാരിലൂടെ ജനങ്ങളിലേയ്ക്ക് എത്തണം. അപ്പൊ ഞങ്ങളെ സേവനം ചെയ്യുന്നവര്‍ എന്ന് വിളിച്ചാല്‍ മതിയോ. ഈ പൈസയും വെച്ച് സേവനം ചെയ്യാന്‍ കഴിയോ?. ഈ പൈസ അല്ലാതെ പത്തിന്റെ പൈസ വേറെ വരുമാനം ഇല്ല. ഞങ്ങള്‍ക്ക് 30 ദിവസവും ജോലിയാണ്. ഒരു ലീവ് പോലും ഇല്ല
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ജെപിഎച്ച്ഐ), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെപിഎച്ച്എന്‍), പുതുതായി സര്‍വീസില്‍ എടുത്തിരിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വരുന്ന മിഡ് ലവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എംഎല്‍എസ്പി) എന്നിവര്‍ക്കാണ് ആശ വര്‍ക്കര്‍മാര്‍ തങ്ങളുടെ ജോലികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയിക്കേണ്ടത്. ജെപിഎച്ച്എന്‍മാര്‍ക്കാണ് ആശമാരുടെ നേരിട്ടുള്ള ചുമതയുള്ളത്.
നേരത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാര്‍ വരെ ഫീല്‍ഡില്‍ ഇറങ്ങി ചെയ്തിരുന്ന ജോലികളാണ് കാലക്രമേണെ ആശ വര്‍ക്കര്‍മാരിലേയ്ക്ക് എത്തിയത്. ഇന്ന് ആരോഗ്യ വകുപ്പിന്റെ ഒരു സ്റ്റാഫിനും ഫീല്‍ഡില്‍ ഇറങ്ങി പണിയെടുക്കേണ്ടതില്ല.
എന്തുകൊണ്ടാണ് ആശ വര്‍ക്കര്‍ ജോലി മനുഷ്യത്വത്തെ ചൂഷണം ചെയ്യുന്ന തൊഴിലാണെന്ന് പറയാന്‍ കാരണം, അത് പ്രധാനമായും ചില ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കും. ആദ്യത്തേത് വരുമാനമാണ്. ഒരുമാസം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നല്‍കുന്ന തുകകള്‍ കൂട്ടിയാല്‍ കഷ്ടിച്ച് 9000 വരും. ഈ തുക കുടുംബവുമായി ജീവിക്കുന്ന, മറ്റ് സാമ്പത്തിക ഉത്തരവാദിത്തങ്ങളുള്ള ഒരാള്‍ക്ക് ജീവിക്കാന്‍ പര്യാപ്തമാണോ? അല്ലാ എന്ന് നമ്മുക്കറിയാം. ഈ തുകയ്ക്ക് വേണ്ടി ആശമാര്‍ കടന്നുപോകുന്ന സാഹചര്യങ്ങളും ചെയ്യുന്ന ജോലികളും അവര്‍ തന്നെ പറയും.
(നായരമ്പലം പഞ്ചായത്തില്‍ നിന്നും സംസാരിച്ച ആശമാര്‍ പേരും വിവരങ്ങളും വെളിപ്പെടുത്തരുത് എന്ന് പഞ്ഞതുകൊണ്ട് അവരുടെ പേര് നല്‍കുന്നില്ല)
”ഞാന്‍ 2007-ല്‍ ആശ വര്‍ക്കര്‍ ആയി കയറിയതാണ്. എന്റെ ഭര്‍ത്താവ് വയ്യാത്ത ആളാണ്. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചു പോകുന്നത്. ഇത്ര വര്‍ഷം ആയിട്ടും ന്യായമായ വേതനം ഞങ്ങള്‍ക്ക് കിട്ടുന്നില്ല. സേവനത്തിനു വേണ്ടിയാണ് ഞങ്ങളെ എടുത്തത് എന്നാണ് കാശ് ചോദിക്കുമ്പോള്‍ പറയുന്നത്. സേവനം കൊണ്ട് ഇന്നത്തെ കാലത്ത് ജീവിക്കാന്‍ കഴിയില്ലല്ലോ. ഈ ക്രുസ്തുമസിന് ഒരു പൈസയും ഞങ്ങള്‍ക്ക് കിട്ടിയില്ല. അതുകൊണ്ട് ഒരു കേക്ക് വാങ്ങിക്കാനോ നല്ലൊരു ഭക്ഷണം കുട്ടികള്‍ക്ക് വെച്ചുകൊടുക്കാനോ സാധിച്ചില്ല. ഇന്ന് കാലം മാറിയല്ലോ. നേരത്തെ കിട്ടുന്ന പൈസ കൊണ്ട് എങ്ങനെയെങ്കിലും ജീവിക്കാമായിരുന്നു. ഇന്ന് ഈ പൈസ കൊണ്ട് ഒന്നിനും സാധിക്കുന്നില്ല.
