Sun. Dec 22nd, 2024

രവി തേജ കേന്ദ്ര കഥാപാത്രമായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക്  പുറത്തിറങ്ങി. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിക്കുന്ന ചിത്രം വംശിയാണ് സംവിധാനം ചെയ്യുന്നത്. രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്ക് കുറുകെയുള്ള ഹാവലോക്ക് പാലത്തിന് മുകളില്‍ വെച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക് റിലീസിനായി ഒരു ട്രെയിനും വാടകയ്‌ക്കെടുത്തിരുന്നു. ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ രവി തേജയാണ് പോസ്റ്ററിലുള്ളത്. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ചു താരങ്ങളുടെ വോയ്‌സ് ഓവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനും, തെലുങ്കില്‍ വെങ്കടേഷും, ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും, കന്നഡയില്‍ ശിവ രാജ്കുമാറും, തമിഴില്‍ കാര്‍ത്തിയുമാണ് വോയ്‌സ് ഓവറുകള്‍ നല്‍കിയിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പറയുന്നപോലെ യഥാര്‍ത്ഥ കേട്ടുകേള്‍വികളില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത്. ‘മാനുകളെ വേട്ടയാടുന്ന പുലികളെ കണ്ടുകാണും, പുലിയെ വേട്ടയാടുന്ന പുലിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?’ എന്ന രവി തേജയുടെ ഡയലോഗ് ടൈഗര്‍ എന്ന കഥാപാത്രത്തിന്റെ കാര്‍ക്കശ്യമേറിയ സ്വഭാവം വെളിപ്പെടുത്തുന്നതാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം