ലോസ് ആഞ്ചൽസ്: ഓസ്കർ വേദിയില്‍ ഗാസയ്ക്ക് പിന്തുണയുമായി താരങ്ങള്‍ ചുവന്ന ബാഡ്ജ് ധരിച്ചെത്തി. വെടിനിർത്തലിനായി ആഹ്വാനം ചെയ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പല താരങ്ങളും ചുവന്ന ബാഡ്ജ് ധരിച്ചെത്തിയത്. ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചവരില്‍ ഗായിക ബില്ലി ഐലിഷ്, നടന്‍ റമി യൂസഫ് എന്നിവരായിരുന്നു പ്രമുഖർ.
“നമുക്ക് കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കാം. കൂടുതല്‍ യുദ്ധങ്ങള്‍ക്ക് നമുക്ക് ഭാഗമാകാതിരിക്കാം” എന്ന് റമി യൂസഫ് പറഞ്ഞു.
വെടിനിർത്തലിന് ആഹ്വാനം ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട നിരവധി കലാകരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് താരങ്ങള്‍ ചുവന്ന ബാഡ്ജ് ധരിച്ചെത്തിയത്.
ഗാസയില്‍ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഓസ്കർ വേദിക്ക് പുറത്ത് പ്രതിഷേധ സമരം നടന്നു. കുറഞ്ഞത് മൂന്ന് പ്രതിഷേധ സമരം നടന്നിട്ടുണ്ടെന്നാണ് ലോസ് ഏഞ്ചലസ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. ഡോള്‍ബി തിയേറ്ററിന് കുറച്ച് അകലെ നടന്ന പ്രകടനത്തില്‍ കുറഞ്ഞത് 500 മുതല്‍ 700 പേര് വരെ പങ്കെടുത്തിട്ടുണ്ടെന്നാണ് ക്യാപ്റ്റന്‍ കെല്ലി മുനിസ് പറഞ്ഞത്.