കൊച്ചി: കേരളാ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണര്‍. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഇതിന്റെ ഭാഗമായി രണ്ടായിരത്തില്‍ അധികം പൊലീസുകാരെ വിന്യസിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയെന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത് വന്നു. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോര്‍ന്നുവെന്നതില്‍ എഡിജിപി ഇന്റലിജന്‍സ് ടികെ വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം. അതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.