Fri. Nov 22nd, 2024

ഡൽഹി: അശ്ലീല ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ച 18 ഒടിടി പ്ലാറ്റുഫോമുകൾ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചു. 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ (ഗൂഗിൾ പ്ലേ സ്റ്റോറിലെ ഏഴും ആപ്പിൾ ആപ്പ് സ്‌റ്റോറിലെ മൂന്നും), 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്ക്കും രാജ്യത്ത് വിലക്കേർപ്പെടുത്തി.

പല പ്ലാറ്റ്ഫോമുകളും അശ്ലീലദൃശ്യങ്ങൾക്കൊപ്പം സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോകളും ചിത്രീകരിച്ചിരിക്കുന്നതായാണ് കണ്ടെത്തൽ. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങൾ തുടങ്ങിയ തലക്കെട്ടുകളോടുകൂടിയും വീഡിയോകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വീഡിയോകളിൽ ലൈംഗിക പ്രവർത്തികളും നഗ്നതയും ഉൾപ്പെടുത്തിയതിനുമാണ് നടപടി.

ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.
വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും ആളുകളെ ആകർഷിക്കാൻ വേണ്ടി പുറത്തുവിട്ട വീഡിയോ ക്ലിപ്പുകൾ, ലിങ്കുകൾ എന്നിവ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കു നേരെയും നടപടിയുണ്ട്.

12 ഫേസ്ബുക്ക് അക്കൗണ്ടുകൾ, 17 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, 16 എക്സ് അക്കൗണ്ടുകൾ, 12 യൂട്യൂബ് അക്കൗണ്ടുകൾ എന്നിവയ്ക്കെതിരെയാണ് നടപടി ഉണ്ടായിട്ടുള്ളത്.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡാ, ട്രൈ ഫ്ലിക്കുകൾ, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, മോജ് ഫ്ലിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂഗി, ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നിരോധിച്ച ഒടിടി പ്ലാറ്റ്‌ഫോമുകള്‍.