Tue. May 7th, 2024

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌ പോര്‍ട്ടല്‍ തുറന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ എന്നിവർക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ എത്തിയ ആറ് ന്യൂനപക്ഷ സമുദായങ്ങൾക്കാണ് ഈ നിയമം പൗരത്വം നല്‍കുന്നത്.

1955 ലെ നിയമ പ്രകാരം 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവര്‍ക്കാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം ഇത് ആറുവര്‍ഷമായി കുറച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2021-22 ല്‍ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട 1414 പേര്‍ക്ക് 1955 ലെ ഭേദഗതി ചെയ്ത പൗരത്വ നിയമ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ട്.