നിങ്ങള്‍ കൂലി ചോദിക്കാന്‍ പാടില്ല, സര്‍ക്കാര്‍ തരുന്നത് വാങ്ങിക്കുക എന്നാണ് ഞങ്ങളുടെ മേലുദ്യോഗസ്ഥാര്‍ പറയുന്നത്. മുകളില്‍ നിന്നും വരുന്ന ഓര്‍ഡര്‍ അനുസരിച്ച് അവര്‍ പറയുന്ന ജോലി ഞങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ട്. ഇന്നുവരേയും ചെയ്തു കൊടുത്തിട്ടുണ്ട്. അതിനുള്ള കൂലി എന്തായാലും ഇതു പോരാ. 6000 രൂപയെക്കാളും പണി ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഓണറേറിയം മുടങ്ങുമ്പോള്‍ ഈസി മാന്‍ ഓപ്പണ്‍ ആവുന്നില്ലാ എന്നാണ് പറയുന്നത്. അപ്പൊ ഞങ്ങളുടെ കുടുംബത്തിലെ കാര്യങ്ങള്‍ നടക്കില്ല. സര്‍ക്കാര്‍ ഇതുവരെ ഞങ്ങളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. അത് അംഗീകരിക്കണം. മിനിമം 15000 രൂപ കൂലി തരണം.
ഇന്നിപ്പോ ഒരു വീട്ട് ജോലിക്ക് പോകുന്ന ആള്‍ക്ക് 500 രൂപ എങ്കിലും ദിവസക്കൂലി ഉണ്ട്. തൊഴിലുറപ്പുകാര്‍ക്ക് പോലും നല്ല കൂലി കിട്ടുന്നുണ്ട്. അതുപോലും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. ഞങ്ങള്‍ക്ക് മാന്യമായ ശമ്പളം ലഭിക്കണം. എനിക്കിപ്പോ 61 വയസ്സായി. 62 വയസ്സില്‍ പിരിച്ചു വിടും എന്നം പറയുന്നുണ്ട്. ഞങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന് അറിയില്ല. ഞങ്ങളിപ്പോഴും സമരങ്ങള്‍ ചെയ്യുന്നുണ്ട്.”
”ജനനം, മരണം, കിടപ്പ് രോഗികള്‍, കാന്‍സര്‍ രോഗികള്‍, കിഡ്‌നി രോഗികള്‍, ടി ബി രോഗികള്‍, ഡയാലിസിസ്, ജനസംഖ്യ, മെയില്‍, ഫീ മെയില്‍, കുട്ടികള്‍ എന്നിവരുടെ കണക്ക് തിരിച്ച് കൊടുക്കണം. പോളിയോ, ലെപ്രസി സര്‍വേ, മന്ത് രോഗ സര്‍വേ, വിരക്ക് ഗുളിക കൊടുക്കല്‍, ഡോക്‌സി കൊടുക്കല്‍, ടിബി രോഗികളെ കണ്ടെത്തല്‍ തുടങ്ങിയ പണികള്‍ ഞങ്ങള്‍ എടുക്കുന്നുണ്ട്. പാമ്പ് കടി, പട്ടികടി എന്നിവ വന്നാല്‍ ഒക്കെ ഞങ്ങള്‍ അറിയിക്കണം.
