Thu. Jan 23rd, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗെ. ‘മോദി വിഷപ്പാമ്പ്’ ആണെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. കര്‍ണാടകയില്‍ ഗദകിലെ റോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ‘മോദി വിഷപ്പാമ്പിനെ പോലെയാണ്. അതു വിഷമുള്ളതാണോ അല്ലയോ എന്ന് പരീക്ഷിക്കാന്‍ ശ്രമിക്കേണ്ട. അതു രുചിച്ചാല്‍ നിങ്ങള്‍ മരിക്കുമെന്നായിരുന്നു റാലിക്കിടെ ഖാര്‍ഗെ പറഞ്ഞത്. എന്നാല്‍ വിഷയത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കിയതോടെ ഖാര്‍ഗെ പ്രസ്താവന തിരുത്തി. താന്‍ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ലെന്നും ബിജെപിയുടെ ആദര്‍ശത്തെയാണ് വിമര്‍ശനത്തിലൂടെ ലക്ഷ്യമാക്കിയതെന്നായിരുന്നു തിരുത്തല്‍. ആരുടെയും വികാരത്തെ വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. അറിഞ്ഞോ അറിയാതെയോ ആരുടെയെങ്കിലും വികാരത്തെ വേദനിപ്പിച്ചെങ്കില്‍ അതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗെ മര്യാദ ലംഘിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മാദിയെ പല പേരുകളില്‍ വിളിക്കാന്‍ ഖാര്‍ഗെക്ക് പ്രത്യേക പ്രേരണയുണ്ടെന്ന് ബിജെപിയില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതലവഹിക്കുന്ന കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. മോദിക്കെതിരെ മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ‘ദുര്യോധനന്‍’, ചായ്‌വാല, ഭസ്മാസുരന്‍, നുണശീലന്‍, രാവണന്‍ തുടങ്ങിയ വിശേഷണങ്ങളും ഓര്‍മിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പറഞ്ഞത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം