മലപ്പുറം: അരീക്കോട് ഫുട്ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ആയുധമുപയോഗിച്ച് മുറിവേൽപ്പിക്കുക, ആക്രമിച്ചു പരിക്കേൽപ്പിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിന് നേരെയാണ് കാണികൾ സംഘം ചേർന്ന് ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഫൈവ്സ് ഫുട്ബോൾ ഫൈനൽ മത്സരത്തിനിടയിലാണ് കാണികൾ ഹസനെ ബ്ലാക്ക് മാൻ, ബ്ലാക്ക് മങ്കി ഉള്‍പ്പെടെയുള്ള വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചത്. ഇത് ചോദിക്കാൻ ചെന്ന ഹസനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ചിലര്‍ കല്ലെടുത്ത് എറിയുകയുമുണ്ടായി.
ഫൈനല്‍ മത്സരത്തില്‍ ഹസന്‍റെ ടീം ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്നതിനിടെ എതിർ ടീമിന്റെ ആരാധകർ വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി നല്‍കിയിട്ടുള്ളത്. താരത്തെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് താരം ദൃശ്യങ്ങളടക്കമുൾപ്പെട്ട പരാതി മലപ്പുറം എസ്പിക്ക് സമർപ്പിച്ചത്.