നേരത്തെ ടി ബി രോഗികള്‍ക്ക് മരുന്ന് കൊടുത്താല്‍ ഞങ്ങള്‍ക്ക് 1000 രൂപ തരാം എന്ന് പറഞ്ഞിരുന്നു. ഞാന്‍ ആശ ആയതിനു ശേഷം 15 ടി ബി രോഗികള്‍ക്ക് മരുന്ന് കൊടുത്തിട്ടുണ്ട്. മേലുദ്യോഗസ്ഥര്‍ ഇതിന്റെ പേപ്പര്‍ വര്‍ക്ക് ചെയ്യാത്തത് കൊണ്ട് ഞങ്ങള്‍ക്ക് ആ പൈസ ഒന്നും കിട്ടിയില്ല. കഫം ടെസ്റ്റ് ചെയ്യിക്കല്‍, ചെക്കപ്പിന്റെ ഡേറ്റ് ഓര്‍മിപ്പിക്കള്‍, ടെസ്റ്റ് ചെയ്യാനുള്ള കപ്പുകള്‍ കൊണ്ടുകൊടുത്ത് അതിന്റെ റിസള്‍ട്ട് ആശുപത്രിയില്‍ കൊണ്ടുകൊടുക്കുകയും ഒക്കെ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കീഴിലാണ് ഞങ്ങളെ എടുത്തിരിക്കുന്നത്. ഇപ്പോ പഞ്ചായത്തിന്റെ കീഴിലാണ് ഞങ്ങള്‍ വരുന്നത് എന്ന് പറയുന്നുണ്ട്. അങ്ങനെയുള്ള ഒരു തര്‍ക്കം നിലവിലുണ്ട്. ഞങ്ങളുടെ ടാഗ് എല്ലാം നാഷണല്‍ ഹെല്‍ത്ത് മിഷന്റെതാണ്.
ഞാനും എന്റെ ഭര്‍ത്താവും മരുന്ന് കഴിക്കുന്നവര്‍ ആണ്. ഈ കിട്ടുന്ന പൈസ കൊണ്ട് എന്താവാനാണ്. വനിതാ കമ്മീഷന്റെ മീറ്റിംഗ് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. അതില്‍ പറഞ്ഞത് വാര്‍ഡില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കാന്‍ ആശമാരും വേണം എന്നാണ്. അതിനു മുമ്പ് തീപ്പിടത്തവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നടന്നു. ഇതിന്റെയൊക്കെ ബോധവല്‍ക്കരണം ഓരോ വീടുകളിലും ചെല്ലുമ്പോള്‍ ഞങ്ങള്‍ നടത്തണം. ഞങ്ങള്‍ക്ക് ജോലി ഭാരം കൂടുകയാണ്. അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യവുമായി ബന്ധപ്പെട്ട് തുടങ്ങിയ പണികള്‍ ഇപ്പോ എവിടെ എത്തി നില്‍ക്കുന്നു എന്ന് നിങ്ങള്‍ക്ക് നോക്കിയാല്‍ മനസ്സിലാവും.
സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നോ അത് ആശമാരിലൂടെ ജനങ്ങളിലേയ്ക്ക് എത്തണം. അപ്പൊ ഞങ്ങളെ സേവനം ചെയ്യുന്നവര്‍ എന്ന് വിളിച്ചാല്‍ മതിയോ. ഈ പൈസയും വെച്ച് സേവനം ചെയ്യാന്‍ കഴിയോ?. ഞങ്ങള്‍ക്കിടയില്‍ വിധവകള്‍ ഉണ്ട്, കിഡ്‌നി, ഹൃദയ രോഗികള്‍ ഉണ്ട്. ഈ പൈസ അല്ലാതെ പത്തിന്റെ പൈസ വേറെ വരുമാനം ഇല്ല. ഞങ്ങള്‍ക്ക് 30 ദിവസവും ജോലിയാണ്. ഒരു ലീവ് പോലും ഇല്ല. ഈ 30 ദിവസത്തേയും ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ നോക്കും. ഞായറാഴ്ച ഇപ്പോള്‍ സര്‍വേ വെച്ചിരിക്കുകയാണ്. അന്നും പോണം. ഇതിനൊക്കെ പോയില്ലെങ്കില്‍ കാരണം പറയണം. പൈസയും കിട്ടില്ല.” , നായരമ്പലത്തെ ഒരു ആശ വര്‍ക്കര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
”ആദ്യം എനിക്ക് അംഗനവാടി താല്‍ക്കാലിക ജോലി ആയിരുന്നു. ആ സമയത്താണ് ആയിരം പേര്‍ക്ക് ഒരു ആശ എന്ന പദ്ധതി വരുന്നത്. പഞ്ചായത്തില്‍ മീറ്റിംഗ് കൂടി കുറച്ചുപേരെ തിരഞ്ഞെടുത്തു. അന്നു് പറഞ്ഞിരുന്നത് ഇത് സേവനമാണ്. ഏതു സമയത്തും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം. മാതൃ-ശിശു സംരക്ഷണം എന്ന പദ്ധതി ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. വീടുകള്‍ കയറിയിറങ്ങി ഇത്തരം വിവരങ്ങള്‍ തയ്യാറാക്കി നല്‍കും. ഒരു രൂപ പോലും പ്രതിഫലം ലഭിച്ചിരുന്നില്ല. അങ്ങനെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 500 രൂപ ഓണറേറിയം തന്നു തുടങ്ങി. അഞ്ചു കുട്ടികളെ കുത്തിവെപ്പിനു കൊടുക്കണം എന്നാലെ ഈ 500 രൂപ കിട്ടൂ. അത് എല്ലാ ആശമാര്‍ക്കും കിട്ടില്ല. അഞ്ചു കുട്ടികള്‍ എല്ലാ മാസവും കുത്തിവെപ്പിന് ഉണ്ടാവില്ല. ആശ എന്താണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ചേരുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ ചോദിച്ചത് രാത്രി ഒരു രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ചാല്‍ നിങ്ങള്‍ പോകുമോ എന്നായിരുന്നു. ആ പോകും എന്ന് ഞങ്ങള്‍ പറഞ്ഞു.
ആദ്യം 500, 700 ആക്കി, 1000, 1500 അങ്ങനെയാണ് ഓണറേറിയം കൂട്ടിയത്. അതിനനുസരിച്ച് ഞങ്ങളുടെ ജോലിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് 1000 രൂപ കൂടി കൂട്ടിയിട്ടുണ്ട്. എന്നാല്‍ അതിനു പിറകില്‍ വേറെ എന്തെങ്കിലും ജോലിയും ഉണ്ടാവും. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഞങ്ങളെ കൊണ്ട് പുതിയ സര്‍വേ എടുപ്പിക്കും. എംഎല്‍എസ്പിക്കാരുടെ ജോലി എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.”, നായരമ്പലത്തെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.
”ഞങ്ങള്‍ ആശമാരായി കയറിയ സമയത്ത് മറ്റുള്ള ജോലികളും ചെയ്യാമായിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷമായി മറ്റു തൊഴിലുകള്‍ ആശാ പ്രവര്‍ത്തനത്തിന്റെ കൂടെ ചെയ്യാന്‍ പാടില്ല. അങ്ങനെ വന്നപ്പോള്‍ ഞങ്ങള്‍ക്ക് വരുമാനത്തിന്റെ പ്രശ്‌നം കൂടി. ഞങ്ങള്‍ക്ക് ഒരു സര്‍ക്കുലറില്‍ വന്നത് ആശമാര്‍ മറ്റു ജോലികള്‍ ചെയ്യരുത് എന്നാണ്. ഞാന്‍ ആദ്യം ഇന്‍ഷൂറന്‍സ് കമ്പനിയില്‍ പോയിരുന്നതാണ്. ഇപ്പോ അത് നിര്‍ത്തി. ആശ വര്‍ക്കര്‍ മാത്രമായി പ്രവര്‍ത്തിക്കുമ്പോള്‍ വരുമാനം തീരെ ഇല്ലാതായി. നേരത്തെ ആഴ്ചയില്‍ നാലു ദിവസം ഫീല്‍ഡില്‍ പോയാല്‍ മതിയായിരുന്നു. സമയ പരിധിയും ഉണ്ടായിരുന്നില്ല. ഇഷ്ടമുള്ള സമയത്ത് പണികള്‍ തീര്‍ത്താല്‍ മതി. പുതിയ സര്‍ക്കുലര്‍ വന്നതോടെ ഒന്നിനും പോകാന്‍ പറ്റാതായി. സമയ പരിധി പറയുന്നില്ലെങ്കിലും ഫീല്‍ഡ് വര്‍ക്കിനു പുറമേ ക്ലാസുകള്‍ നടത്തണം, റിപ്പോര്‍ട്ടുകള്‍ എഴുതി തയ്യാറാക്കണം. നടന്ന് നടന്ന് ചെരിപ്പ് തേയുമ്പോള്‍ ചെരുപ്പ് വാങ്ങാന്‍ ഭര്‍ത്താക്കന്മാരെയാണ് ആശ്രയിക്കേണ്ടി വരുന്നത്.’, , നായരമ്പലത്തെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.
