Sat. Apr 27th, 2024

മും​ബൈ: മാ​വോ​വാ​ദി ബ​ന്ധവുമായി ബ​ന്ധപ്പെട്ട കേ​സി​ൽ ശിക്ഷിക്കപ്പെട്ട ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ ജി​എ​ൻ സാ​യി​ബാ​ബ നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി. വിധി വന്ന് രണ്ടുദിവസത്തിന് ശേഷമാണ് ജയിലിൽ നിന്ന് മോചിതനാകുന്നത്.

ആരോഗ്യം വളരെ മോശമാണെന്നും ചികിത്സ തേടിയ ശേഷം സംസാരിക്കാമെന്നും ആയിരുന്നു ജയിലിൽ നിന്നിറങ്ങിയ സാ​യി​ബാ​ബ പ്രതികരിച്ചത്.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ചൊവ്വാഴ്ചയാണ് സായിബാബയോടൊപ്പം അഞ്ച് പ്രതികളെയും കുറ്റവിമുക്തരാക്കിയത്.

അപ്പീൽ സാധ്യതയുള്ളതിനാൽ 50,000 രൂപ കെട്ടിവെച്ചിട്ടും സാ​യി​ബാ​ബയുടെ മോചനം നീട്ടികൊണ്ടു പോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ മെയിൽ നാഗ്പുർ സെൻട്രൽ ജയിലിൽ ലഭിക്കാത്തതിനെ തുടർന്നാണ് മോചനം വൈകിപ്പിച്ചത് .

2014 ലാണ് സായിബാബ ആദ്യം അറസ്റ്റിലായത്. റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയാണ് ഇതെന്നായിരുന്നു ആരോപണം.

2016ൽ ജാമ്യം കിട്ടിയെങ്കിലും 2017 ൽ വീണ്ടും അറസ്റ്റിലായി. പ്രത്യേക വിചാരണ കോടതി ജീവപര്യന്തം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിധിച്ചു.