കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായി. വിചാരണ തുടങ്ങാനിരിക്കെയാണ് എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് രേഖകൾ കാണാതായത്.
കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മുറിവ് സർട്ടിഫിക്കറ്റ് തുടങ്ങിയ പത്തിലേറെ രേഖകളാണ് കാണാതായത്. രേഖകൾ കാണാതായ കാര്യം ഹൈക്കോടതിയെ അറിയിച്ചു. രേഖകൾ പുനഃസൃഷ്ടിക്കാൻ ഹൈക്കോടതി ജില്ല ജഡ്ജിക്ക് നിർദേശം നൽകി. ഇതിനായുള്ള നടപടികൾ സെഷൻസ് കോടതിയിൽ ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് രേഖകൾ നഷ്ടപ്പെട്ടതായി സെഷൻസ് കോടതി അധികൃതർ ഹൈക്കോടതിയെ അറിയിച്ചത്.
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ 2018 ജൂലൈ രണ്ടിനാണ് കൊലപ്പെടുത്തിയത്.