‘ഫീല്‍ഡ് വര്‍ക്കിനെക്കാളും ഞങ്ങള്‍ സര്‍വേ എടുത്ത് മുടിയുകയാണ്. എല്ലാത്തിനും വീടുകള്‍ കയറി ഇറങ്ങി സര്‍വേ ആണ്. കുഷ്ടരോഗത്തിന്റെ സര്‍വേയ്ക്ക് ഞങ്ങളുടെ കൂടെ ഒരു ആണും കൂടി വേണം. പെണ്ണുങ്ങളെ പെണ്ണുങ്ങളും ആണുങ്ങളെ ആണുങ്ങളും നോക്കണം. ആണുങ്ങളെ നോക്കാന്‍ ഭര്‍ത്താവിനെയോ മകനെയോ ആണ് കൂടെ കൊണ്ടുപോകുക. 1500 രൂപ ദിവസക്കൂലി ഉള്ള ഇവര്‍ ഒരു ദിവസത്തെ ജോലി ഒഴിവാക്കിയാണ് ഞങ്ങളുടെ കൂടെ വരുന്നത്. അതിന് അവര്‍ക്ക് കിട്ടുന്നത് 75 രൂപയാണ്. പോളിയോ ഡ്യൂട്ടിക്ക് വര്‍ഷങ്ങളായി 75 രൂപയാണ്. ഒരു ദിവസം മുഴുവനായും ഈ ഡ്യൂട്ടി ചെയ്യണം. അതിനു ശേഷം ഫീല്‍ഡും.”, മറ്റൊരു ആശ വര്‍ക്കര്‍ പറയുന്നു.
‘എന്റെ ഭര്‍ത്താവ് കല്‍പ്പണിക്കാരനാണ്. ഹൃദയത്തിന് അസുഖം കരണം പണിക്കൊന്നും പോകാന്‍ കഴിയില്ല. അതുകൊണ്ട് എന്റെ ചെറിയ വരുമാനം കൊണ്ടുള്ള ജീവിതമാണ്. പൈസ സമയത്ത് കിട്ടാതെയാകുന്നത് ബുദ്ധിമുട്ടാണ്.’ പേര് വെളിപ്പെടുത്താത്ത മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.
”കൊവിഡ് സമയത്ത് മരിച്ച ആശ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. അന്ന് അങ്ങനെങ്കിലും മരിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടേനെ. അത്രയ്ക്ക് ഞങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. ആശമാര്‍ക്കിടയില്‍ കൂടുതല്‍ പേരും സാധാരണക്കാരാന്. ഞങ്ങളുടെ ജീവിതം താറുമാറായി. ഈ 6000 രൂപ കിട്ടിയിട്ട് വേണം ഞങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍. ഇതിപ്പോ കുടുംബത്തിലേയ്ക്ക് ഒരു രൂപ പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഭര്‍ത്താവായാലും മക്കളായാലും ഞങ്ങളോട് ചോദിക്കാറുണ്ട്, എന്ത് കാര്യത്തിന് നടക്കാണ് നിങ്ങളെന്ന്. ലോണ്‍ അടക്കാനും വണ്ടിക്കാശിനും എല്ലാത്തിനും ഭര്‍ത്താക്കന്മാരോടാണ് പൈസ ചോദിക്കുക. ഞങ്ങള്‍ക്ക് വല്ലപ്പോഴല്ലേ പൈസ കിട്ടുന്നത്. കുടുംബ പ്രാരാഭ്തമുള്ള ആളുകളാണ് ഞങ്ങള്‍. ഇതിപ്പോ അവരുടെ ദേഷ്യം കൂടി ഞങ്ങള്‍ കാണണം.”, മറ്റൊരു ആശ പറയുന്നു.
