Mon. Dec 23rd, 2024

വന്ദേഭാരത് സ്റ്റേഷൻ പട്ടികയിൽ നിന്നും തിരൂരിനെ ഒഴിവാക്കിയതിനെതിരെ മുസ്ലിം ലീഗും സിപിഎമ്മും പ്രതിഷേധത്തിലേക്ക്. ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പുണ്ടായിരുന്നു. രണ്ടാമത്തെ തവണ നിർത്തിയിരുന്നില്ല. തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സിപിഎം ഇന്ന് വൈകീട്ട് തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. യൂത്ത് കോൺഗ്രസും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറത്തെ പ്രധാനപ്പെട്ട സ്റ്റേഷനായിട്ടും ഇതുവഴി കടന്നു പോകുന്ന പല പ്രധാനപ്പെട്ട ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ്പില്ലാത്തതും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

 

അതേസമയം  വന്ദേഭാരത് എക്സപ്രസിന്‍റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് ആരംഭിച്ചത്. തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന്  1590 രൂപയാണ്, എക്സിക്യൂട്ടീവ് കോച്ചിന്  2880 രൂപയാണ് നിരക്ക്. ഇന്നലെയാണ്  വന്ദേഭാരതിന്‍റെ സമയക്രമം പ്രസിദ്ധീകരിച്ചത്. ഷൊർണ്ണൂരിൽ സ്റ്റോപ്പുണ്ടാകും. പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് കാസർകോട് എത്തും.വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിലാണ് സർവീസ്. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.