”ആര്‍ദ്രം മിഷന്റെ ഭാഗമായി നാല് ഡ്യൂട്ടികള്‍ എടുത്താലെ 500 രൂപ ഞങ്ങള്‍ക്ക് കിട്ടൂ. രാവിലെ ഒമ്പത് മണിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്ക് ചെല്ലണം. അവിടെ ചെന്നാല്‍ ഒപി ചീട്ട് കൊടുക്കണം. ഡോക്ടറുടെ അടുത്തേയ്ക്ക് രോഗികളെ പറഞ്ഞു വിടണം. അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കണം. പിന്നെ പാലിയേറ്റീവ് വണ്ടിയില്‍ ഒരു ദിവസം ഡ്യൂട്ടി എടുക്കണം. വാര്‍ഡുകളില്‍ പോയി ഗര്‍ഭിണികളുടെ ക്ലിനിക്ക് നടത്തണം. പ്രഷറും ഷുഗറും എല്ലാം നോക്കുന്ന ജീവിത ശൈലീ രോഗങ്ങളുടെ ക്ലിനിക്, കുത്തിവെപ്പ് ഡ്യൂട്ടി എന്നിവടും എടുക്കണം. വാര്‍ഡ് അവലോകന റിപ്പോര്‍ട്ട്, ആരോഗ്യ റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കണം. റിപ്പോര്‍ട്ടില്‍ ഒന്നാം തീയതി മുതല്‍ മുപ്പതാം തീയതി വരെ ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ എല്ലാം എഴുതണം. 6000 രൂപ തരുന്ന എല്ലാ ഡ്യൂട്ടിയിലും ചെയ്ത കാര്യങ്ങളാണ് റിപ്പോട്ടായി തയ്യാറാക്കേണ്ടത്. എല്ലാ മാസവും 25ാം തീയതി ഞങ്ങള്‍ക്ക് റിവ്യൂ മീറ്റിംഗ് ഉണ്ട്. അതില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കണം. റിവ്യൂ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ 100 രൂപ കിട്ടും.
ഓരോ 50 വീട് ഏരിയ തിരിച്ചിട്ടു വേണം അവലോക റിപ്പോര്‍ട്ട് വെക്കാന്‍. ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവിടെ മെമ്പര്‍ വേണം, വാര്‍ഡിയലെ പ്രധാനപ്പെട്ട ആളുകള്‍ വേണം. എന്നിട്ട് അവര്‍ വിലയിരുത്തും. ഇനി വാര്‍ഡില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുണ്ടോ എന്ന് അവര്‍ പറയും. അതുകൂടി അടുത്ത തവണ ചെയ്യണം. 200 രൂപ ഫോണ്‍ അലവന്‍സുണ്ട് ഇപ്പോള്‍. 299 രൂപയ്ക്ക് ചാര്‍ജ് ചെയ്താലേ നെറ്റ് അടക്കം കിട്ടൂ. എല്ലാ കാര്യങ്ങളും ഫോണില്‍ ആണ് ചെയ്യുന്നത്. പലര്‍ക്കും പലകാര്യങ്ങളും ഫോണില്‍ ചെയ്യാന്‍ അറിയാത്തതും ഉണ്ട്. റിപ്പോര്‍ട്ട് ഇടേണ്ട സൈറ്റുകള്‍ ഞങ്ങള്‍ക്ക് തരും. പിന്നെ വിവരങ്ങള്‍ നല്‍കേണ്ട ആപ്പുകളും ഉണ്ട്. ഇതിലൊക്കെ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.
ഗര്‍ഭിണികളെ രജിസ്റ്റര്‍ ചെയ്താല്‍ പൈസ കിട്ടും. മൂന്നു മാസത്തിനു മുമ്പേ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യണം. അവര്‍ നമ്മളോട് തുറന്നു പറയില്ല ഗര്‍ഭം ഉണ്ടോ ഇല്ലയോ എന്ന്. ഒന്ന് രണ്ട് തവണ അബോഷന്‍ ആയ ആളുകള്‍ ഒന്നും നമ്മളോട് പറയില്ല. ഞങ്ങള്‍ അറിഞ്ഞു വരുമ്പോഴേക്കും മൂന്നു മാസം കഴിയും. അപ്പൊ ആ പൈസ കിട്ടില്ല. മാത്രമല്ല ആ ഗര്‍ഭിണി പ്രസവിക്കുന്ന വരെയും പ്രസവിച്ചു കഴിഞ്ഞും എല്ലാ കാര്യങ്ങളും ഞങ്ങള്‍ നോക്കുകയും വേണം. പ്രസവത്തിനു ശേഷമേ ഞങ്ങള്‍ക്ക് കാശ് കിട്ടൂ. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കുകയാണെങ്കില്‍ 600 രൂപ, സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍ 300 രൂപ. ഒരു വര്‍ഷം കാത്തിരുന്നാല്‍ ആണ് ഈ പൈസ കിട്ടുക. അവരുടെ എല്ലാ മാസത്തേയും ചെക്ക്അപ്പ് റിസള്‍ട്ട് കാണിക്കണം, പ്രഷര്‍, ഷുഗര്‍, എച്ച് ബി, വെയിറ്റ് എല്ലാം അന്വേഷിച്ച് ലിസ്റ്റ് ചെയ്ത് വെക്കണം. എന്നാലെ ഈ 300 രൂപ കിട്ടൂ.’, നായരമ്പലത്തെ മറ്റൊരു ആശ വര്‍ക്കര്‍ പറയുന്നു.
‘ഒരു സര്‍വേ കഴിയുമ്പോള്‍ ഞങ്ങള്‍ ആലോചിക്കും ആശ്വാസമായി എന്ന്. അപ്പൊ അടുത്ത സര്‍വേ വരും. സര്‍വേ മാത്രമല്ല ഓരോ രോഗങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളും കൂടി കൂടി വരികയാണ്. അതിനനുസരിച്ച് പൈസ ഇല്ല. ശരിക്കും പറഞ്ഞാല്‍ 24 മണിക്കൂറും എന്തും ചെയ്യാനായി നിന്നോണം. എപ്പോ വിളിച്ചാലും ഡേറ്റ അപ്പൊ തന്നെ കൊടുത്തോണം. അത്യാവശ്യത്തിന് എവിടെ പോയാലും ഈ ബുക്കുകളും കൊണ്ടാണ് പോകുന്നത്. എപ്പോഴാണ് വിളി വരിക എന്ന് പറയാന്‍ പറ്റില്ല. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മെസേജ് ഇട്ടിട്ട് ജപിഎച്ച്എന്‍മാര്‍ പറയും ഇന്ന ഡാറ്റ ഇത്ര സമയത്തിനുള്ളില്‍ തരണം എന്ന്. അപ്പോ തന്നെ ഉറക്കം ഒഴിച്ചിട്ടു വരെ എഴുതി കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍ക്കും ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കും കണക്കില്ല. രാത്രിയും പകലും ഇല്ലാതെ ഞങ്ങള്‍ വിളിക്കുന്ന സ്ഥലത്ത് എത്തണം.
ആകെയുള്ള ഒരു സന്തോഷം ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണ്. ഓരോ രക്ഷിതാക്കള്‍ക്കും അവരുടെ കുട്ടികളുടെ ജനന തീയതി വരെ ഓര്‍മയുണ്ടാവില്ല. എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും മനപ്പാഠമാണ്. മറ്റൊന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ എല്ലാ കാര്യങ്ങളിലും അറിവ് ആയി. ഒരു പട്ടി കടിച്ചാല്‍ എന്തൊക്കെ ചെയ്യണമെന്ന് ഇപ്പോള്‍ അറിയാം. ആദ്യം പോളിയോ മാത്രമേ അറിയൂ, ആശാ വര്‍ക്കര്‍ ആയതിനു ശേഷം എന്തൊക്കെ വാക്‌സിനാണ് ഉള്ളത് എന്നും അതിന്റെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങള്‍ എല്ലാം ആളുകള്‍ക്കും പറഞ്ഞു കൊടുക്കും. അവരിലും അവബോധം ഉണ്ടാക്കും.’, മറ്റൊരു ആശ വര്‍ക്കര്‍ പറയുന്നു.
FAQs
ആരാണ് ആശാ വര്‍ക്കര്‍?
സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം
എന്താണ് ഫീല്‍ഡ് വര്‍ക്ക്?
വിവരങ്ങൾ നിരീക്ഷിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഫീൽഡ് വർക്ക്.
എന്താണ് ക്ഷയ രോഗം?
മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ആംഗലേയഭാഷയിൽ Tuberculosis (TB – Tubercle Bacillus). ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. എന്നാൽ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം,അസ്ഥികൾ, സന്ധികൾ, രക്തചംക്രമണവ്യൂഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം.
Quotes
ആരോഗ്യകരമായ ജീവിതത്തിൻ്റെ താക്കോൽ ആരോഗ്യമുള്ള മനസ്സാണ്- റിച്ചാർഡ് ഡേവിഡ്സൺ